Mobile Found | നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ അതിവേഗത്തിൽ തിരിച്ചുപിടിച്ച് ഹൊസ്ദുർഗ് പൊലീസ്; 2 വർഷത്തിനിടെ കണ്ടെത്തിയത് 139 എണ്ണം
ചിത്താരിയിലെ സി കെ മുനീറിനാണ് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് പൊലീസ് 139-ാമത്തെ മൊബൈൽ ഫോൺ കണ്ടെത്തി നൽകിയത്
കാഞ്ഞങ്ങാട്: (KasargodVartha) മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതിയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്ക് ഫോൺ തിരികെ കിട്ടുമെന്ന് ഉറപ്പാണ്. അതിന് കാരണമുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 139 മൊബൈൽ ഫോണുകളാണ് ഹൊസ്ദുർഗ് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമയ്ക്ക് നൽകിയത്.
നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ സഹിതം പരാതി നൽകിയാൽ ആ ഫോൺ വേറെ ആരെങ്കിലും ഉപയോഗിക്കുമ്പോൾ ലൊകേഷൻ അടക്കം കണ്ടെത്തിയാണ് പൊലീസ് ഫോൺ ഉടമസ്ഥന് തിരിച്ചുനൽകാൻ നടപടി സ്വീകരിക്കുന്നത്. നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കാൻ സഹായിക്കുന്ന സർകാർ നിയന്ത്രണത്തിലുള്ള സിഇഐആർ (CEIR - Central Equipment Identity Register) പോർടൽ ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നും നേരിട്ട് തന്നെ ഫോൺ കണ്ടെത്താൻ ഇപ്പോൾ സാധിക്കുന്നുണ്ട്.
ചിത്താരിയിലെ സി കെ മുനീറിനാണ് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് പൊലീസ് 139-ാമത്തെ മൊബൈൽ ഫോൺ കണ്ടെത്തി നൽകിയത്. മുൻ ഹൊസ്ദുർഗ് എസ് എച് ഒ കെപി ഷൈൻ, ഇപ്പോഴത്തെ എസ് എച് ഒ എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെലിന്റ സഹായത്തോടെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ് ചെറുവത്തൂർ ആണ് ഫോൺ കണ്ടെത്തി നൽകിയത്. നഷ്ടപ്പട്ട ഫോൺ കണ്ടെത്തുന്നതിന് ജില്ല പൊലീസ് മേധാവി പി ബിജോയ്‌യും പ്രത്യേക പരിഗണന നൽകുന്നുണ്ട്.