Rental Hike | കാസർകോട് സ്റ്റേഡിയം വാടക വർധനവ്: ഗ്രീൻ സ്റ്റാർ ക്ലബുകൾ പ്രതിഷേധത്തിൽ
● മുസ്ലിം ലീഗ് ജില്ലാ സബ് കമ്മിറ്റി യോഗം, ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
● വാടക വർദ്ധനവ് കാരണം ചെറുകിട ക്ലബ്ബുകൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയാതായി വരും.
കാസർകോട്: (KasargodVartha) നഗരസഭ സ്റ്റേഡിയത്തിലെ മത്സരങ്ങൾക്കും മറ്റുള്ളവയ്ക്കും വാടക വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഗ്രീൻ സ്റ്റാർ ക്ലബുകൾ രംഗത്ത് വന്നു. മുസ്ലിം ലീഗ് ജില്ലാ സബ് കമ്മിറ്റി യോഗം, ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
കായികരംഗത്ത് വളർന്ന് വരുന്ന താരങ്ങളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ആരംഭിച്ച മുനിസിപ്പൽ സ്റ്റേഡിയം വെറും വരുമാന മാർഗ്ഗം മാത്രമാക്കി മാറ്റാൻ പാടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. വാടക വർദ്ധനവ് കാരണം ചെറുകിട ക്ലബ്ബുകൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയാതായി വരും. ഇത് കായികരംഗത്തെ പ്രോത്സാഹനത്തെ ബാധിക്കും. പരിശീലന പരിപാടികളും മത്സരങ്ങളും കൂടുതൽ സംഘടിപ്പിക്കാനുള്ള അവസരങ്ങളും തീരുമാനങ്ങളും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരസഭയുടെ ഈ തീരുമാനം കായികരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് കായിക താരങ്ങളുടെ സ്വപ്നങ്ങളെ തകർക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ ആശങ്ക പ്രകടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ ഹാരിസ് ചൂരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗിൻ്റെ വിവിധ ഘടകങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ സ്റ്റാർ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കാലോചിതമായ മാറ്റങ്ങൾ വരുത്തുവാനും യോഗം പരിപാടികൾ ആവിഷ്കരിച്ചു.
യോഗത്തിൽ അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, എം.ബി. ഷാനവാസ്, സയ്യിദ് താഹ തങ്ങൾ, സവാദ് അംഗടിമുഗർ ജംഷീർ ചിത്താരി എന്നിവർ സംസാരിച്ചു.
നിലവിലുള്ള ഗ്രീൻസ്റ്റാർ ക്ലബുകളുടെ വിവരശേഖരം നടത്തുന്നതിനായി അസീസ് കളത്തൂർ, സവാദ് അംഗഡിമുഗർ (മഞ്ചേശ്വരം), അഷ്റഫ് എടനീർ, അനസ് എതൃത്തോട് (കാസർകോട്), എം.ബി ഷാനവാസ്, ഇർഷാദ് മൊഗ്രാൽ (ഉദുമ), സയ്യിദ് ത്വാഹ തങ്ങൾ, ജംഷീർ ചിത്താരി (കാഞ്ഞങ്ങാട്), സഹീർ ആസിഫ്, വി.പി.പി ഷുഹൈബ് (തൃക്കരിപ്പൂർ) എന്നിവരെ ചുമതലപ്പെടുത്തി.
#Kasargod #GreenStar #StadiumRental #SportsCommunity #MuslimLeague #LocalProtest