Inspection | ഓണക്കാലത്തോടനുബന്ധിച്ച് മാർക്കറ്റുകളിൽ പരിശോധന
● ലൈസന്‍സ് പരിശോധനയ്ക്ക് ഹാജരാകാത്ത സ്ഥാപനയുടമകള്‍ക്കെതിരെ നോട്ടീസ് നല്‍കി.
കാസർകോട്: (KasargodVartha) ഓണക്കാലത്തോടനുബന്ധിച്ച് കാസർകോട് മാർക്കറ്റുകളിൽ റവന്യൂ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. 36 കടകളിൽ പരിശോധന നടത്തിയതിൽ 15 കടകളിൽ ക്രമക്കേട് കണ്ടെത്തി.
പരിശോധനയുടെ ഉദ്ദേശ്യം ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് വിലക്കയറ്റം ഒഴിവാക്കുകയും നല്ല ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയുമാണ്. ലൈസന്‍സ് പരിശോധനയ്ക്ക് ഹാജരാകാത്ത സ്ഥാപനയുടമകള്‍ക്കെതിരെ നോട്ടീസ് നല്‍കി. അധിക വില രേഖപ്പെടുത്തിയ കടകളില്‍ കൃത്യമായ വില രേഖപ്പെടുത്താനും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് വില വിവരം പ്രദര്‍ശിപ്പിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കി.
എ.ഡി.എം പി. അഖിൽ, ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ കൃഷ്ണനായിക്, റേഷനിംഗ് ഇൻസ്‌പെക്ടർ ദിലീപ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ രമ്യ എന്നിവർ അടങ്ങുന്ന സംഘമാണ് കാസർകോട് പരിശോധന നടത്തിയത്.
അതുപോലെ വെള്ളരിക്കുണ്ട് താലൂക്കിൽ തഹ്‌സില്‍ പി വി മുരളിയുടെ നേതൃത്വത്തിൽ 28 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ ആറ് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസർ അജിത് കുമാർ, റേഷൻ ഇൻസ്‌പെക്ടർ ജാസ്മിൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ വിനു കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ജില്ലയിലുടനീളം പരിശോധനകൾ തുടരും, ഉപഭോക്താക്കൾ ഓണക്കാലത്ത് ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ഉറപ്പുവരുത്തും.
#Kasaragod #Onam #MarketInspection #ConsumerProtection #Kerala #PriceHike #Violation