Criticism | വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകാര്യമല്ല: വിവരാവകാശ കമ്മീഷണർ
സർക്കാർ ഓഫീസുകളിൽ വിവരാവകാശ നിയമപ്രകാരം ഫയലുകൾ ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതും ലഭ്യമാക്കേണ്ടതുമാണ്. നിയമം നിശ്ചയിച്ച സമയപരിധിയിൽ വിവരങ്ങൾ നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാസർകോട്: (KasargodVartha) വിവരാവകാശ നിയമപ്രകാരമുള്ള ഫയലുകളിൽ ‘വിവരം ലഭ്യമല്ല’ എന്ന മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ വിവരാവകാശ നിയമപ്രകാരം ഫയലുകൾ ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതും ലഭ്യമാക്കേണ്ടതുമാണ്. നിയമം നിശ്ചയിച്ച സമയപരിധിയിൽ വിവരങ്ങൾ നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അപ്പീൽ അപേക്ഷകളിൽ തെളിവെടുപ്പ് നടത്തവെയായിരുന്നു അദ്ദേഹം ഈ നിർദ്ദേശങ്ങൾ നൽകിയത്. വിവരങ്ങൾ നൽകാനായി 30 ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്നും പരമാവധി വേഗത്തിൽ വിവരങ്ങൾ നൽകാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൽകുന്ന വിവരങ്ങൾ വ്യക്തമായിരിക്കണം. ജില്ലയിൽ കൂടുതലായും രണ്ടാം തലത്തിലുള്ള അപ്പീലുകളാണ് ഉണ്ടാകുന്നത്. ഓഫീസുകളിലെ അപ്പീൽ അധികാരി നൽകുന്ന മറുപടിയിലും തൃപ്തരല്ലാത്ത അപേക്ഷകരാണ് കമ്മീഷന് മുന്നിലേക്ക് വരുന്നത്. ഓരോ ഓഫീസിലും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതാണ്. വിവിധ ഓഫീസുകളിൽ കമ്മീഷൻ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ നൽകുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ വിവരം അപേക്ഷകനെ നിശ്ചിത ദിവസങ്ങള്‍ക്കകം അറിയിക്കണമെന്നും കൂടുതൽ ഗൗരവത്തോടെ ഉദ്യോഗസ്ഥർ വിവരാവകാശം സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യണമെന്നും കമ്മീഷണർ നിർദ്ദേശിച്ചു. കമ്മീഷന് മുന്നിലെത്തുന്ന അപ്പീൽ അപേക്ഷകള്‍ വർധിക്കുന്നതിനാല്‍ ഇവ തീർപ്പാക്കുന്നതിനായി കമ്മീഷൻ വിവിധ ജില്ലകളിൽ കൂടുതൽ സിറ്റിങ്ങുകൾ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേയും കമ്മീഷൻ നടപടി സ്വീകരിക്കും.
തെളിവെടുപ്പിൽ പത്ത് അപ്പീൽ അപേക്ഷകള്‍ പരിഗണിച്ചു. അഞ്ച് എണ്ണം തീർപ്പാക്കി. അഞ്ച് പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഭൂമിയുടെ സ്‌കെച്ച്, ജീവനക്കാരൻ്റെ എൽ.പി.സി, ഫയൽ നമ്പർ തുടങ്ങിയവയിൽ കമ്മീഷന് ലഭിച്ച അപ്പീൽ അപേക്ഷകളിലാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലയിലെ വിവരാവകാശ നിയമ പ്രകാരം ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശില്പശാല സംഘടിപ്പിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
#RTI #Kerala #Transparency #Government #Accountability #PublicRecords #InformationCommissioner