Police's Gift | മോഷണം പോയ സൈകിൾ കണ്ടെത്താനായില്ല; അഭിജിതിന് പുത്തനൊരെണ്ണം തന്നെ സമ്മാനിച്ച് പൊലീസ്
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂളിൽ പോവുകയും വരുകയും ചെയ്തിരുന്ന തന്റെ പ്രിയപ്പെട്ട സൈകിൾ നഷ്ടപ്പെട്ടതിന്റെ സങ്കടവുമായാണ് കാഞ്ഞങ്ങാട് സൗത് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കല്ലൂരാവിയിലെ അഭിജിതും മാതാവ് ശ്രീജയും ഒരാഴ്ച മുമ്പ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി സ്വീകരിച്ച എസ് എച് ഒ എംപി ആസാദ് സൈകിൾ കണ്ടെത്താമെന്ന് വാക്ക് നൽകി തിരിച്ചയച്ചു.
എന്നാൽ പല നിലക്കും അന്വേഷണം നടത്തിയെങ്കിലും പൊലീസിന് സൈകിൾ കണ്ടെത്താനായില്ല. ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ സൈകിള്‍ നഷ്ടപ്പെട്ടതിലുള്ള അഭിജിതിന്റെ വേദന പക്ഷെ പൊലീസിന് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല. ഒടുവിൽ, കലങ്ങിയ കണ്ണുകളോടെ കഴിഞ്ഞിരുന്ന അഭിജിതിന് പുത്തൻ സൈകിൾ തന്നെ സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ ഹൊസ്ദുർഗ് പൊലീസ്.
ഹൊസ്ദുർഗ് പൊലീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിദ്യാർഥിക്ക് സ്നേഹ സമ്മാനം നൽകാൻ തീരുമാനിച്ചത്. പുതുതായി വാങ്ങിയ സൈകിൾ അഭിജിതും അമ്മ ശ്രീജയും സ്റ്റേഷനിൽ നിന്നും ഏറ്റുവാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് പോകുമ്പോൾ കാക്കിക്കുള്ളിലെ മനസുകളും നിറഞ്ഞു.
സമൂഹത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നിരാലംബർക്ക് വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ തണലായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും സ്വന്തം പണം ഉപയോഗിച്ചാണ് ആവശ്യക്കാർക്ക് സഹായം നൽകാറുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഹൊസ്ദുർഗ് സ്റ്റേഷനിലെ പൊലീസുകാരുടെ നന്മ.