Obituary | ഷോൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കെ കെ റോഡിലെ ഇസ്മാഈലിന്റെ ഭാര്യ നഫീസ ആണ് മരിച്ചത്
കുമ്പള: (KasargodVartha) കഴുത്തിലിട്ടിരുന്ന ഷോൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെറുവാട് കെ കെ റോഡിലെ ഇസ്മാഈലിന്റെ ഭാര്യയും അണങ്കൂർ സ്വദേശിനിയുമായ നഫീസ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ശബ്ദം കേട്ട് ഭർത്താവ് വന്നുനോക്കിയപ്പോഴാണ് നഫീസയെ അവശ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ബഹളം വെച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തി ഷോൾ മുറിച്ചുമാറ്റി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോൾ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടതാണ് മരണത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർടം നടപടികൾക്ക് ശേഷം രാത്രിയോടെ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ആഇശ ചട്ടഞ്ചാൽ, ബീഫാത്വിമ, പരേതരായ ഉമ്മു ഹലീമ, മഹ്‌മൂദ്, യൂസഫ്.