കെട്ടിടം വിട്ടുനല്‍കുന്നതില്‍ തര്‍ക്കം; ചന്ദ്രഗിരി സ്‌കൂളില്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു
Nov 3, 2016, 13:05 IST
മേല്‍പറമ്പ്: (www.kasargodvartha.com 03/11/2016) ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത ചന്ദ്രഗിരി ഗവവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് കെട്ടിടം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് സമരം നടത്തിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റംചെയ്തു. പരിക്കേറ്റ ഹെഡ്മാസ്റ്റര്‍ വി ഇബ്രാഹിം (45), അധ്യാപികന്‍ പി ടി സണ്ണി (50) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
ബുധനാഴ്ച ഇതേആവശ്യംഉന്നയിച്ച് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കിസമരം നടത്തിയിരുന്നു. കെട്ടിടം വിട്ടുനല്‍കുന്നതുമായിബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ചയും കുട്ടികള്‍ പഠിപ്പ് മുടക്ക്‌സമരം നടത്തുകയായിരുന്നു. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റംചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
ഉദ്ഘാടനംചെയ്ത മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെനിലയും രണ്ടാമത്തെ നിലയും കെട്ടിടപരിമിതിയുള്ള ഹൈസ്‌കൂളിന് ആവശ്യമുണ്ടെന്നും മറ്റു ചെറിയ ബ്ലോക്കും മുകളിലത്തെ നിലയും ഹയര്‍സെക്കന്‍ഡറിക്ക് അനുവദിക്കാമെന്നായിരുന്നു ഹെഡ്മാസ്റ്ററും മറ്റും അറിയിച്ചത്. അതേസമയം മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെനില ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും ഹയര്‍സെക്കന്‍ഡറി അധ്യാപകരുടേയും നിലപാട്.
ഹൈസ്‌കൂളിന് രണ്ട് വര്‍ഷംമുമ്പ് സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റും ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫിഷറീസ് വകുപ്പ് ജില്ലാപഞ്ചായത്തിന് കെട്ടിടം കൈമാറിയപ്പോള്‍ കെട്ടിടങ്ങളുടെ താക്കോല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെയാണ് ഏല്‍പിച്ചിരുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗവും ഹൈസ്‌കൂള്‍വിഭാഗവും കെട്ടിടത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ കെട്ടിടം വിട്ടുകിട്ടാനായി സമരരംഗത്തിറങ്ങിയത്.
ഹൈസ്‌കൂളിന് ചെറിയ കെട്ടിടം നല്‍കാമെന്നായിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാദഗത്തിന്റെ നിലപാട്. കംപ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം എന്നിവയ്ക്ക് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെനില അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടത് ഹയര്‍സെക്കന്‍ഡറി അധികൃതരും പി ടി എ കമ്മിറ്റിയിലെ ചില ഭാരവാഹികളുമാണെന്ന് ഹൈസ്‌കൂള്‍ വിഭാഗം അധികൃതര്‍ ആരോപിക്കുന്നു.
പിന്നീട് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും ഹയര്‍സെക്കന്‍ഡറി അധികൃതരുടെ ഒത്തുതീര്‍ത്ത് ഫോര്‍മുലയ്ക്ക് വിദ്യാര്‍ത്ഥികള്‍ വഴങ്ങാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കയ്യേറ്റം ചെയ്തത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹെഡ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകരേയും തങ്ങള്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും കെട്ടിടത്തില്‍ കെട്ടിയ ഫഌക്‌സ് കീറിനശിപ്പിച്ചപ്പോള്‍ അധ്യാപകരെ മാറ്റുകയാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Keywords: Melparamba, School, Kasaragod, Assault, Teacher, Headmaster, HM and school teacher assaulted during students strike