House Damaged | 12 വർഷം മുമ്പ് സർകാർ നിർമിച്ചുനൽകിയ വീട് തകർന്നു; വിധവായ വീട്ടമ്മ കഴിയുന്നത് ബന്ധുക്കളുടെ കാരുണ്യത്തിൽ; ലൈഫ് പദ്ധതിയിൽ പുതിയ വീട് നൽകുമെന്ന് പഞ്ചായത് പ്രസിഡന്റ്
വീട് തകർന്ന വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവരുടെ പരാതി
പൈവളികെ: (KasargodVartha) 12 വർഷം മുമ്പ് സർകാർ (Government) നിർമിച്ചുനൽകിയ വീട് പൂർണമായും തകർന്നതോടെ വിധവയായ വീട്ടമ്മ കഴിയുന്നത് ബന്ധുക്കളുടെ കാരുണ്യത്തിൽ. പൈവളികെ പഞ്ചായതിലെ (Paivalike Grama Panchayat) നാലാം വാർഡിൽപെട്ട ബായാർ പദവ് (Bayar Padav) തലങ്കിലയിലെ ലക്ഷ്മിയാണ് ദുരിതത്തിലായത്. ആറ് മാസം മുമ്പ് വീട് ഭാഗികമായി തകർന്നിരുന്നു. ഒറ്റമുറിയോട് കൂടിയ വീട് കഴിഞ്ഞദിവസമാണ് പൂർണമായും തകർന്നത്.
12 വർഷം മുമ്പ് 75,000 രൂപ ചിലവിലാണ് ഓടുമേഞ്ഞ വീട് സർകാർ നിർമിച്ചുനൽകിയത്. ഭർത്താവ് ഈശ്വര നായിക് മരിച്ചതോടെ ലക്ഷ്‌മി കൂലിപ്പണിയെടുത്താണ് കഴിഞ്ഞുവന്നിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഏകമകൻ കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയാണ്. വീട് തകർന്ന വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവരുടെ പരാതി.
മൂന്ന് സെന്റ് സ്ഥലമാണ് ഇവർക്ക് ആകെയുള്ളത്. 12 വർഷം കഴിയാതെ ഇവർക്ക് വീട് അനുവദിക്കാൻ മാർഗമില്ലാത്തത് കൊണ്ടാണ് കഴിഞ്ഞ തവണ ലൈഫ് ഭവന പദ്ധതിയിൽ (LIFE Mission) ഉൾപെടുത്താത്തിരുന്നതെന്ന് പഞ്ചായത് പ്രസിഡന്റ് കെ ജയന്തി കാസർകോട് വാർത്തയോട് പറഞ്ഞു. ഈ വർഷത്തെ ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപെടുത്തി വീട് നിർമിച്ച് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
12 വർഷം കൊണ്ട് ഒരു വീട് തകർന്നുവീണത് നിർമാണത്തിലെ അപാകത കൊണ്ടാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. വീടിന് വയറിങ് ജോലി ചെയ്തിരുന്നുവെങ്കിലും വൈദ്യുതി (Electricity) പോലും ലഭിച്ചിരുന്നില്ല. പഞ്ചായത് പ്രസിഡന്റിന്റെ വാർഡായിരുന്നിട്ടും വിധവയും നിരാലംബയുമായ ഇവർക്ക് പുതിയ വീട് നിർമിച്ച് നൽകാൻ കാലതാമസം വരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, ലക്ഷ്മിയുടെ വീട് രണ്ടുവർഷം മുമ്പ് അറ്റകുറ്റപ്പണി നടത്താമെന്ന് പഞ്ചായത് അറിയിച്ചിരുന്നുവെങ്കിലും പുതിയ വീട് നിർമിച്ച് നൽകിയാൽ മാത്രമേ തന്റെ പ്രയാസത്തിന് പരിഹാരമുള്ളൂവെന്ന് പറഞ്ഞതിനാലാണ് കാത്തിരിപ്പ് വേണ്ടിവന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.