city-gold-ad-for-blogger
Aster MIMS 10/10/2023

Order | 'സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം'; പാളത്തിലൂടെയുള്ള വഴിയടച്ചതിനെതിരെ റെയിൽവേയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

human rights commission orders railway to
Photo: Arranged

കൊപ്പളം, മൊഗ്രാൽ മീലാദ് നഗർ എന്നിവയ്ക്ക് പുറമെ തായലങ്ങാടി അടക്കമുള്ള പ്രദേശങ്ങളിലും റെയിൽപാളം മുറിച്ചുകടക്കുന്ന വഴികൾ കൊട്ടിയടച്ചിരിക്കുകയാണ്.

കാസർകോട്: (KasargodVartha) ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും, ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർക്ക് ശുപാർശ നൽകി മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷം തുടക്കത്തിൽ (ജനുവരി 10) മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിന് മുൻവശം, മൊഗ്രാൽ മീലാദ് നഗർ എന്നിവിടങ്ങളിൽ റെയിൽപാളം മുറിച്ചു കടക്കുന്നത് തടഞ്ഞ റെയിൽവേ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്നതായിരുന്നു റെയിൽവേയുടെ പെട്ടെന്നുള്ള നടപടി. ഒപ്പം 2500ലേറെ മഹല്ലുകൾ ഉൾപ്പെടുന്ന മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിലേക്ക് മരണപ്പെട്ട് പോയവരുടെ മയ്യിത്ത് മസ്ജിദ് അങ്കണത്തിലേക്ക് കൊണ്ടുപോകാനും റെയിൽവേയുടെ അടച്ചിടൽ നടപടി ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയവേദി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നത്.

ജനപ്രതിനിധികൾ വഴി റെയിൽവേ അധികൃതർക്ക് അടച്ചിടൽ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിനുള്ള റെയിൽവേയുടെ മറുപടി തൃപ്തികരമായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ബദൽ മാർഗം ഏർപ്പെടുത്താതെ അടച്ചിട്ട നടപടി ശരിയായ രീതിയല്ലെന്ന് കാണിച്ചായിരുന്നു മനുഷ്യാവകാശ കമ്മീഷനെ ദേശീയ വേദി സമീപിച്ചത്.

മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ്, നാങ്കി ജുമാമസ്ജിദ്, മീലാദ് നഗർ എന്നിവിടങ്ങളിൽ മറ്റു മാർഗമില്ലാതെ റെയിൽപ്പാളം മുറിച്ചു കടന്നുവേണം പ്രദേശവാസികൾക്കും, വിദ്യാർത്ഥികൾക്ക് സ്കൂളിലും മദ്രസയിലും ടൗണിലും പോകാൻ.  ഒന്നരകിലോമീറ്റർ ദൂരമുള്ള കൊപ്പളം അടിപ്പാതയെ ആശ്രയിക്കണമെന്നായിരുന്നു റെയിൽവേയുടെ നിർദേശം. ഇത് വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന നിർദ്ദേശമാണെന്ന് ദേശീയവേദി പരാതിയിൽ സൂചിപ്പിച്ചിരുന്നു. 

പരിഹാരമായി പ്രസ്തുത സ്ഥലങ്ങളിൽ ട്രാക്കിന് അടിയിലൂടെ നടന്നുപോകാനുള്ള കലുങ്ക് രൂപത്തിലുള്ള നടപ്പാത അനുവദിക്കണമെന്നായിരുന്നു ദേശീയ വേദിയുടെ ആവശ്യം. ഇതിനാണ് ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേയ്ക്ക് ശുപാർശ നൽകി മനുഷ്യാവകാശ കമ്മീഷൻ പരാതി തീർപ്പാക്കിയിരിക്കുന്നത്. ഈ ഉത്തരവിന്മേൽ തുടർനടപടി കൾക്കായി ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ വേണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. കൊപ്പളം, മൊഗ്രാൽ മീലാദ് നഗർ എന്നിവയ്ക്ക് പുറമെ തായലങ്ങാടി അടക്കമുള്ള പ്രദേശങ്ങളിലും റെയിൽപാളം മുറിച്ചുകടക്കുന്ന വഴികൾ കൊട്ടിയടച്ചിരിക്കുകയാണ്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia