city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ടിപി സ്‌റ്റോക്ക് സൈറ്റില്‍ നിന്നും അര്‍ധരാത്രിയില്‍ ലക്ഷങ്ങളുടെ മണ്ണ് മറിച്ചുവില്‍ക്കുന്നു; രഹസ്യക്കടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മണ്ണ് കടത്തുന്നത് കരാര്‍ കമ്പനിയുടെ വാഹനത്തില്‍

കാസര്‍കോട്: (www.kasargodvartha.com 17/02/2016) കെഎസ്ടിപി സ്‌റ്റോക്ക് സൈറ്റില്‍ നിന്നും അര്‍ധരാത്രിയില്‍ നടക്കുന്ന ലക്ഷങ്ങളുടെ മണ്ണു കടത്ത് ക്യാമറയില്‍ കുടുങ്ങി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ടര്‍ സംഘം എത്തുമ്പോള്‍ ചെമ്മനാട്ടെ സ്‌റ്റോക്ക് സൈറ്റില്‍ നിന്നും ടിപ്പര്‍ ലോറിയില്‍ ജെസിബി ഉപയോഗിച്ച് മണ്ണ് കയറ്റുന്നതാണ് കണ്ടത്. ഇത് ചെമ്മനാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വയല്‍ നികത്താനാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമായി.

റിപോര്‍ട്ടിംഗ് സംഘമെത്തിയപ്പോള്‍ തന്നെ ലോഡുമായി ഒരു ലോറി സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് പോയി. തൊട്ടുപിന്നാലെ മറ്റൊരു ടിപ്പര്‍ ലോറിയില്‍ മണ്ണു കയറ്റാന്‍ തുടങ്ങി. ക്യാമറ കണ്ടതോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ അപകടം മണത്തു. ഇതോടെ ലോഡുമായി ഈ ലോറി നേരെ മേല്‍പറമ്പ് ഭാഗത്തേക്ക് കുതിച്ചുപോയി. ഇതിന് പിന്നാലെ ആദ്യം ലോഡുമായി പോയ ലോറി തിരിച്ചുവന്നു. ദൃശ്യം പകര്‍ത്തുന്നത് കണ്ട ഈ ലോറി ഡ്രൈവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞതോടെ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഈ രണ്ട് ലോറികളിലും കെഎസ്ടിപി ഓണ്‍ ഡ്യൂട്ടി എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. ഈ ലോറിയുടെ നമ്പര്‍ സഹിതമുള്ള ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇതിനിടെ ലോറി ഡ്രൈവര്‍ 'ബോസിനെ' മൊബൈലില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം രണ്ടാമത്തെ ലോറിയും മേല്‍പറമ്പ് ഭാഗത്തേക്ക് ഓടിച്ചുപോയി. പിന്നെ റിപോര്‍ട്ടിംഗ് സംഘം നേരെ പോയത് ജെസിബിയുടെ അടുത്തേക്കായിരുന്നു. ടിപ്പര്‍ ലോറികള്‍ സ്ഥലത്ത് നിന്നും മാറ്റിയതോടെ ജെസിബിയും യന്ത്രക്കൈകള്‍ മടക്കിവെച്ചു. 24 വയസ് പ്രായം തോന്നിക്കുന്ന യുവാവും, സഹായിയായ രണ്ട് പേരുമാണ് ജെസിബിയില്‍ ഉണ്ടായിരുന്നത്. ജെബിസിയും മേല്‍പറമ്പ് ഭാഗത്തേക്ക് പോയി. പിന്നീട് മണ്ണിറക്കിയ സ്ഥലത്തേക്ക് ക്യാമറയുമായി തിരിച്ചു. അവിടെ കല്ലുകെട്ടി അതിരു പാകിയ വയലാണ് മണ്ണിട്ടു നികത്തുന്നത്.

ലോറികളും ജെസിബിയും സ്ഥലം വിട്ടതിനെ പിന്നാലെ കെഎസ്ടിപിയുടെ ജീപ്പ് സ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഇതോടെ ഈ പാതിരാ കച്ചവടത്തിന് കരാര്‍ കമ്പനിയായ ആര്‍ഡിഎസിലെ ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടെന്ന് ഉറപ്പായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രണ്ട് ടിപ്പര്‍ ലോറികളും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ചളിയംകോട് പാലത്തിന് മുകളില്‍ വെച്ച നിലയില്‍ കണ്ടെത്തി. കമ്പനിയുടെ ജെസിബിയും ടിപ്പര്‍ ലോറിയും ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ രഹസ്യ ഇടപാടിനായി എത്തിക്കാന്‍ സാധിക്കില്ലെന്ന കാര്യം വ്യക്തമാണ്. ഇത് ഉദ്യോഗസ്ഥരുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ്.

കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി പുലിക്കുന്ന് ജംഗ്ഷന്‍, ചളിയംകോട് തുടങ്ങിയ ഭാഗങ്ങളിലെ കുന്നുകള്‍ ഇടിച്ച് നിരത്തിയ മണ്ണ് ചെമ്മനാട്ടാണ് സ്‌റ്റോക്ക് ചെയ്തുവെച്ചിരുന്നത്. ഇവിടുന്നാണ് റോഡ് നിര്‍മാണത്തിന് ആവശ്യമായ മണ്ണ് എല്ലാ സ്ഥലത്തും എത്തിച്ചിരുന്നത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഇടിച്ചെടുക്കുന്ന മണ്ണ് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന നിബന്ധന കാറ്റില്‍ പറത്തിയാണ് സ്വകാര്യ വ്യക്തിയുടെ വയല്‍ നികത്താന്‍ ഇവിടെ നിന്നും ലക്ഷങ്ങളുടെ മണ്ണ് കടത്തിയത്. നേരത്തെ റോഡരികിലെ മരങ്ങള്‍ വെട്ടിയതിലും വ്യാപകമായ ക്രമക്കേട് നടന്നതായുള്ള പരാതിയും ഉയര്‍ന്നിരുന്നു.

ചളിയംകോട്ട് കുന്നിടിക്കുന്ന സമയത്ത് തന്നെ ലക്ഷങ്ങളുടെ മണ്ണ് മറിച്ചുവിറ്റതായി പരിസരവാസികള്‍ പറയുന്നു. ഇപ്പോള്‍ കുന്നിടിക്കുന്നത് ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ഇതോടെയാണ് സ്‌റ്റോക്ക് ചെയ്ത മണ്ണ് മറിച്ചുവില്‍ക്കുന്നത്. ഇതിലൂടെ ലക്ഷങ്ങളുടെ അനധികൃത ഇടപാടാണ് കരാര്‍ കമ്പനിയായ ആര്‍ഡിഎസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നത്.

കെഎസ്ടിപി സ്‌റ്റോക്ക് സൈറ്റില്‍ നിന്നും അര്‍ധരാത്രിയില്‍ ലക്ഷങ്ങളുടെ മണ്ണ് മറിച്ചുവില്‍ക്കുന്നു; രഹസ്യക്കടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Keywords : Kasaragod, Road, Construction Plan, Kanhangad, Development Project, KSTP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia