‘നാരായണൻ്റെ സംസ്കാരത്തിൽ സേവാഭാരതിക്ക് പങ്കില്ല’; മുൻ ആർഎസ്എസ് പ്രവർത്തകൻ്റെ മൃതദേഹം സംസ്കരിച്ച സംഭവത്തിൽ ബിജെപി വാദം പൊളിക്കാൻ രേഖകൾ പുറത്തുവിട്ട് ഇർഫാന ഇഖ്ബാൽ
● ശൈഖ് സായിദ് വൃദ്ധസദനമാണ് നാരായണൻ്റെ ചികിത്സയും സംസ്കാരവും ഏറ്റെടുത്തത്
● സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന് സഹോദരി കത്ത് നൽകിയിരുന്നു
● ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന നാരായണനെ കാറിൻ്റെ വെളിച്ചത്തിലാണ് കുളിപ്പിച്ചത്
● ആംബുലൻസ് വാടകയായ 12,000 രൂപ നൽകിയതും ശൈഖ് സായിദ് ഫൗണ്ടേഷനാണ്
● ചിത്രം വൈറലായതാണ് ബിജെപിയുടെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമെന്ന് ഫൗണ്ടേഷൻ
കാസർകോട്: (KasargodVartha) മുൻ ആർഎസ്എസ് പ്രവർത്തകൻ നാരായണൻ തോട്ടത്തോടിയുടെ (64) സംസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപിക്ക് മറുപടിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ രംഗത്ത്. മൃതദേഹം സംസ്കരിച്ചതും അതിൻ്റെ മുഴുവൻ ചെലവുകൾ വഹിച്ചതും സേവാഭാരതിയാണെന്ന ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനിയുടെ വാദങ്ങൾ ഇർഫാന തള്ളിക്കളഞ്ഞു. തൻ്റെ വാദങ്ങൾ തെളിയിക്കുന്നതിനായി നാരായണൻ്റെ കുടുംബത്തിൻ്റെ സമ്മതപത്രവും ആശുപത്രി രേഖകളും പൊലീസ് റിപ്പോർട്ടും വാർത്താസമ്മേളനത്തിൽ അവർ പുറത്തുവിട്ടു. തൻ്റെ നേതൃത്വത്തിലുള്ള ശൈഖ് സായിദ് ഫൗണ്ടേഷനാണ് ചികിത്സയും സംസ്കാരവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുത്തതെന്ന് അവർ രേഖകൾ സഹിതം വ്യക്തമാക്കി. ഈ വിവാദം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡയരക്ടർ കൂക്കൾ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ കാസർകോട് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കുടുംബത്തിൻ്റെ സമ്മതപത്രവും രേഖകളും പുറത്ത്
കോഴിക്കോട് മെഡിക്കൽ കോളജിൽ വായയിലെ കാൻസറിന് ചികിത്സയിലായിരുന്ന നാരായണൻ ജൂൺ 25-നാണ് മരിച്ചത്. പിറ്റേദിവസം മീഞ്ച പഞ്ചായത്തിലെ രുദ്രഭൂമി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മൃതദേഹം ഏറ്റെടുക്കാനും സംസ്കരിക്കാനുമുള്ള ചുമതല ഉപ്പളയിലുള്ള ശൈഖ് സായിദ് വൃദ്ധസദനത്തിന് നൽകിക്കൊണ്ട് നാരായണൻ്റെ സഹോദരി സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് ബിജെപി വാദങ്ങളെ പൊളിക്കാൻ ഇർഫാന പുറത്തുവിട്ടത്.

'രോഗം മൂർച്ഛിച്ച് നിസ്സഹായാവസ്ഥയിലായപ്പോൾ നോക്കാൻ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ശൈഖ് സായിദ് വൃദ്ധസദനം അധികൃതർ സ്വന്തം ചെലവിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർചികിത്സയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മൃതദേഹം ഏറ്റെടുക്കാനോ സംസ്കരിക്കാനോ ഞങ്ങൾക്ക് കഴിയില്ല. അതിനാൽ ശൈഖ് സായിദ് ഓൾഡ് ഏജ് ഹോം അധികൃതർ തന്നെ മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾ നടത്തണമെന്ന് അപേക്ഷിക്കുന്നു' എന്നാണ് ഈ കത്തിലുള്ളത്.

കാറിലെ വെളിച്ചത്തിൽ കുളിപ്പിച്ചു; ദയനീയ അവസ്ഥ
മരിക്കുന്നതിന് ഏറെ മുമ്പ് തന്നെ നാരായണൻ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് ഇർഫാനയുടെ ഭർത്താവും ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ കെ എഫ് ഇഖ്ബാൽ പറഞ്ഞു. ശൈഖ് സായിദ് വൃദ്ധസദനം നടത്തുന്ന ഇർഫാനയെ ചിഗുരുപാദെ വാർഡ് മെമ്പർ ശരീഫ് ചിനാലാണ് നാരായണൻ്റെ ദുരവസ്ഥ വിവരമറിയിച്ചത്. തങ്ങൾ അവിടെ എത്തുമ്പോൾ ഏഴു ദിവസമായി ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കഴിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹമെന്ന് ഇർഫാന വ്യക്തമാക്കി.
