തട്ടിപ്പ് കേസില്‍ സൈനബയ്ക്ക് ഹൈക്കോടതി ജാമ്യം
Apr 3, 2012, 14:30 IST
![]() |
Sainaba |
ഭര്‍ത്താവ് പള്ളിക്കര മാസ്തിഗുഡ്ഡയിലെ എം ജി ഷാഫി, സുഹൃത്ത് മാസ്തിഗുഡ്ഡയിലെ തന്നെ ഗള്‍ഫുകാരന്‍ ഷബീറിനെ ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സൈനബ ഹൈക്കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം.മാര്‍ച്ച് 17 ന് ഉച്ചക്ക് കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് സൈനബയെ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലും സംഘവും കസ്റഡിയിലെടുത്തത്. ഗള്‍ഫുകാരന്‍ ബേക്കല്‍ കോട്ടക്കുന്നിനടുത്തുള്ള മാസ്തി ഗുഡ്ഡയിലെ പാണ്ട്യാല ഷബീറിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനബയെ പോലീസ് അറസ്റ് ചെയ്തതും കേസെടുത്തതും.
പരാതിക്കാരനായ ഷബീര്‍ സൈനബയുടെ ഭര്‍ത്താവ് മാസ്തിഗുഡ്ഡയിലെ എം ജി ഷാഫിയുടെ ഉറ്റ ചങ്ങാതിയാണ്. സൈനബ ഭര്‍ത്താവ് ഷാഫിയുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഷാഫിക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പടന്നക്കാടിനടുത്ത കരുവളത്ത് താമസിക്കുന്ന വാടക വീട് അടച്ച് പൂട്ടി സൈനബയെയും മക്കളെയും ഷാഫി പുറത്താക്കിയതിനെ തുടര്‍ന്ന് സൈനബ 2011 ജൂണ്‍ 10 ന് കോടതിയില്‍ ഗാര്‍ഹീക പീഡനത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അകന്നു. ഭര്‍ത്താവ് ഇവരെ തിരിഞ്ഞ് നോക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് തനിക്കും മക്കള്‍ക്കും സംരക്ഷണ ചിലവ് ആവശ്യപ്പെട്ട് സൈനബ ഷാഫിക്കെതിരെ മറ്റൊരു കേസ് കൂടി കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ സൈനബക്ക് പ്രതിമാസം 1000 രൂപയും മക്കള്‍ക്ക് 750 രൂപ വീതവും നല്‍കാന്‍ കോടതി ഷാഫിയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ കോടതി നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 2011 ഡിസംബര്‍ 3 ന് ഷാഫിക്കെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ കേസില്‍ കോടതിയില്‍ ഹാജരായി സംരക്ഷണ ചിലവ് ഷാഫി അടക്കുകയായിരുന്നു.
ഇതിനിടയില്‍ സൈനബ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിപ്പിക്കാനും ഭര്‍ത്താവ് ഷാഫിയുമായുള്ള പിണക്കം തീര്‍ക്കാനും പാണ്ട്യാല ഷബീര്‍ മധ്യസ്ഥനായി രംഗത്ത് വന്നു. ഭര്‍ത്താവ് ഷാഫിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഷബീര്‍ മധ്യസ്ഥനായത്. സൈനബയുമായി ഷബീര്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പുറമെ ഷബീറും ഷാഫിയും കൂട്ടായി സൈനബയുമായി പലതവണ സംസാരിക്കുകയും ചെയ്തു. തന്റെ സ്വര്‍ണ്ണം തിരിച്ച് തരണമെന്നും തട്ടിയെടുത്ത ചെക്കുകള്‍ മടക്കി നല്‍കണമെന്നുമുള്ള ഉപാധികളാണ് ചര്‍ച്ചയില്‍ സൈനബ മുന്നോട്ട് വെച്ചത്. എന്നാല്‍ ഷാഫി അതിന് തയ്യാറായില്ല. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് അവസാന മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് ഷബീറിനെയും കൂട്ടി തിരിച്ച് പോയതെന്ന് സൈനബ പറയുന്നു. തന്നോടുള്ള വാശിയും പകയും തീര്‍ക്കാന്‍ ഷബീറിനെ ഉപയോഗിച്ച് ഷാഫി കുടുക്കുകയായിരുന്നുവെന്നും ഇതിന് പിന്നില്‍ മറ്റ് ചിലരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
1993 മാര്‍ച്ച് 24 നാണ് ഓര്‍ച്ച അസ്സത്തുല്‍ ഇസ്ലാം പള്ളിയില്‍ വെച്ചാണ് ഷാഫിയും സൈനബയും വിവാഹിതരായത്. സ്ത്രീധനമായി വീട്ടുകാര്‍ ഷാഫിക്ക് രണ്ടര ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നല്‍കി. കല്യാണത്തിന് ശേഷം പണത്തിനും പൊന്നിനും വേണ്ടി ഷാഫി സൈനബയെ ശാരിരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാനാവാതെ സൈനബക്ക് ഭര്‍തൃഗൃഹത്തില്‍ നിന്നും മടങ്ങിപ്പോകേണ്ടി വന്നു.
