ഇശൽ തേൻമഴ പെയ്തിറങ്ങി കൗമാര പ്രതിഭകൾ മടങ്ങി: ഹോസ്ദുർഗിന് കലാകിരീടം ദുർഗ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
● ചട്ടഞ്ചാൽ സിഎച്ച്എസ്എസ്സാണ് സ്കൂൾ തലത്തിൽ രണ്ടാം സ്ഥാനത്ത്.
● മൊഗ്രാൽ ജിവിഎച്ച്എസ്എസ്സിലായിരുന്നു മത്സരങ്ങൾ നടന്നത്.
● മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
● ഡിഡിഇ ടി വി മധുസൂദനന് പൗരാവലി യാത്രയയപ്പ് നൽകി.
● നാലായിരത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.
മൊഗ്രാൽ: (KasargodVartha) ഒരുമയുടെ ചേല് പകർന്ന് മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നടന്ന 64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. മൊഗ്രാൽ ജിവിഎച്ച്എസ്എസ്സിൽ നടന്ന പോരാട്ടത്തിൽ 953 പോയിന്റോടെ ഹോസ്ദുർഗ് ഉപജില്ല കലാകിരീടം കരസ്ഥമാക്കി. 945 പോയിന്റോടെ കാസർകോട് ഉപജില്ല രണ്ടാം സ്ഥാനവും 862 പോയിന്റോടെ ചെറുവത്തൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി.
സ്കൂൾ തലത്തിൽ 236 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. 194 പോയിന്റോടെ ചട്ടഞ്ചാൽ സിഎച്ച്എസ്എസ്സാണ് രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തന്നെ മത്സരങ്ങൾ സമാപിച്ചിരുന്നെങ്കിലും ട്രോഫി വിതരണവും അനുബന്ധ ചടങ്ങുകളും പൂർത്തിയായപ്പോൾ രാത്രി 10 മണിയായി.
പരിമിതികളെ ജനകീയ കൂട്ടായ്മയിലൂടെ മറികടന്നാണ് കലോത്സവത്തെ മൊഗ്രാൽ ഇശൽ ഗ്രാമം മനോഹരമാക്കിയത്. 4000 മത്സരാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ആയിരക്കണക്കിന് നാട്ടുകാരും ഒത്തുചേർന്ന പരിപാടി പരാതികളില്ലാതെ വിജയിപ്പിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് സംഘാടകസമിതി.
സമാപന സമ്മേളനം മഞ്ചേശ്വരം എംഎൽഎയും സംഘാടകസമിതി ചെയർമാനുമായ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സോയ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സെഡ് എ മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രശസ്ത സിനിമ-സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ, ജില്ലാ പഞ്ചായത്ത് മൊഗ്രാൽ ഡിവിഷൻ അംഗം അസീസ് കളത്തൂർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനന് മൊഗ്രാൽ പൗരാവലി ഹൃദ്യമായ യാത്രയപ്പ് നൽകി.
പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, 'സാന്ത്വനം' ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി ഹിദായത്തുള്ള, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സംഘാടക സമിതി സബ് കമ്മിറ്റി ചെയർമാൻമാരായ പി എ ആസിഫ്, റിയാസ് മൊഗ്രാൽ, മാഹിൻ മാസ്റ്റർ, നാസർ മൊഗ്രാൽ, കെ എം മുഹമ്മദ്, എം എസ് അഷ്റഫ്, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, എം എ മൂസ, ഇർഷാദ് മൊഗ്രാൽ, ടി എം ഷുഹൈബ്, എം പി അബ്ദുൽ ഖാദർ, അർഷാദ് തവക്കൽ, അബ്ബാസ് നടുപ്പളം, അഷ്റഫ് പെർവാഡ്, മദർ പിടിഎ പ്രസിഡന്റ് ഹസീന, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്‌നീം എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പിടി ബെന്നി നന്ദി പറഞ്ഞു.
കൗമാര കലാമാമാങ്കത്തിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ നേരാം, വാർത്ത ഷെയർ ചെയ്യൂ.
Article Summary: Hosdurg sub-district wins Kasaragod district school arts fest, Durga HSS overall champion.
#Kasaragod #Kalolsavam2025 #Hosdurg #SchoolArtsFest #Mogral #KeralaEducation






