Announcements | മലബാർ ദേവസ്വം ബോർഡ്, ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിവെപ്പ്, എം.കോം സീറ്റൊഴിവ്, അപകട ഭീഷണിയുള്ള മരങ്ങൾ... കാസർകോട്ടെ പ്രധാന അറിയിപ്പുകൾ
(KasargodVartha)
മലബാർ ദേവസ്വം ബോർഡ്: രേഖകൾ ഹാജരാക്കണം
മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനിൽ നിന്ന് ധനസഹായം കൈപ്പറ്റിവരുന്ന ആചാരസ്ഥാനികർ, കോലധാരികൾ എന്നിവർക്ക് 2023 ഏപ്രിൽ മുതലുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡ് നൽകിയ ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ എന്നിവ വലബാർ ദേവസ്വം ബോർഡ് നീലേശ്വരത്തുള്ള കാസർകോട് ഡിവിഷൻ ഓഫീസിൽ സെപ്റ്റംബർ ആറിനകം ഹാജരാക്കണം.
ഡ്രൈവിങ്ങ് ലേണേഴ്സ് ടെസ്റ്റ് മാറ്റിവെച്ചു
കാസർകോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന ഡ്രൈവിങ്ങ് ടെസ്റ്റ്, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് എന്നിവ വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ പ്രാദേശിക അവധിയായതിനാൽ മാറ്റിവെച്ചു. അടിയന്തിര പ്രാധാന്യമുള്ളവർ തെളിവ് സഹിതം സമീപിച്ചാല്‍ തീയതി മാറ്റി നൽകും. അല്ലാത്തവർ പുതുതായി അനുവദിച്ച ബുധൻ, ശനി ദിവസങ്ങളിലേക്ക് തീയ്യതി മാറ്റേണ്ടതാണെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
എം.കോം സീറ്റൊഴിവ്
മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവ. കോളേജില്‍ ഒന്നാം വർഷ എം.കോമില്‍ എസ്.സി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്ത് 30ന് വൈകീട്ട് മൂന്നിനകം കോളേജ് ഓഫീസില്‍ രേഖകള്‍ സഹിതം അപേക്ഷ നൽകണം. ഫോണ്‍- 9188900214.
അപകട ഭീഷണിയുള്ള മരങ്ങൾ ഉടമസ്ഥർ മുറിച്ച് നീക്കണം
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ ഉടമസ്ഥർ അടിയന്തരമായി മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും അല്ലാത്തവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ നിർവഹണസമിതി രൂപീകരണയോഗം 31ന്
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ നിർവഹണസമിതി രൂപീകരണയോഗം ആഗസ്ത് 31ന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മാലിന്യമുക്തം നവ കേരളം പ്രവർത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും ഈ വർഷം ഒക്ടോബർ രണ്ട് മുതൽ 2025 മാര്‍ച്ച് 30 വരെയുള്ള ജനകീയ ക്യാമ്പയിനിലൂടെ സമ്പൂർണ്ണ ശുചിത്വ സുസ്ഥിര കേരളം സജ്ജമാക്കുന്നതിനും സർക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വളരെ വിപുലമായ പ്രവർത്തനങ്ങളാണ് ഇതിനായി ആലോചിച്ചിട്ടുള്ളത്. വാതിൽ പടി ശേഖരണം 100 ശതമാനം ഉറപ്പാക്കാനും വേർതിരിച്ച് മാലിന്യം സംസ്‌കരിക്കാനും പൊതുയിടങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാനും ജനകീയ ഇടപെടലിലൂടെ ലക്ഷ്യമിടുന്നു. ഹരിത അയല്‍ക്കൂട്ടം, ഹരിത സ്ഥാപനങ്ങള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌കരണ രംഗത്ത് സമ്പൂര്‍ണ്ണത ഉറപ്പാക്കാനുള്ള കര്‍മ്മപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉപാധ്യക്ഷന്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തല നിര്‍വ്വഹണ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാനിര്‍വ്വഹണ സമിതി രൂപീകരണ യോഗം നടക്കുന്നത്.
സ്‌പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ കൂടികാഴ്ച സെപ്റ്റംബർ 10ലേക്ക് മാറ്റി
കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ കൊറഗ സ്‌പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ തസ്തികയിലേക്കുള്ള നിയമനം കൂടികാഴ്ച സെപ്റ്റംബർ 10ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റർവ്യു കോള്‍ ലെറ്ററില്‍ പറഞ്ഞിരിക്കുന്ന രേഖകളുമായി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ എത്തിച്ചേരണം. ഫോണ്‍- 9447595260.
ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍ ട്രേഡില്‍ സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നീലേശ്വരം വള്ളിക്കുന്ന് ഗവ. ഐ.ടി.ഐ യില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തിൽ ഏതാനും ഒഴിവുകള്‍ ഉണ്ട്. താല്‍പര്യമുള്ളവർ അസ്സല്‍ രേഖകള്‍ സഹിതം രക്ഷിതാവിനൊപ്പം ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍-9496815907, 9847089552.
തദ്ദേശ അദാലത്ത് സംഘാടക സമിതി യോഗം ഇന്ന് (ആഗസ്ത് 30ന്)
തദ്ദേശ അദാലത്ത് സംഘാടക സമിതി യോഗം ഇന്ന് ആഗസ്ത് 30ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും.
കാസര്‍കോട് ജില്ലയില്‍ ആഗസ്ത് 30ന് ഓറഞ്ച് അലര്‍ട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്ത് 29, 30 തീയ്യതികളില്‍ കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ആഗസ്ത് 31, സെപ്തംബര്‍ ഒന്ന്, രണ്ട് തീയ്യതികളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഈ അറിയിപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ...