Court Directive | ഹൈകോടതി വടിയെടുത്തിട്ടും പൊതുനിരത്തുകളിൽ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിക്കുന്നതിൽ ഒരു കുറവുമില്ല; നീക്കം ചെയ്യാനുള്ള അവസാന ദിവസത്തിലും സ്ഥിതി പഴയപടി
● പൊതു നിരത്തുകളിൽ നിന്ന് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 18 ആണ്.
● സിപിഎം സമ്മേളനങ്ങൾ നടന്ന വരുന്ന സമയമാണിത്. പോരാത്തതിന് ഉറൂസുകളുടെ സീസണും.
● രാഷ്ട്രീയ പാർട്ടികൾക്ക് ഇനി നേതാക്കളുടെ കട്ടൗട്ടുകളും മറ്റും പൊതു ഇടങ്ങളിൽ സ്ഥാപിക്കാൻ ആവില്ല.
കുമ്പള: (KasargodVartha) ഹൈകോടതി നിയമം കടുപ്പിക്കുമ്പോഴും, തദ്ദേശ സെക്രട്ടറിമാർക്ക് അന്ത്യശാസനം നൽകുമ്പോഴും പൊതുനിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിൽ ഒരു കുറവുമില്ല. ഇത് തലവേദനയാവുന്നത് തദ്ദേശ സെക്രട്ടറിമാർക്ക് തന്നെയാണ്. നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവെച്ചു വീട്ടിലിരിക്കാൻ വരെ ഹൈകോടതി കഴിഞ്ഞയാഴ്ചയാണ് നിർദേശം നൽകിയത്. പൊതു നിരത്തുകളിൽ നിന്ന് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 18 ആണ്.
ഇനി മേലാൽ ഒരു വിധ പോസ്റ്ററുകളും, ബോർഡുകളും,ബാനറും പ്രധാന നിരത്തുകളിൽ കണ്ടു പോകരുതെന്നാണ് ഹൈകോടതി നിർദേശം. സിപിഎം സമ്മേളനങ്ങൾ നടന്ന വരുന്ന സമയമാണിത്. പോരാത്തതിന് ഉറൂസുകളുടെ സീസണും. ഒപ്പം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത വർഷം ഉണ്ടാകും. കോടതി വടിയെടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികൾക്ക് ഇനി നേതാക്കളുടെ കട്ടൗട്ടുകളും മറ്റും പൊതു ഇടങ്ങളിൽ സ്ഥാപിക്കാൻ ആവില്ല. പരിപാടികളിൽ സംബന്ധിക്കുന്ന അതിഥികളുടെ ഫോട്ടോ അടങ്ങിയ ഫ്ലക്സ് ബോർഡുകളും, വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളുമെല്ലാം ബുധനാഴ്ചയ്ക്കകം നീക്കം ചെയ്തിട്ടില്ലെങ്കിൽ 5000 രൂപ നിരക്കിൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്.
നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്തവയുടെ എണ്ണം,ചുമത്തിയ പിഴ, ഈടാക്കിയ പിഴ എന്നിവയുടെ വിവരങ്ങൾ ഹൈകോടതിയിൽ സമർപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ തദ്ദേശ സെക്രട്ടറിമാർക്ക് ഇന്ന് അതാത് പഞ്ചായത്തുകളിൽ ബോർഡുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കേണ്ടി വരും. ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും നടപടി സ്വീകരിക്കും. പിഴ ഈടാക്കുകയും ചെയ്യും.
#FlexBoards, #HCCourtOrder, #PublicSpaces, #Kerala, #PoliticalEvents, #Fines