city-gold-ad-for-blogger

യുവാവിന്റെ മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

യുവാവിന്റെ മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ചെറുവത്തൂര്‍: അട്ടേങ്ങാനം സ്വദേശിയായ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അട്ടേങ്ങാനത്തെ കൃഷ്ണന്റെ മകനും മൊബൈല്‍ മെക്കാനിക്കുമായ സുഭാഷി(26)നെയാണ് ജൂലായ് 29 ന് രാത്രി 11.30 മണിയോടെ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍പാളത്തില്‍ ദേഹമാസകലം പരിക്കുകളോടെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായിരുന്ന സുഭാഷിനെ പരിസരവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തീവണ്ടിയില്‍ നിന്നും തെറിച്ചുവീണാണ് സുഭാഷ് മരണപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ സുഭാഷ് തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നില്ലെന്ന് പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ജൂലായ് 29ന് രാത്രി സുഭാഷ് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ക്കൊപ്പം കാഞ്ഞങ്ങാട്ടെത്തി ബാറില്‍ നിന്നും മദ്യപിച്ച ശേഷം ബസില്‍യാത്ര ചെയ്യുകയും ഇവര്‍ക്കൊപ്പം ചെറുവത്തൂരില്‍ ഇറങ്ങുകയുമായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിനരികിലൂടെ നടന്ന് പോകുമ്പോള്‍ സുഭാഷ് തീവണ്ടി തട്ടി മരിച്ചതാണെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. സുഭാഷിന്റെ രണ്ട് സുഹൃത്തുക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു.തങ്ങള്‍ക്കൊപ്പം റെയില്‍പാളത്തിനരികിലൂടെ നടന്ന് വരുമ്പോള്‍ സുഭാഷ് അബദ്ധത്തില്‍ പാളത്തിലേക്ക് കടന്നുവെന്നും ഇതേ തുടര്‍ന്നാണ് സുഭാഷ് തീവണ്ടി തട്ടി മരിച്ചതെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിന് മൊഴിനല്‍കിയത്. ഇവരുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

സുഭാഷിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. തീവണ്ടി തട്ടിയത് മൂലമാണ് സുഭാഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ സുഭാഷ് മരണപ്പെടാന്‍ ഇടയായ സാഹചര്യത്തെ കുറിച്ചുള്ള സംശയം നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.

Keywords: Youth's death, Attainganam, Cheruvathur, Police enquiry, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia