പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലുമുള്ള അനധികൃത പരസ്യങ്ങളും കൊടിതോരണങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം: ജില്ലാ കളക്ടര്‍
May 23, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 23/05/2015) ജില്ലയിലെ പൊതുസ്ഥലങ്ങളിലും ദേശീയപാതയുള്‍പ്പെടെയുള്ള പാതയോരങ്ങളിലും നഗരപ്രദേശങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങള്‍, പ്രചാരണബോര്‍ഡുകള്‍, കമാനങ്ങള്‍ എന്നിവ ഈ മാസം 27നകം ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണമെന്ന് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉത്തരവ് നല്‍കി.
കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പോലീസ്, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാകളക്ടര്‍ ഉത്തരവ് നല്‍കിയത്. ഇങ്ങനെ നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 28 മുതല്‍ റവന്യു, പോലീസ്, മുനിസിപ്പാലിറ്റി, പൊതുമരാമത്ത് റോഡ്, ദേശീയപാത വിഭാഗം, കെ എസ് ഇ ബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി ഇവ നീക്കം ചെയ്യും. ഉപേക്ഷിച്ച ടെലിഫോണ്‍ പോസ്റ്റുകളും ഇലക്ട്രിക്ക് പോസ്റ്റുകളും അടിയന്തിരമായി നീക്കം ചെയ്യാനും ഉത്തരവിട്ടു.
സുഗമമായ ഗതാഗതത്തിന് തടസം വരുന്ന രീതിയിലുള്ള എല്ലാ പരസ്യബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യും. നഗരത്തില്‍ പോലീസ് സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള പരസ്യബോര്‍ഡുകള്‍ നീക്കണം. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലെ ആഘോഷങ്ങളോടനുബന്ധിച്ച് കൊടിതോരണങ്ങളും കമാനങ്ങളും സ്ഥാപിക്കുന്നത് ആരാധനാലയങ്ങളുടെ പരിസരത്ത് മാത്രമായി ഒതുക്കേണ്ടതാണ്. പൊതുജനങ്ങളുടെ സഞ്ചാരത്തിനും തടസം വരുത്തുന്ന രീതിയില്‍ ഇത്തരം പ്രചരണബോര്‍ഡുകള്‍ സ്ഥാപിക്കരുത്.
സംഘടനകളുടെ പേരില്‍ പൊതുസ്വത്തുക്കളില്‍ നിറം കൊടുത്തും എഴുതിയും മലിനമാക്കുന്നതും നശിപ്പിക്കുന്നതും കുറ്റകരമാണ്. റോഡരികിലുള്ള മുഴുവന്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും കര്‍ശനനടപടി സ്വീകരിക്കണമെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍(ആര്‍ ആര്‍) എന്‍ ദേവിദാസ്, കാസര്‍കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി കെ സുധാകരന്‍, തഹസില്‍ദാര്‍മാര്‍, മുനിസിപ്പല്‍-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, പൊതുമരാമത്ത്, കെ എസ് ഇ ബി, ദേശിയപാത വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.