Legal Action | 'ഹൈകോടതി നിർദേശവും പഞ്ചായത്ത് മുന്നറിയിപ്പും അവഗണിച്ചു'; പൊതുസ്ഥലത്ത് ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ച ആശുപത്രിക്കെതിരെ പഞ്ചായത്ത് നടപടി തുടങ്ങി
● 1.94 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി തദ്ദേശസ്ഥാപനങ്ങൾ പിഴ ചുമത്തിയത്.
● സംസ്ഥാന സർക്കാർ വകുപ്പുകളുടെ പരസ്യ ബോർഡുകൾക്കെതിരായും പിഴ ചുമത്തിയിരുന്നു.
● ബോർഡ് സ്ഥാപിച്ചത് മൂലം ബസ് യാത്രക്കാർക്ക് ബസ് വരുന്നത് കാണാനാവുന്നില്ലെന്നും, വ്യാപാരസ്ഥാപനങ്ങളെ ബോർഡ് മറച്ചിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
മൊഗ്രാൽ: (KasargodVartha) സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്ന അരലക്ഷത്തോളം അനധികൃത ഫ്ലക്സ് ബോർഡുകളും, കൊടികളും, തോരണങ്ങളും, ബാനറുകളും നീക്കം ചെയ്തതിന് പിന്നാലെ തുടർനടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ രംഗത്തിറങ്ങി.
അനധികൃത ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 1.94 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി തദ്ദേശസ്ഥാപനങ്ങൾ പിഴ ചുമത്തിയത്. സംസ്ഥാന സർക്കാർ വകുപ്പുകളുടെ പരസ്യ ബോർഡുകൾക്കെതിരായും പിഴ ചുമത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊതു നിരത്തുകളുടെ വശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും കൊടി തോരണങ്ങളും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞാഴ്ച നീക്കം ചെയ്തിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ ടൗണിൽ സ്ഥാപിച്ച ആശുപത്രിയുടെ ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാൻ ബന്ധപ്പെട്ടവരോട് പലതവണകളായി ആവശ്യപ്പെട്ടുവെങ്കിലും എടുത്തുമാറ്റാൻ കൂട്ടാക്കാത്തതിനാൽ കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പരാതിയും നൽകിയിരുന്നു.
ബോർഡ് സ്ഥാപിച്ചത് മൂലം ബസ് യാത്രക്കാർക്ക് ബസ് വരുന്നത് കാണാനാവുന്നില്ലെന്നും, വ്യാപാരസ്ഥാപനങ്ങളെ ബോർഡ് മറച്ചിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്ത് സെക്രട്ടറിമാർ 5000 രൂപ പിഴ അടക്കേണ്ടി വരുമെന്ന് ഹൈകോടതി നിലപാട് കടുപ്പിച്ചിരുന്നു.
അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർക്ക് കഴിയുന്നില്ലെങ്കിൽ ഉദ്യോഗം രാജിവെച്ച് വീട്ടിലിരിക്കണമെന്ന് പോലും ഹൈകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ബോർഡുകൾ നീക്കം ചെയ്യാൻ കോടതി പറഞ്ഞ സമയം കഴിഞ്ഞിട്ടും മൊഗ്രാലിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാത്തത് പഞ്ചായത്ത് സെക്രട്ടറിക്ക് തലവേദനയായിരുന്നു. അതുകൊണ്ടുതന്നെയാണ് പിഴ ചുമത്താനുള്ള കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറി ഇപ്പോൾ നിർബന്ധിതരായത്.
#FlexBoard #PublicSpace #LegalAction #Panchayat #Kasaragod #KeralaNews