Tourism Concerns | ഹൗസ് ബോട് ഉടമകൾക്ക് കോടികളുടെ കുടിശ്ശികയ്ക്ക് ജിഎസ്‌ടി നോടീസ്; അനീതിയെന്ന് എംപവർ
● സംസ്ഥാനത്തെ ഹൗസ് ബോട്ട് സംരംഭങ്ങൾ നടത്തുന്നത് ബഹുഭൂരിപക്ഷവും ചെറുകിട സംരംഭകരാണ്.
● വലിയ തുക അടയ്ക്കാൻ നോട്ടീസ് ലഭിച്ചാൽ സംരംഭകർ കടക്കെണിയിലാകാനോ ആത്മഹത്യ ചെയ്യാനോ ഇടയാക്കും.
കാസർകോട്: (KasargodVartha) കൃത്യമായി നികുതി അടച്ചുകൊണ്ട് ടൂറിസം മേഖലയിൽ സംഭാവന നൽകുന്ന കേരളത്തിലെ ഹൗസ് ബോട്ട് ഉടമകളെ കോടികളുടെ കുടിശ്ശികയ്ക്ക് നോടീസ് അയച്ച സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ നടപടി സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് വലിയ തിരിച്ചടിയാകുമെന്ന് എംപവർ കാസർകോട്.
സംസ്ഥാനത്തെ ഹൗസ് ബോട്ട് സംരംഭങ്ങൾ നടത്തുന്നത് ബഹുഭൂരിപക്ഷവും ചെറുകിട സംരംഭകരാണ്. ഇത്രയും വലിയ തുക അടയ്ക്കാൻ നോടീസ് ലഭിച്ചാൽ സംരംഭകർ കടക്കെണിയിലാകാനോ ആത്മഹത്യ ചെയ്യാനോ ഇടയാക്കും. നിലവിൽ ടൂറിസം മേഖലയ്ക്ക് സർക്കാർ യാതൊരു സഹായവും നൽകുന്നില്ല. മാത്രമല്ല, ഇത്തരത്തിലുള്ള സംരംഭക വിരുദ്ധ നടപടികൾ സ്വീകരിക്കുന്നത് ഹൗസ് ബോട്ട് സംരംഭങ്ങളെ തകർക്കുന്നതിനു സമമാണ്. ഇത് ഈ മേഖലയിലെ സംരംഭകരെ തകർക്കുന്നതിനൊപ്പം നവ സംരംഭകർക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്യും.
ആയതിനാൽ ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഈ അസംബന്ധ നടപടി പിൻവലിക്കണമെന്നാണ് എംപവർ പ്രവർത്തക സമിതി യോഗത്തിന്റെ ആവശ്യം. അതോടൊപ്പം ടൂറിസം മേഖലയെ ചെറുകിട സംരംഭമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങൾ നൽകുവാനും സർക്കാർ തയ്യാറാകണം. യോഗത്തിൽ ചെയർമാൻ രവീന്ദ്രൻ കണ്ണങ്കൈ അദ്ധ്യക്ഷത വഹിച്ചു. അലി നെട്ടാർ, മുഹമ്മദലി റെഡ് വുഡ്, ഐശ്വര്യ കുമാരൻ, അഡ്വ. മുഹമ്മദ് റഫീഖ്, അബ്ദുൽ ഖാദർ പള്ളിപ്പുഴ, ഫാറൂഖ് മെട്രോ, പ്രദീപ് കുമാർ, സെയ്ഫുദ്ദീൻ കളനാട്, കെ.ടി.സുഭാഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.
രത്തൻ നാവൽ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ചു
രാജ്യം ദർശിച്ച ഏറ്റവും മഹാനായ വ്യവസായിയും വലിയ മനുഷ്യസ്‌നേഹിയുമായിരുന്ന രത്തൻ നാവൽ ടാറ്റയുടെ നിര്യാണത്തിൽ എംപവർ കാസർകോട് അനുശോചനം രേഖപ്പെടുത്തി.
#HouseboatOwners #GSTNotice #Kasaragod #TourismIndustry #SmallBusiness #EmpowerKasaragod