city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; രോഗിക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കാസര്‍കോട്: (www.kasargodvartha.com 09.10.2018) ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്നതും അതിവേഗം പടരുന്നതുമായ ചിക്കന്‍പോക്സിനെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 'വേരിസെല്ലസോസ്റ്റര്‍' എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ ഈ രോഗത്തിനെ ഏറെ ശ്രദ്ധയോടെ കാണണം.

പ്രധാന ലക്ഷണങ്ങള്‍

1.പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കന്‍പോക്സിന്റെ ആദ്യഘട്ടം. കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
 2. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കന്‍പോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 26 ദിവസംവരെ  ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങല്‍ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകള്‍ ചിക്കന്‍പോക്സില്‍ സാധാരണയാണ്.
3. മിക്കവരിലും തലയിലും വായിലും ആണ് കുരുക്കള്‍ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തില്‍ ഇത് കൂടുതലാണ്. എന്നാല്‍, കൈകാലുകളില്‍ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
4.ചിക്കന്‍പോക്സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചില്‍. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാല്‍ പഴുക്കാന്‍ സാധ്യത കൂടുതലാണ്.

രോഗം പകരുന്നത് എങ്ങനെ?..

രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള  സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക.കൂടാതെ, സ്പര്‍ശനം മൂലവും ചുമയ്ക്കമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍, പൊതു പ്രതിരോധം തകരാറിലായാല്‍ മാത്രം വീണ്ടും വരാറുണ്ട്.

ചിക്കന്‍പോക്സ് സങ്കീര്‍ണതകള്‍

ഗര്‍ഭിണികള്‍: ഗര്‍ഭത്തിന്റെ ഒമ്പതു മുതല്‍ 16 വരെയുള്ള ആഴ്ചകളില്‍ അമ്മയ്ക്ക് ചിക്കന്‍പോക്സ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളര്‍ച്ച ഇവ സംഭവിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കന്‍പോക്സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോര്‍, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാറുണ്ട്.

ചിക്കന്‍ പോക്സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗര്‍ഭിണികളിലും ദുര്‍ബലരിലും സങ്കീര്‍ണതയ്ക്കിടയാക്കും.കുമിളകള്‍ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരില്‍ സങ്കീര്‍ണത സൃഷ്ടിക്കും.

പച്ചക്കറികള്‍ ധാരാളമടങ്ങിയ നാടന്‍ ഭക്ഷണങ്ങള്‍ ചിക്കന്‍പോക്സ് ബാധിച്ചവര്‍ക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കേണ്ടത്:

കുരുക്കള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരില്‍ അടയാളം കൂടുതല്‍ കാലം നിലനില്‍ക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല  ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകര്‍ത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ രോഗ തീവ്രത കുറക്കുന്നു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. സ്വയം ചികിത്സ അരുത്.
ചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; രോഗിക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Health, News, Chickenpox, Health dept warned on chickenpox 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia