'ഉദുമ ടെക്‌സ്‌റ്റൈല്‍ മില്ലില്‍ ഉല്‍പാദനം ഉടന്‍ ആരംഭിക്കണം'
Jul 2, 2012, 17:22 IST
കാസര്‍കോട്: ഉദുമ ടെക്‌സ്‌റ്റൈല്‍ മില്ലില്‍ ഉല്‍പാദനം ഉടന്‍ ആരംഭിക്കണമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ നിര്‍ദേശിച്ചു. ജില്ലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കാനായി എത്തിയ പി പ്രഭാകരന്‍ കമ്മിഷനുമുമ്പിലാണ് എംഎല്‍എ നിവേദനം നല്‍കിയത്. മൈലാട്ടിയില്‍ കിന്‍ഫ്രക്കായി നല്‍കിയ സ്ഥലത്ത് പുതിയ വ്യവസായമാരംഭിക്കണം. അടക്ക അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചുള്ള വ്യവസായ സ്ഥാപനം ആരംഭിക്കണം.
കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാന പാത അഭിവൃദ്ധിപ്പെടുത്തണം. പെര്‍ളടുക്ക അരമനപാടി ബാവിക്കര റോഡില്‍ അരമനപാടിയില്‍ പാലം നിര്‍മിക്കണം. കേന്ദ്ര സര്‍വകലാശാലക്ക് വിട്ടുനല്‍കിയ സ്ഥലത്ത് സ്ഥിരം ക്യാമ്പസിനുള്ള നടപടി ത്വരിതപ്പെടുത്തണം. കഴിഞ്ഞ ബജറ്റില്‍ ശുപാര്‍ശ ചെയ്ത മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രയോജനകരമായ വിധം ദുരിതബാധിത പഞ്ചായത്തും ജില്ലയുടെ ഏറെക്കുറെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ പെരിയയിലോ മുളിയാറിലോ സ്ഥാപിക്കണം. ദുരിതബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണം.
തച്ചങ്ങാട് ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കുകയും പെരിയ ഗവ. പോളിടെക്‌നിക് എന്‍ജിനിയറിങ് കോളേജായി ഉയര്‍ത്തണം. ബേക്കല്‍ ടൂറിസം പദ്ധതിയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ബേക്കല്‍ എയര്‍സ്ട്രിപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്യണം.
Keywords: Kasaragod, Uduma MLA K Kunhiraman, Collector.