Horse Carriage | പുത്തിലോട്ട് കുതിരവണ്ടിയില്‍ കയറാന്‍ ആളുകളുടെ തിരക്ക്; വധൂവരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ മോടി പിടിപ്പിക്കുന്നു
ആട് കൃഷിയുടെ ഇടവേളയില്‍ ലഭിക്കുന്ന സമയമാണ് കുതിര സവാരിക്ക് ഉപയോഗിക്കുന്നത്
പിലിക്കോട്: (KasaragodVartha) പുത്തിലോട്ട് കുതിരവണ്ടിയില്‍ കയറാന്‍ ആളുകളുടെ തിരക്ക്. പുത്തിലോട്ടെ കെ വിജയനാണ് നാട്ടില്‍ കുതിരവണ്ടിയിറക്കി താരമായിരിക്കുന്നത്. രണ്ട് മാസം മുമ്പ് പാലക്കാട് നിന്നാണ് കുതിരയെ വിലകൊടുത്ത് വാങ്ങിയത്. യൂട്യൂബില്‍ നിന്ന് കുതിരയോടിക്കാനുള്ള പരിശീലനം സ്വയം നേടുകയും ചെയ്തു. ഓടിക്കുന്ന വിജയന് പുറമെ രണ്ടുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്.
ആട് കര്‍ഷകനാണ് വിജയന്‍. സ്വന്തമായി തരക്കേടില്ലാത്ത വരുമാനം കിട്ടുന്ന കുതിരവണ്ടി ഇപ്പോള്‍ നന്നായി മുന്നോട്ടുപോകുന്നുണ്ടെന്ന് വിജയന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 100 രൂപ മുടക്കിയാല്‍ അര മണിക്കൂര്‍ കുതിവണ്ടിയില്‍ ചുറ്റിയടിക്കാമെന്നാണ് വിജയന്‍ പറയുന്നത്. 45 വര്‍ഷം മുമ്പ് ബേക്കലില്‍ കാളവണ്ടി ഓട്ടിച്ച പരിചയമുണ്ട്. എട്ട് വയസുള്ള കുതിരക്ക് കപാലിയെന്നാണ് പേരിട്ടിരിക്കുന്നത്.
കപാലിയിപ്പോള്‍ വിജയനുമായി നന്നായി ഇണങ്ങിക്കഴിഞ്ഞു. ആട് കൃഷിയുടെ ഇടവേളയില്‍ ലഭിക്കുന്ന സമയമാണ് കുതിര സവാരിക്ക് ഉപയോഗിക്കുന്നത്. പുത്തിലോട്ട് - കാലിക്കടവ് റോഡിലെ രണ്ട് മാസത്തെ പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം മുതല്‍ കപാലി സവാരി ക്കിറങ്ങിയത്. വിവാഹിതരാകുന്ന വധൂവരന്മാര്‍ക്ക് ആര്‍ഭാടമായി സഞ്ചരിക്കാന്‍ കുതിരവണ്ടി മോടികൂട്ടുന്ന ആലോചനയിലാണ് വിജയനിപ്പോള്‍.