Court | അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ: ഹൈകോടതിയുടെ അവസാന താക്കീതിൽ അധികൃതർ ഉണരുമോ?

● പ്രത്യേക പോർട്ടലിനായുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ലെന്നും കോടതി.
● 'നിയമത്തെ ബഹുമാനിക്കുന്നിടത്താണ് തിളങ്ങുന്ന ജനാധിപത്യമുള്ളത്'.
● 'നിയമത്തെ വെല്ലുവിളിക്കുന്നതാണ് രാഷ്ട്രീയക്കാരുടെ ഇപ്പോഴത്തെ ഹീറോയിസം'.
കൊച്ചി: (KasargodVartha) സംസ്ഥാനത്തെ അനധികൃത ഫ്‌ലക്‌സ് ബോർഡുകൾ നീക്കം ചെയ്യാൻ വീണ്ടും ഹൈകോടതിയുടെ അന്ത്യശാസനം. ഇത് മൂന്നാം തവണയാണ് കോടതി നടപടി കടുപ്പിക്കുന്നത്. എന്നിട്ടും തദ്ദേശ സെക്രട്ടറിമാർക്ക് ഒരു കുലുക്കവുമില്ല. ഇനിയും നടപടിയിൽ അമാന്തം കാണിച്ചാൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൈകോടതിയുടെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് സംസ്ഥാനത്തെ മെട്രോ നഗരങ്ങളിൽ മാത്രം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ കാസർകോട് ജില്ലയിലടക്കം രാഷ്ട്രീയപാർട്ടികളുടെയും, ആരാധനാലയങ്ങളുടെയും ബോർഡുകൾ നിരവധിയാണ്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇത് സംബന്ധിച്ച് ബോർഡുകൾ നീക്കം ചെയ്യാൻ അവസാന അവസരം എന്ന നിലയിലാണ് ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്.
ബോർഡുകൾ സംബന്ധിച്ച് പരാതികൾ സമർപ്പിക്കുന്നതിന് പ്രത്യേക പോർട്ടൽ സജ്ജമാക്കുന്നതിന് സർക്കാർ നടപടികൾ ഫലപ്രദമല്ലെന്നും കോടതി നിരീക്ഷിച്ചു. അതിനിടെ സെക്രട്ടറിയേറ്റിനു മുന്നിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി എടുക്കില്ലെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ രണ്ടാമത്തെ സത്യവാങ്മൂലവും ഹൈക്കോടതി തള്ളി. സത്യവാങ്മൂലം കുറ്റക്കാരെ വെള്ളപൂശാനും, കുറ്റകൃത്യത്തിന് നേരെ കണ്ണടക്കാനുമാണ് ശ്രമമെന്ന് വിമർശിച്ച കോടതി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിന് ഒരു അവസരം കൂടി നൽകി.
കുറ്റക്കാരെ ഒരിടത്ത് സംരക്ഷിച്ചാൽ അതു മുതലെടുത്ത് മറ്റിടങ്ങളിൽ നിയമലംഘനങ്ങൾ തലപൊക്കുമെന്ന് സർക്കാർ ഓർക്കണമെന്ന് കോടതി ഓർമിപ്പിച്ചു. നിയമത്തെ ബഹുമാനിക്കുന്നിടത്താണ് തിളങ്ങുന്ന ജനാധിപത്യമുള്ളത്. എന്നാൽ നിയമത്തെയും, ജുഡീഷ്യറിയെയും വെല്ലുവിളിക്കുന്നതാണ് ഇപ്പോൾ രാഷ്ട്രീയക്കാരുടെ ഹീറോയിസമെന്നും കോടതി പറഞ്ഞു. വിഷയം അടുത്താഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
The High Court has issued a final warning to remove illegal flex boards in the state. The court has given one week's time as a last chance to remove the boards. The court also observed that the government's measures to set up a special portal for filing complaints regarding the boards are not effective.
#HighCourt #FlexBoards #Kerala #IllegalBoards #Warning #Law