ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Apr 18, 2012, 16:50 IST
ഹൊസ്ദുര്‍ഗ്: കലഹത്തിനിടെ ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സത്രീക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മൌവ്വേനി വട്ടത്തോട്ടെ അന്നമ്മ(63)ക്കെതിരെയാണ് വെള്ളരിക്കുണ്ട് സി ഐ അനില്‍ കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (രണ്ട് )കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭര്‍ത്താവ് മൌവ്വേനിയിലെ ഔസേപ്പി(85)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അന്നമ്മ. 2011 മാര്‍ച്ച് 4 ന് വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന് പരസ്പരം വഴക്ക് കൂടുന്നതിനിടെ പ്രകോപിതയായ അന്നമ്മ മുറുക്കാന്‍ ചുറ്റിക കൊണ്ട് ഔസേപ്പിന്റെ തലക്കടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഔസേപ്പിന്റെ മകളുടെ ഭര്‍ത്താവ് മൌവ്വേനി കല്ലുപറമ്പിലെ ബേബി എന്ന ഉലഹന്നാനും പരിസരവാസികളും എത്തി അടിയേറ്റ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ഔസേപ്പിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്ക് പിറകിലേറ്റ മാരകമായ മുറിവാണ് ഔസേപ്പിന്റെ മരണത്തിന് കാരണമായത്. ബേബിയുടെ പരാതി പ്രകാരം അന്നമ്മക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും സ്ത്രീയെ അറസ്റ് ചെയ്യുകയുമായിരുന്നു.
Keywords: husband, Murder-case, Vellarikundu, Kasaragod