Criticism | കാസർകോട് നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ വ്യാപകം; തദ്ദേശ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യനടപടികൾ പടിവാതിക്കലിൽ എത്തിനിൽക്കുന്നതിനിടയിലും സ്ഥാപിക്കൽ തുടരുന്നു
● കോടതി നാല് തവണ രൂക്ഷ വിമർശനം ഉന്നയിച്ചു.
● ഓരോ ബോർഡിനും 5000 രൂപ പിഴ ഈടാക്കണമെന്നാണ് നിയമം.
● പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നതിനും കാരണമാകുന്നു.
കാസർകോട്: (KasargodVartha) പൊതു ഇടങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ വീണ്ടും ചർച്ചയായി. കോടതി ഈ വിഷയത്തിൽ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയും സ്ഥാപിക്കൽ തുടരുകയാണ്. കാസർകോട് നഗരത്തിൽ നേതാക്കൾക്ക് അഭിവാദ്യം നേർന്നും പൊതുപരിപാടികളുടേതും അടക്കം നിരവധി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച വിഷയത്തിൽ കോടതിയുടെ ശക്തമായ ഇടപെടലും, രൂക്ഷമായ വിമർശനവുമാണ് തദ്ദേശ സെക്രട്ടറിമാർ നേരിടേണ്ടി വന്നത്. അനധികൃത ബോർഡുകൾ സംബന്ധിച്ച് ഇത് നാലാം തവണയാണ് കോടതി രൂക്ഷമായ ഭാഷയിൽ വിമർശനം ഉയർത്തിയത്. ഇതേ തുടർന്ന് കോടതിയലക്ഷ്യ നടപടികളിൽ നിന്ന് തലയൂരാൻ തദ്ദേശ സെക്രട്ടറിമാർ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഓരോ അനധികൃത ബോർഡിനും 5000 രൂപയും നീക്കാനുള്ള ചിലവും സ്ഥാപിച്ചവരിൽ നിന്ന് പിഴയായി ഈടാക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിക്കുന്ന തദ്ദേശ സെക്രട്ടറിമാർ പൊതു വരുമാനം നഷ്ടപ്പെടുത്തി എന്നതിനാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നാണ് കോടതിയുടെ നിരീക്ഷണം.
കൂടാതെ സിനിമയുടേത് അടക്കമുള്ള പോസ്റ്ററുകളും ഫ്‌ലക്‌സ് ബോർഡുകളും കാസർകോട് ഗവ. ജനറൽ ആശുപത്രിയുടെ മതിലിലും, ദേശീയപാതയിൽ നിർമാണ പ്രവൃത്തികൾക്കായി സ്ഥാപിച്ച ഡിവൈഡറുകളിലും, മറ്റ് പൊതുസ്ഥലങ്ങളിലും ഒട്ടിക്കുന്നത് സർവസാധാരണമായിരിക്കുന്നു. കാസർകോട് പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മറ്റും ഇത് വ്യാപകമാണ്.
പൊതു ഇടങ്ങളിൽ അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. റോഡരികിലും പാർക്കുകളിലും ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് ഗതാഗതത്തെ തന്നെ ബാധിക്കുകയും, നഗരസൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു. ഫ്ലക്സ് ബോർഡുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക് അഴുകാത്തത് കാരണം ഇത് മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണത്തിന് കാരണമാകുന്നു.
#kasargod #illegalflexboards #environment #pollution #kerala