Rain | കനത്ത മഴ: കാസർകോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 15ന് തിങ്കളാഴ്ച അവധി
കാസർകോട്: (KasargodVartha) കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിലെ സംസ്ഥാന, സിബിഎസ്ഇ, ഐ സി എസ് സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂലൈ 15) ജില്ലാ കലക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ തിങ്കളാഴ്ച അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്.
അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണം. കോളേജുകൾക്ക് തിങ്കളാഴ്ചത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ - വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നുവെന്നും വകുപ്പ് വ്യക്തമാക്കി.