ഈ ദാമ്പത്യബന്ധത്തില്‍ മൂന്ന് കുട്ടികളാണ് പിറന്നത്. സൈനബയുടെ പിതാവ് ഇതിനിടയില്‍ വിസ സംഘടിപ്പിച്ച് നല്‍കിയതിനെ തുടര്‍ന്ന് ഷാഫി ഗള്‍ഫില്‍ പോയി. പല തവണ ഗള്‍ഫില്‍ പോയി മടങ്ങിയ ഷാഫി 2008 ല്‍ കണ്ണൂരില്‍ നൂര്‍ജഹാന്‍ എന്ന യുവതിയെ മറ്റൊരു വിവാഹം കഴിച്ചു. എല്ലാം സഹിച്ചും, ക്ഷമിച്ചും കഴിഞ്ഞ സൈനബ ഷാഫി ആവശ്യപ്പെടുന്ന സമയത്തൊക്കെ ബാപ്പയോടും സഹോദരന്മാരോടും പണം വാങ്ങി നല്‍കുമായിരുന്നു. സ്ത്രീധനമായി നല്‍കിയ 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് ഷാഫി പിന്നീട് പള്ളിക്കരയില്‍ ഇറച്ചിക്കട തുടങ്ങുകയായിരുന്നു.
2010 ഫെബ്രുവരി 25 ന് സൈനബയുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ചെറുവത്തൂരിലെ ഒരു സ്വര്‍ണ്ണാഭരണ കടയില്‍ നിന്നാണ് സൈനബയും ഷാഫിയും ചെന്ന് മകള്‍ക്ക് സ്വര്‍ണ്ണം കടം വാങ്ങിയത്. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തൈക്കടപ്പുറം ശാഖയില്‍ സൈനബയുടെ അക്കൌണ്ടിലുള്ള രണ്ട് ബ്ളാങ്ക് ചെക്ക് ലീഫുകളാണ് ഷാഫി പണത്തിന് പകരം ജ്വല്ലറിയില്‍ നല്‍കിയത്. ബ്ളാങ്ക് ചെക്കുകളില്‍ ഷാഫി നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കുകയായിരുന്നുവത്രെ. മകളുടെ കല്യാണ ശേഷം ഷാഫി സൈനബയെ വീണ്ടും പീഡിപ്പിക്കാന്‍ തുടങ്ങി.
സൈനബയുടെ ഒപ്പിട്ട എട്ട് ബ്ളാങ്ക് ചെക്കുകള്‍ കൈവശപ്പെടുത്തിയ ഷാഫി തൃക്കാക്കരയിലെ സുഹ്റ എന്ന സ്ത്രീക്ക് രണ്ട് ചെക്കുകള്‍ നല്‍കി അരലക്ഷം രൂപയും തൈക്കടപ്പുറത്തെ കൃഷ്ണനില്‍ നിന്ന് കാല്‍ ലക്ഷം രൂപയും നീലേശ്വരത്തെ രമേശനില്‍ നിന്ന് 15,000 രൂപയും വായ്പകള്‍ എടുത്തു. മകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ ഷാഫി പിന്നീട് ഷാര്‍ജയിലേക്ക് പോയി. 2011 മെയ് 24 ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ഷാഫി ഭാര്യയോട് ക്രൂരമായാണ് പെരുമാറിയത്. പലതവണ വീട്ടില്‍ നിന്ന് സൈനബയെ അടിച്ച് പുറത്താക്കിയ സംഭവവും നടന്നിട്ടുണ്ട്. സഹികെട്ടാണ് സൈനബ ഷാഫിക്കെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതയായത്. കേസുകള്‍ പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഏറ്റവുമൊടുവില്‍ ഷാഫി ഗള്‍ഫുകാരനായ സുഹൃത്ത് ഷബീറിനെ ഉപയോഗിച്ച് തന്നെ കുടുക്കിയതെന്നാണ് സൈനബ ജാമ്യാപേക്ഷയില്‍ വിശദീകരിച്ചത്.
Keywords: Sainaba, Cheatinig case, Bail, Kasaragod