എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും: മുഖ്യമന്ത്രി
May 10, 2012, 17:01 IST
![]() |
പെരിയയിലെ ചെങ്ങറ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു. |
ചെങ്ങറ പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്തി പറഞ്ഞു. ചെങ്ങറയില്‍ നിന്ന് വിവിധ ജില്ലകളിലേക്ക് പുനരധിവാസത്തിന് അയച്ചവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. സാമ്പത്തിക പരാധീനതയല്ല പുനരധിവാസ പദ്ധതി നേരിടുന്ന പ്രശ്നം. ഭൂമിയുടെ ലഭ്യതയാണ് പ്രധാന വെല്ലുവിളി. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും പൂര്‍ണ്ണമായി നടപ്പായിട്ടില്ല. ഇത് പരിഹരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയ കാലിയടുക്കത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ കൈവശാവകാശ രേഖ റവന്യു മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്തു. സ്വയം തൊഴില്‍ പദ്ധതിയുടെ സമര്‍പ്പണം പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. കെ.കുഞ്ഞിരാമന്‍ (ഉദുമ) എം.എല്‍.എ. അധ്യക്ഷനായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ , സബ്കളക്ടര്‍ പി.ബാലകിരണ്‍, പുല്ലൂര്‍ പെരിയ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.അരവിന്ദാക്ഷന്‍, പി.ഗംഗാധരന്‍ നായര്‍, മടിക്കൈ കമ്മാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനുവരി 5 ന് തറക്കല്ലിട്ട പുനരധിവാസ പദ്ധതിയാണ് റെക്കാഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ലക്ഷം രൂപവീതം ചെലവിട്ട് നിര്‍മ്മിച്ച 50 വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
ഓരോ കുടുംബത്തിനും അന്‍പതിനായിരം രൂപ നല്‍കും
കാസര്‍കോട്: ചെങ്ങറ പുനരധിവാസ പദ്ധതിയുടെഭാഗമായി പെരിയയില്‍ സ്ഥലവും വീടും ലഭിച്ചവര്‍ക്ക് അധികസഹായമായി അന്‍പതിനായിരം രൂപ നല്‍കും. പട്ടികജാതി ക്ഷേമവകുപ്പാണ് ഓരോ കുടുംബത്തിനും ഈ തുക നല്‍കുക. ഭവന പദ്ധതി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അധിക സഹായധനം പ്രഖ്യാപിച്ചത്.
കുടിവെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ക്കു പുറമെ ഉപജീവനത്തിനായി വിവിധ കാര്‍ഷിക പദ്ധതികളും സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്്. 18 കുടുംബങ്ങള്‍ക്ക് കറവ പശുക്കളെ നല്‍കി. ചെങ്കല്‍ യൂണിറ്റ്, മരപ്പണി യൂണിറ്റ് തുടങ്ങി വിവിധ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.
Keywords: Ommenchandy, Chengara land hand over, Kasaragod