നാട്ടുകാര്‍ നാടിറങ്ങി; രാവണീശ്വരത്തിന് ചരിത്രമായി
Apr 30, 2012, 08:23 IST

കാഞ്ഞങ്ങാട്: നാട്ടുകാര്‍ നാടിറങ്ങി നാടിന്റെ ഉള്ളകള്‍ ചികഞ്ഞ് രാവണീശ്വരത്തിന് ചരിത്രമായി. രാവണീശ്വരം ശോഭനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് രാവണീശ്വരം ഗ്രാമത്തിന്റെ ചരിത്രം ഒരുങ്ങിയത്.
കല്‍പടവ് എന്ന അര്‍ഥത്തില്‍ 'ഒതുക്ക്'-രാവണീശ്വരത്തിന്റെ ചരിത്രം എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മെയ് മൂന്നിന് പ്രകാശനം ചെയ്യും. ആറുമാസക്കാലം വിവിധ കൂട്ടായ്മകളിലൂടെയാണ് ചരിത്രത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിച്ചത്. പഴയ തലമുറയുടെ കൂട്ടായ്മയായ 'നാട്ടോര്‍മ്മ', തുടര്‍ന്ന് നാട്ടുകാരിലേക്ക് നടന്നിറങ്ങിയ 'നാടറിയാന്‍' രാവണീശ്വരത്തിന്റെ നാട്ടുഭാഷയെ കുറിച്ച് അറിയാന്‍ നടത്തിയ 'നാട്ടുബര്‍ത്താനം', പഴയകാല കളികളെ അറിയാന്‍ 'നാട്ടുവിനോദം' എന്നി സംഘടിപ്പിച്ചാണ് ചരിത്ര വിഭവങ്ങള്‍ ശേഖരിച്ചത്.
തുടര്‍ന്ന് ഈ വിഭവങ്ങള്‍ പരിശോധനക്ക് നാട്ടുകാരെ തന്നെ ഏല്‍പിച്ചു. ഈ പരിപാടിയെ സോഷ്യല്‍ എഡിറ്റിംഗ് എന്ന് വിളിച്ചു. രാവണീശ്വരത്തിന്റെ ആയിരം വര്‍ഷത്തെ ചരിത്രമാണ് 224പേജുകളില്‍ രേഖപ്പെടുത്തിയത്. വിവിധ ജാതി മതസമൂഹങ്ങളുടെ കടന്നുവരവ്, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസ രീതികള്‍, ആരാധാനാ രീതികള്‍, ഇവയുടെ സാമൂഹിക ബന്ധങ്ങള്‍, കാര്‍ഷിക സംസ്‌കാരം, രാഷ്ട്രീയ പരിണാമം കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍,എഴുത്തൂട് മുതലുള്ള വിദ്യാഭ്യാസ രംഗം തുടങ്ങി 12അധ്യായങ്ങളില്‍ നിരന്നിരിക്കുന്ന രാവണീശ്വരത്തിന്റെ ചരിത്രം.
സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഒരു ചെറു ഗ്രാമത്തിലുണ്ടാക്കുന്ന അലയൊലികളുടെ ആവിഷ്‌കാരമാണ് 'ഒതുക്ക്-രാവണീശ്വരത്തിന്റെ ചരിത്രം' പ്രകാശനത്തിന് ശേഷവും പുസ്തകത്തെ കൂടുതല്‍ ആഴത്തില്‍ പരിശോധന നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചരിത്രവിഭാഗം തലവന്‍ ഡോ. സി. ബാലന്റെ നേതൃത്വത്തില്‍ രവീന്ദ്രന്‍ രാവണേശ്വരം എഡിറ്ററായ സമിതിയാണ് രചന നിര്‍വഹിച്ചത്.
Keywords: History of ravaneshwaram, Book release, Kasaragod