കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
Jun 6, 2012, 16:00 IST
കാഞ്ഞങ്ങാട്: കോടതി ഉത്തരവ് ലംഘിച്ച് യുവതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇത് സംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കോടതി നേരിട്ട് കേസെടുത്തു. കണ്ണൂര്‍ മുര്‍ഖന്‍ പറമ്പിലെ എ കെ ഷാജിക്കെതിരെയാണ് (47) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുത്തത്.
ഷാജി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ ചിറ്റാരിക്കാല്‍ കണ്ണിവയലിലെ മിനി നേരത്തെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിച്ചുവരുന്നതിനിടെ ഇവിടെയുമെത്തി ഷാജി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് മിനി കോടതിയെ സമീപിച്ചത്.
ഹരജി സ്വീകരിച്ച കോടതി ഷാജി മിനിയുടെ വീട്ടില്‍ കയറുകയൊ ഉപദ്രവിക്കുകയൊ ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് ഇക്കഴിഞ്ഞ മെയ് 18 ന് കണ്ണിവയലിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷാജി മിനിയെ മര്‍ദ്ദിക്കുകയും വിവാഹമോചനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് വെപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണി മുഴക്കിയശേഷം തിരിച്ചുപോയ ഷാജി പിന്നെയും പീഡനം തുടര്‍ന്നതോടെയാണ് മിനി വീണ്ടും കോടതിയെ സമീപിച്ചത്.
Keywords: Husband, Attack, Wife, Kasaragod