city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹലോ പോലീസ് സ്‌റ്റേഷനല്ലേ; മറുപടി കൊക്കരേക്കോ

ആദൂര്‍: (www.kasargodvartha.com 14/08/2015) പോലീസ് സ്‌റ്റേഷനില്‍ വിളിക്കുന്നവര്‍ക്ക് മറുപടിയായി ലഭിക്കുന്നത് കോഴികളുടെ കൊക്കരേക്കോ ശബ്ദം. ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി സൂക്ഷിച്ചിരിക്കുന്ന അങ്കക്കോഴികളാണ് പോലീസുകാര്‍ക്കും സ്‌റ്റേഷനുമായി ബന്ധപ്പെടുന്നവര്‍ക്കും ഒരുപോലെ തലവേദനയായിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് ആദൂര്‍ പുലിപ്പറമ്പില്‍ വെച്ച്  കോഴിയങ്കത്തിന് ഉപയോഗിച്ച പത്തോളം കോഴികളെ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അഞ്ച് കോഴിവാളുകളും പിടിച്ചെടുത്തിരുന്നു. പുലിപ്പറമ്പില്‍ കോഴിയങ്കം നടക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആദൂര്‍ സി ഐ എ സതീഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി പത്തോളം അങ്കക്കോഴികളെ കസ്റ്റഡിയിലെടുക്കുകയും ഇതിന് നേതൃത്വം നല്‍കിയ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഏതാനും കോഴികള്‍ സ്ഥലത്തുനിന്നും ചിതറിയോടുകയും ചെയ്തു. വേഷം മാറിയാണ് പോലീസ് സംഘം കോഴിയങ്കം പിടികൂടാനെത്തിയത്. ചങ്ങരംപാടിയിലെ വേണുഗോപാല്‍, ബന്തടുക്കയിലെ സി കെ മാധവന്‍, ചാമക്കൊച്ചിയിലെ രാഘവന്‍, അഡൂരിലെ അനീഷ്, ബേത്തനടുക്കയിലെ അനീഷ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത അങ്കക്കോഴികളെ ഇനി തിങ്കളാഴ്ച മാത്രമേ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുകയുള്ളൂ. വെള്ളിയാഴ്ച കര്‍ക്കിടകവാവും ശനിയാഴ്ച സ്വാതന്ത്ര്യദിനവുമായതിനാല്‍ കോടതി പ്രവര്‍ത്തിക്കില്ല. ഞായറാഴ്ച പൊതുവെ അവധിയുമാണ്. മൂന്ന് അവധിദിവസങ്ങളിലും കോഴികള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ തന്നെ കഴിയേണ്ടിവരും. ലോക്കപ്പ് മുറിയിലാണ് കോഴികളെ സൂക്ഷിച്ചിരിക്കുന്നത്.

പത്ത് കോഴികളുടെയും അത്യുച്ചത്തില്‍ നീട്ടിയുള്ള കൂട്ടകൂവല്‍ പോലീസുകാര്‍ക്ക് വലിയ ശല്യമായി മാറിയിട്ടുണ്ട്. ഇതിന് പുറമെ കോഴികളുടെ പരസ്പരമുള്ള പോരും ബഹളവും കാരണം അക്ഷരാര്‍ത്ഥത്തില്‍ പോലീസുകാര്‍ വശംകെട്ടു. പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന പരാതിക്കാരുടെയും പ്രതികളുടെയും മറ്റും കാര്യങ്ങള്‍ നോക്കേണ്ട സമയത്ത് അങ്കക്കലി പൂണ്ട കോഴികളെ മെരുക്കുന്നതിന് സമയം കണ്ടെത്തേണ്ട ഗതികേടിലാണ് പോലീസുകാര്‍. ഇവയ്ക്ക് തീറ്റ കൊടുക്കേണ്ട ജോലിയും പോലീസുകാര്‍ക്ക് തന്നെ.

ഇടതടവില്ലാത്ത കൊക്കരക്കോ എന്ന ഒന്നിന് പിറകെ ഒന്നായുള്ള കൂവല്‍ കാരണം വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്ന് പോലീസുകാര്‍ പറയുന്നു. ഒന്നുറങ്ങിയാല്‍ തന്നെയും കൂവല്‍ കേട്ടി ഞെട്ടി ഉണരേണ്ടിയും വരുന്നു. അങ്ങേയറ്റം അരോചകമായ ശബ്ദത്തില്‍ കാറിക്കൂവുന്ന കോഴികളും ഇക്കൂട്ടത്തിലുണ്ട്. കര്‍ണ്ണപുടം പോലും പൊട്ടിപ്പോകുന്ന തരത്തിലുള്ള ഇത്തരം കോഴികളുടെ കൂവലാണ് പോലീസുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പോലീസ് സ്‌റ്റേഷനിലേക്ക് ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ പോലീസുകാര്‍ ഫോണെടുക്കുമ്പോള്‍ തന്നെയാകും കോഴിയുടെ കൂവലും ഉണ്ടാകുക. പരാതിവ്യക്തമായി കേള്‍ക്കാന്‍ സാധിക്കില്ല. ആശയവിനിമയം കോഴികളുടെ ബഹളത്തിനിടയില്‍ മുങ്ങിപ്പോകുന്നു.

പ്രതികളോടുള്ള പോലീസുകാരുടെ 'ഭാഷ' മാറ്റി കോഴികളെഅനുനയിപ്പിക്കാന്‍ നാട്ടിന്‍ പുറങ്ങളില്‍ഉപയോഗിക്കുന്ന ഭാഷ ചില പോലീസുകാര്‍ ഉപയോഗിച്ചുനോക്കിയെങ്കിലും മുഴുവന്‍ കോഴികളുടെയും അടുത്ത് ഇത് വിലപോകുന്നില്ല. മാത്രമല്ല ചില കോഴികള്‍ പതിന്‍മടങ്ങ് ശക്തിയില്‍ കൂവിയാര്‍ക്കുകയും ചെയ്യുന്നു. പ്രതികള്‍ക്ക് നേരെയുള്ള പോലീസിന്റെ ആക്രോശങ്ങളും പോലീസ് കസ്റ്റഡിയില്‍ ഇടികൊള്ളുന്നവരുടെ അലര്‍ച്ചകളും കോഴികളുടെ കൂവലും വേര്‍തിരിച്ചറിയാനാവാതെ ആകെ ബഹളമയമാണ് ഇപ്പോള്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ അവസ്ഥ.
ഹലോ പോലീസ് സ്‌റ്റേഷനല്ലേ; മറുപടി കൊക്കരേക്കോ

Related News: 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia