Fire Incident | പെർളയിൽ പെർളയിൽ കെട്ടിട സമുച്ചയത്തിൽ വൻതീപ്പിടുത്തം; 9 കടകൾ കത്തി നശിച്ചു; 1.83 കോടിയുടെ നഷ്ടമെന്ന് ഉടമ
● പുലർച്ചെ 12:15 മണിയോടെയാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്.
● തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നറിഞ്ഞതോടെ സ്ഥിതിഗതികളുടെ ഗൗരവം വർധിച്ചു.
● ബദിയഡുക്ക പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.
പെർള: (KasargodVartha) ശനിയാഴ്ച അർധരാത്രിയുണ്ടായ തീപ്പിടുത്തത്തിൽ ഒമ്പത് കടകൾ കത്തി നശിച്ചു. പെർള ടൗണിൽ ബദിയടുക്ക-പുത്തൂർ റോഡിന്റെ ഇടത് വശത്തുള്ള പൈ ബിൽഡിംഗ് എന്ന കൊമേർഷ്യൽ കോംപ്ലക്സിലാണ് സംഭവം. പൂജ ഫാൻസി, പൈഗള ക്ലോത് സ്റ്റോർ, ഒരു പേപർ വിതരണ കേന്ദ്രം, പ്രവീൺ ഓടോമൊബൈൽസ്, സാദാത് സ്റ്റോർ, ഗൗതം കോൾഡ് ഹൗസ് തുടങ്ങിയ കടകളാണ് അഗ്നിക്കിരയായത്.
തീപ്പിടുത്തത്തിൽ 1,83,50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നതായി കെട്ടിട ഉടമ ഗോപിനാഥ് പൈ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുലർച്ചെ 12:15 മണിയോടെയാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിക്കുകയും അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു.
തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നറിഞ്ഞതോടെ സ്ഥിതിഗതികളുടെ ഗൗരവം വർധിച്ചു. കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്ന് അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏകദേശം നാല് മണിക്കൂറോളം നാട്ടുകാരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും തീവ്രശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ബദിയഡുക്ക പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.
#FireAccident #KasargodNews #ShopLoss #PropertyDamage #FireSafety #CommercialComplex