Culture | ഹൈന്ദവ സംസ്കാരം ലോകത്തെ നയിക്കും: മാനവ വർമ്മ രാജ
വിവിധ സമുദായങ്ങളെ ഒരുമിപ്പിക്കുന്ന ഈ സംഗമം സമൂഹത്തിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞങ്ങാട്: (KasargodVartha) ഹൈന്ദവ സംസ്കാരം ലോകത്തിന് ദിശാബോധം നൽകുന്ന ഒരു മഹാസംസ്കാരമാണെന്ന് നീലേശ്വരം രാജവംശം മാനവ വർമ്മ രാജ അഭിപ്രായപ്പെട്ടു. കാസർകോട് ചൗക്കി കാവും മഠത്തിൽ നവംബർ 17 മുതൽ 26 വരെ നടക്കുന്ന ചതുർവേദ ജ്ഞാനമഹായജ്ഞത്തിന്റെ ഭാഗമായുള്ള സമാജ സാഹോദര്യ സമന്വയസംഗമം കാഞ്ഞങ്ങാട്ട് ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാനും അതിന് പുതിയൊരു ദിശ നൽകാനുമാണ് ഈ മഹായജ്ഞം’, മാനവ വർമ്മ രാജ പറഞ്ഞു. വിവിധ സമുദായങ്ങളെ ഒരുമിപ്പിക്കുന്ന ഈ സംഗമം സമൂഹത്തിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യ നീതി കർമ്മസമിതി ചെയർമാൻ ഗണേശ് അരമങ്ങാനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചതുർവേദ യജ്ഞത്തെ കുറിച്ച് വിശ്വജ്ഞാന സംഘം ട്രസ്റ്റ് ചെയർമാൻ ജയചന്ദ്രൻ ഒ.കെ. വിശദീകരിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതീ ക്ഷേത്ര സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കരിവെള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം, ബി കേശവ തന്ത്രി ആചാര്യ, എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ, ലക്ഷ്മി നാരായണ പട്ടേരി കാവുമഠം, രാംദാസ് വാഴുന്നോർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കാനത്തൂർ നന്ദിയും പ്രകാശിപ്പിച്ചു. 40 സമുദായ സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും വിവിധ ക്ഷേത്ര ഭാരവാഹികളും സമന്വയ സംഗമത്തിൽ പങ്കെടുത്തു.