Disaster Management | ദുരന്തനിവാരണത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് അന്തർദേശീയ അംഗീകാരം; പ്രസിഡന്റ് വി വി സജീവൻ ഏറ്റുവാങ്ങും
● ഏഷ്യാ പസിഫിക് മേഖലയിൽ നിന്ന് നാല് പേർ മാത്രമാണ് ഈ ബഹുമതിക്ക് അർഹരായിട്ടുള്ളത്.
● സംരക്ഷണത്തിന്റെ ഭാഗമായി 75000 കാറ്റാടി തൈകൾ കടൽത്തീര മേഖലയിൽ വെച്ച് പിടിപ്പിച്ചു.
വലിയപറമ്പ്: (KasargodVartha) ദുരന്തനിവാരണവും കാലാവസ്ഥാ വ്യതിയാനവും മുൻനിർത്തി വലിയപറമ്പ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ അംഗീകാരം ലഭിച്ചു. ഒക്ടോബർ 14 മുതൽ 18 വരെ ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയൽ കോൺഫറൻസ് ഓൺ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (Ministerial Conference on Disaster Risk Reduction) സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ (VV Sajeevan, Valiyaparamba) ഈ അംഗീകാരം ഏറ്റുവാങ്ങും.
ലോക ശ്രദ്ധയിൽ വലിയപറമ്പ്
ഈ സമ്മേളനത്തോടനുബന്ധിച്ച് എഷ്യൻ ഡിസാസ്റ്റർ റിഡക്ഷൻ ആന്റ് റെസ്‌പോണ്‍സ് നെറ്റ്‌വർക്ക് (Asian Disaster Reduction and Response Network) എന്ന അന്തർദേശീയ സംഘടന നടത്തിയ മത്സരത്തിലാണ് വലിയപറമ്പ് ഈ അംഗീകാരത്തിന് അർഹമായത്. പ്രാദേശിക തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ ഈ മത്സരത്തിൽ വലിയപറമ്പിന്റെ പദ്ധതികൾ ജൂറി അംഗീകരിച്ചു. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിലെ നേതൃപരമായ പങ്കിനുള്ള അംഗീകാരമായി പ്രസിഡന്റ് വി.വി. സജീവന് ദുരന്ത നിവാരണ വിഭാഗങ്ങളിലെ ലോക്കൽ ചാമ്പ്യൻ പട്ടം നൽകി ആദരിക്കും. കാസർകോട് ജില്ലാ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ മുൻ ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ദുരന്ത നിവാരണ പ്ലാൻ കോർഡിനേറ്റർ അഹമ്മദ് ഷഫീക്ക് എന്നിവരാണ് ഈ മത്സരത്തിലേക്ക് വി.വി. സജീവന്റെ പേര് നാമനിർദ്ദേശം ചെയ്തത്.
കടലിനെ അതിജീവിക്കാനുള്ള പോരാട്ടം
കടലിനാലും കായലിനാലും ചുറ്റപ്പെട്ട ഒരു തീരദേശ സമൂഹമായ വലിയപറമ്പ് തങ്ങളുടെ അതിജീവനത്തിനായി ഒരേ മനസ്സോടെ, സുസ്ഥിരതയിൽ ഊന്നി നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് കാരണം.
തീരശോഷണം തടയുന്നതിനായി ‘കടൽ തീരത്തിനൊരു ഹരിത കവചം’ എന്ന പേരിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സ്വന്തം നഴ്സറിയിൽ തയ്യാറാക്കിയ 75000 കാറ്റാടി തൈകൾ കടൽത്തീര മേഖലയിൽ വെച്ച് പിടിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് 24 കി.മീറ്റർ ദൈർഘ്യമുള്ള കടലോരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്‍തിട്ടയുണ്ടാക്കി അതിൽ കയർ ഭൂവസ്ത്രം വിരിച്ച് അടമ്പാൻ വള്ളി നട്ടുള്ള ഹരിത കവചം ഒരുക്കാൻ തീരുമാനിച്ചത്. ദ്രവ മാലിന്യ സംസ്‌കരണത്തിന് മാതൃകയായി മുഴുവൻ വീടുകളിലും പഞ്ചായത്ത് മുൻകൈ എടുത്ത് സോക്‌പിറ്റ് നിർമ്മിച്ചു നൽകി. ഉപ്പുവെള്ളം കയറി കൃഷി നശിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ബണ്ട് കെട്ടിയും കുളങ്ങളുടെയും തോടുകളുടെയും സംരക്ഷണ ഭിത്തി കയർ ഭൂവസ്ത്രം വിരിച്ച് സുരക്ഷിതമാക്കുകയും, കുടിവെള്ളം ശുദ്ധീകരിക്കാനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി മാടക്കാൽ പ്രദേശത്ത് കണ്ടൽകാട് പദ്ധതി നടപ്പിലാക്കുകയും ചെയ്തു.
കണ്ടല്‍കാടുകളെ കുറിച്ച് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കാനും, തീരശോഷണത്തിന് പ്രതിരോധം തീർക്കാനും ഒപ്പം പഞ്ചായത്ത് നിവാസികളായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങളും അതുവഴി വരുമാനം വർധിപ്പിക്കുവാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുനെസ്‌കോ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയിലേക്ക് വലിയപറമ്പ് ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന രീതിയിൽ പ്രാദേശികമായി ഒരു ദുരന്ത നിവാരണ സന്നദ്ധ സേന രൂപീകരിക്കുന്നതിനും പരിശീലനം ഉൾപ്പെടെ നൽകി അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്തിന് സാധിച്ചു. ഇവയെല്ലാം പരിഗണിച്ചാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ എന്ന നിലയില്‍ വി വി സജീവനെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്.
അന്തർദേശീയ അംഗീകാരം മനിലയിലെ ഫിലിപ്പൈൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 14 ന് വൈകീട്ട് അഞ്ചിന് വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങിൽ വി.വി. സജീവൻ ആദരവ് ഏറ്റുവാങ്ങും. ഏഷ്യാ പസിഫിക് മേഖലയിൽ നിന്ന് നാല് പേർ മാത്രമാണ് ഈ ബഹുമതിക്ക് അർഹരായിട്ടുള്ളത്. ഫിലിപ്പൈന്‍സില്‍ നിന്നും മരിയ ഫെ മാരവില്ലാസ്, സെനിത്ത് ബല്ലേര്‍ട്ട, ഇൻഡോനേഷ്യയില്‍ നിന്നുള്ള യുസ്റ്റീന വാര്‍ഡാനി എന്നിവരാണ് മറ്റ് മൂന്ന് പേര്‍.
#Valiyaparamba #DisasterManagement #InternationalAward #Sustainability #Philippines #CommunityLeadership