Court Ruling | പടന്ന ഗ്രാമപഞ്ചായത്ത് അടക്കം 9 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈകോടതി റദ്ദാക്കി
● നഗരസഭയിലെയും പഞ്ചായത്തിലെയും യുഡിഎഫ് ജനപ്രതിനിധികൾ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് വിധി.
● വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം പൂർത്തിയാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.
കൊച്ചി: (KasargodVartha) കാസർകോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് അടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈകോടതി റദ്ദാക്കി. പാനൂർ, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂർ, ഫറോഖ്, പട്ടാമ്പി നഗരസഭകളിലെയും വാർഡ് പുനർവിഭജനമാണ് കോടതി റദ്ദാക്കിയത്. നഗരസഭയിലെയും പഞ്ചായത്തിലെയും യുഡിഎഫ് ജനപ്രതിനിധികൾ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് വിധി.
സർക്കാരിന്റെ വാർഡ് പുനർവിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മീഷന്റെ മാർഗനിർദേശങ്ങളും നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. പുതിയ സെൻസസ് നടക്കുന്നതിനിടയിൽ, പഴയ സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഈ നടപടി സെൻസസ് നിയമം, സെൻസസ് ചട്ടങ്ങൾ, കൂടാതെ കേരള മുനിസിപ്പൽ ആക്ടിലെ 6(2) വകുപ്പ് എന്നിവ ലംഘിക്കുന്നതായാണ് ഹർജിയിൽ വ്യക്തമാക്കിയത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം പൂർത്തിയാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഹൈകോടതിയുടെ ഈ വിധി സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ്.
#HighCourt #WardDivision #Kasargod #LegalRuling #KeralaPolitics #UDF