Fire | ഇടയിലക്കാട് വെള്ളാപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഹൗസ് ബോടിന് തീപ്പിടിച്ചത് ആദ്യ സർവീസ് നടത്തുന്നതിനിടെ
● തീ പിടിച്ചത് ഹൗസ് ബോട്ടിന്റെ മേൽക്കൂരയിൽ നിന്നാണ്
● അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിച്ചു
● സംഭവം വലിയപറമ്പിലെ ഇടയിലക്കാട് വെള്ളാപ്പ് പുഴയിൽ
തൃക്കരിപ്പൂർ: (KasargodVartha) വലിയപറമ്പ് പഞ്ചായതിലെ ഇടയിലക്കാട് വെള്ളാപ്പ് പുഴയിൽ ഓടിക്കൊണ്ടിരുന്ന ഹൗസ് ബോടിന് തീപ്പിടിച്ചത് ആദ്യ സർവീസ് നടത്തുന്നതിനിടയിൽ തന്നെ. ഇടയിലക്കാട് ആരംഭിക്കാനിരിക്കുന്ന വീ-ലാൻഡ് പാർകിൻ്റെ ഹൗസ് ബോടിലാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ അഗ്നിബാധ ഉണ്ടായത്. അഞ്ചു പേർ ചേർന്ന് പാർട്ണർഷിപിൽ തുടങ്ങുന്ന പാർകിന് വേണ്ടി കോട്ടപ്പുറത്ത് നിന്നാണ് പഴയ ഹൗസ് ബോട് വിലക്ക് വാങ്ങിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
പാർകിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യാത്രക്കാരുമായി രാവിലെ ഹൗസ് ബോട് ആദ്യ യാത്ര പുറപ്പെട്ടത്. പുറപ്പെട്ട് അൽപദൂരം പിന്നിട്ടപ്പോൾ തന്നെ ഹൗസ് ബോടിൻ്റെ മേൽക്കൂരയിൽ തീപ്പിടിക്കുകയായിരുന്നു. കരയിലുണ്ടായിരുന്നവർ കൂകി വിളിച്ചാണ് തീപ്പിടിച്ചിരിക്കുന്ന കാര്യം ബോട് ജീവനക്കാരെ അറിയിച്ചത്.
ജീവനക്കാർ ബോടിലുണ്ടായിരുന്ന അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ചും വെള്ളം കോരി ഒഴിച്ചും പെട്ടെന്ന് തീയണച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി. ബോട് പെട്ടെന്ന് കരയിൽ അടുപ്പിച്ച് യാത്രക്കാരെ പുറത്തിറക്കാനും കഴിഞ്ഞു. പുഴയുടെ നടുവിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ തട്ടിയതാണോ അല്ലെങ്കിൽ ഷോർട് സർക്യൂട് ആണോ തീപ്പിടുത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
#houseboatfire #keralaaccident #safetyfirst #tourism #travel