Damage | കാസർകോടിൻ്റെ വടക്കൻ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശം; ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്
● ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു
● ഫയർഫോഴ്‌സ് പുലർച്ചെവരെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടു
● റവന്യു ഉദ്യോഗസ്ഥർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
കാസര്‍കോട്: (KasargodVartha) ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശനഷ്ടം. ഹൊസങ്കടിയിൽ ഇടിമിന്നലില്‍ വീടിന്റെ ചുമര് തകരുകയും വീടിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. മഞ്ചേശ്വരം പൊസോട്ടും ഉപ്പളയിലും നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ബന്തിയോട് ഇച്ചിലങ്കോട് - വളാക് റോഡ് കനത്ത മഴയിൽ കുത്തിയൊലിച്ച് സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയി. 200 മീറ്ററോളം ഭാഗത്തെ റോഡാണ് ഒലിച്ചുപോയത്. ഹൊസങ്കടി മള്ഹറിന് മുന്‍വശത്തെ ബിഎം മുഹമ്മദ് എന്ന ശബീറിന്റെ വീടിന്റെ ചുമരാണ് ഇടിമിന്നലിൽ തകർന്നത്. അതിശക്തമായ ഇടിയും മിന്നലും ഉണ്ടായതിന് പിന്നാലെയാണ് അപകടം ഉണ്ടായത്.
വീട്ടുകാരെല്ലാം അപകടം ഉണ്ടായപ്പോൾ കിടപ്പുമുറിയില്‍ ആയിരുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. ചുമര് വലിയ രീതിയിൽ തകർന്നതോടെ വീടിന്റെ കെട്ടുറപ്പ് തന്നെ ഭീഷണിയിലായി. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം കത്തിനശിച്ചതായി വീട്ടുകാർ പറഞ്ഞു. ഇലക്ട്രിക് വയറിങുകളും, കമ്പികളും, ഫാനുകളും ഉരുകി നശിച്ചു.
പൊസോട്ടെ മഹ്‌മൂദ്, ഇസ്മാഈൽ, അബ്ദുർ റഹ്‌മാൻ എന്നിവരുടെ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബാംഗങ്ങളെ മറ്റൊരിടത്തേക്ക് ഫയർ ഫോഴ്‌സ് മാറ്റിപാർപ്പിച്ചു. ഇതുകൂടാതെ ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുല്ല, മുഹമ്മദ്, പ്രശാന്ത് എന്നിവരുടെ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഈ വീടുകളിലെ മുറികളിലെ വെള്ളം മോടോർ പമ്പ് വെച്ച് ഫയർഫോഴ്‌സ് ഒഴുക്കിക്കളഞ്ഞു.
രാത്രി മുഴുവൻ ജനറേറ്റർ വെച്ചായിരുന്നു ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം. സ്റ്റേഷൻ ഓഫീസർ സി പി രാജേഷിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ശാഫി, വിഷ്‌ണു, വിപിൻ, ശരത് ലാൽ, സുരേഷ് ബാബു, അഭിജിത്, ശരൺ, വിശാഖ്, ഹോം ഗാർഡ് കെകെവി സുരേഷ് എന്നിവർ ചേർന്ന് പുലർച്ചെവരെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്.
ഇച്ചിലങ്കോട് റോഡ് ഒലിച്ചുപോയതിനാൽ ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലായി. ഒരു സൈകിൾ പോകുന്ന വീതിയിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഇച്ചിലങ്കോട് മാലിക് ദീനാർ മസ്ജിദ്, സ്‌കൂൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവയിലേക്കുള്ള വഴിയും റോഡ് ഒലിച്ച് പോയത് കാരണം തടസപ്പെട്ടിട്ടുണ്ട്. ഇടി മിന്നലേറ്റ വീട് തഹസിൽദാർ, വിലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
ചൊവ്വാഴ്ച ഉച്ചയോടെ മഴ ദുർബലമായിട്ടുണ്ട്. വെള്ളം ഇറങ്ങിയാൽ വീട്ടിലേക്ക് മടങ്ങിപ്പോകാമെന്ന വിശ്വാസത്തിലാണ് മാറ്റിപ്പാർപ്പിച്ച കുടുംബാംഗങ്ങൾ ഉള്ളത്. അതിനിടെ ഷിറിയിൽ റോഡിൽ ഉണ്ടായ വെള്ളക്കെട്ട് മഴ കുറഞ്ഞതോടെ ഒഴിവായിട്ടുണ്ട്.
#KasaragodFloods #KeralaRains #NaturalDisaster #RescueOperations #HelpKerala