Protest | കനകപ്പള്ളി ക്ഷേത്രത്തിന്റെ കമാനം പഞ്ചായത്ത് അധികൃതർ എടുത്തുമാറ്റാൻ ശ്രമിക്കുന്നത് മതസ്പർധ ഉണ്ടാക്കുമെന്ന് ഹിന്ദു ഐക്യവേദി; ധർണ നടത്തി
ജില്ലാ പ്രസിഡണ്ട് എസ് പി ഷാജി ഉദ്ഘാടനം ചെയ്തു
ബളാൽ: (KasaragodVartha) പഞ്ചായത്തിലെ കനകപ്പള്ളിയിലുള്ള ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ കമാനം ചില തൽപരകക്ഷികളുടെ ഇടപെടലിലൂടെ ഹൈക്കോടതി വിധിയുടെ മറവിൽ പഞ്ചായത്ത് അധികൃതർ എടുത്തുമാറ്റാൻ ശ്രമിക്കുന്നത് മലയോരമേഖലയിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ഇടയാകുമെന്നും സമവായത്തിലൂടെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി നേതൃത്വത്തിൽ കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ദേവസ്ഥാന ഭരണസമിതിയുടെയും, വിവിധ സമുദായ സംഘടന നേതാക്കളുടെയും, ക്ഷേത്രഭരണ സമിതികളുടെയും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെയും സഹകരണത്തോടെ ബളാൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ജില്ലാ പ്രസിഡണ്ട് എസ് പി ഷാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ പുറമ്പോക്കിൽ സ്ഥാപിച്ച അനധികൃതമായവയെല്ലാം നിരവധി കോടതി വിധികളുടെയും പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും നീക്കം ചെയ്യാം എന്നിരിക്കെ ക്ഷേത്രകമാനം മാത്രം നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഇടയിൽ വലിയ രീതിയിലുള്ള ചേരിതിരിവിന് ഇടയാകുമെന്ന് എസ് പി ഷാജി പറഞ്ഞു.
ക്ഷേത്രം പ്രസിഡൻറ് നാരായണൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, ഗണേഷ് അരമങ്ങാനം, വാസുദേവൻ മല്ലിശ്ശേരി, രാംദാസ് വാഴുന്നവർ, സൂര്യനാരായണ ഭട്ട് ബളാന്തോട്, ഈശാനൻ പിടാരാർ, രജനി സുരേഷ്, എ ശ്രീധരൻ, കൊട്ടോടി ഗോവിന്ദൻ മാസ്റ്റർ, രാജൻ മുളിയാർ, മോഹനൻ വാഴക്കോട്, തച്ചങ്ങാട് ഗോപാലകൃഷ്ണൻ, രാജൻ കോയങ്കര, കെ വി കുഞ്ഞിക്കണ്ണൻ കളളാർ തുടങ്ങിയവർ പങ്കെടുത്തു. വിനു വി സ്വാഗതവും ഷീല പി വി നന്ദിയും പറഞ്ഞു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കണ്ട് നിവേദനം സമർപ്പിച്ചു.