സ്ഥലത്ത് വെളിച്ചമില്ലാത്തതിനാൽ കാറിൻ്റെ ഹെഡ്‌ലൈറ്റ് തെളിച്ചാണ് വൃത്തിഹീനമായ ചുറ്റുപാടിൽ കിടന്നിരുന്ന അദ്ദേഹത്തെ കുളിപ്പിച്ചതെന്ന് ഇഖ്ബാൽ ഓർമിപ്പിച്ചു. കുളിപ്പിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഇവിടെ വെള്ളത്തിന് ക്ഷാമമെന്നാണ് ചിലർ പറഞ്ഞതെന്ന് ഫൗണ്ടേഷൻ വളൻ്റിയർ മഹ്‌മൂദ് കൈകമ്പയും വെളിപ്പെടുത്തി. തുടർന്ന് ജില്ലാ കളക്ടറുമായി ആലോചിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 315 വോട്ട് ലഭിച്ചതും 2015-2020 കാലയളവിൽ അവർ പ്രതിനിധീകരിച്ചതുമായ ചിഗുരുപാദെ വാർഡിലാണ് ഈ സംഭവമുണ്ടായത്. നാരായണൻ്റെ കാര്യത്തിൽ സേവാഭാരതി ആദ്യം മുതലേ ഇടപെട്ടിരുന്നെങ്കിൽ തങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ആ അവസ്ഥയിൽ എത്തുമായിരുന്നോ എന്ന് ഫൗണ്ടേഷൻ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സേവാഭാരതിയുടെ വാദം പൊളിയുന്നു?
കോഴിക്കോട് നിന്ന് മീഞ്ചയിലേക്ക് മൃതദേഹം എത്തിക്കാൻ 12,000 രൂപ നൽകി മറ്റൊരു സംഘടനയുടെ ആംബുലൻസ് വിളിച്ചത് തങ്ങളാണെന്ന് ഇഖ്ബാൽ വ്യക്തമാക്കി. നാരായണൻ്റെ മരണശേഷം ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്താൻ കൊണ്ടേവൂർ മഠത്തിലെ അഥവാ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിലെ അഡ്മിനിസ്ട്രേറ്റർ ഹർഷ ഐലയെ ഫൗണ്ടേഷൻ നേരിട്ട് ബന്ധപ്പെട്ടിരുന്നു. അദ്ദേഹമാണ് സേവാഭാരതി പ്രാദേശിക പ്രസിഡൻ്റായ രഘുവിനെ ഇതിനായി ചുമതലപ്പെടുത്തിയത്.
ശ്മശാനത്തിൻ്റെ ചുമതലയുള്ളത് കൊണ്ടാണ് രഘുവിനെ ഈ വിവരം ഏൽപ്പിച്ചതെന്നും, മറിച്ച് സേവാഭാരതി ഔദ്യോഗികമായി ഏറ്റെടുത്തിരുന്നെങ്കിൽ ഹിന്ദു സമുദായത്തിൽ നിന്ന് ഒന്നിൽ കൂടുതൽ പ്രവർത്തകർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും ഇഖ്ബാൽ ചൂണ്ടിക്കാട്ടി. ഹൈന്ദവ സമുദായത്തിൽ നിന്ന് രഘു മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. . കൊണ്ടേവൂർ മഠത്തിലെ സ്വാമി യോഗാനന്ദ സരസ്വതി ഫൗണ്ടേഷൻ്റെ ആറു മുഖ്യ രക്ഷാധികാരികളിൽ ഒരാളാണ്. മുമ്പ് ഉപേക്ഷിക്കപ്പെട്ട 12 പേരുടെ മൃതദേഹങ്ങൾ ആശ്രമത്തിൻ്റെ നിർദേശപ്രകാരം ഫൗണ്ടേഷൻ സംസ്കരിച്ചിട്ടുണ്ടെന്ന് ഡയറക്ടർ കൂക്കൾ ബാലകൃഷ്ണൻ അറിയിച്ചു.
വിവാദങ്ങൾക്ക് പിന്നിലെ കാരണം
ബുർഖ ധരിച്ച ഒരു മുസ്ലിം സ്ത്രീ മുൻ ആർഎസ്എസ് പ്രവർത്തകൻ്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമെന്ന് കൂക്കൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. എന്നാൽ അനാഥയായി വളർന്ന ഇർഫാനയ്ക്ക് ഇത്തരം കാര്യങ്ങൾ പുതിയതല്ലെന്നും, സാമൂഹിക സൗഹാർദം നിലനിർത്താൻ ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാവിലെ 11 മണിക്ക് എത്തേണ്ടിയിരുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് എത്തിയതെന്നും, അതിനാൽ ആദ്യം വന്നിരുന്ന പലരും പിരിഞ്ഞുപോയിരുന്നുവെന്നും ഹർഷ ഐല പ്രതികരിച്ചു. എങ്കിലും, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോ അയൽക്കാരോ പോലും സംസ്കാരത്തിന് എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ദാരിദ്ര്യം കൊണ്ടു മാത്രമല്ല അവർ വിട്ടുനിന്നതെന്ന് ഇതിൽനിന്നും വ്യക്തമാണ്. വാർത്താ സമ്മേളനത്തിൽ ഷെയ്ഖ് സാഇദ് വൃദ്ധ സദനം ഓർഗനൈസർ സാബിറ എവറസ്‌റ്റും പങ്കെടുത്തു
രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ ഇത്തരം വാർത്തകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: IUML leader Irfana Iqbal released documents proving that the Sheikh Zayed Foundation, not Seva Bharati, conducted the funeral of former RSS worker Narayanan.
#KasaragodNews #IrfanaIqbal #IUML #BJP #SevaBharati #KeralaPolitics #SocialHarmony #AparnaNews






