Allegation | 'കാസർകോട്ട് പൊലീസ് നടത്തിയത് ഹവാല പൊട്ടിക്കൽ; കോടതിയിലെത്തിയപ്പോൾ പകുതി പോലും കാണിച്ചില്ല'; ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ
● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● പിടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം പൊലീസ് തട്ടിയെടുത്തുവെന്നാണ് ആരോപണം.
● പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കാസർകോട്: (KasargodVartha) മലപ്പുറത്ത് സ്വർണം പൊട്ടിക്കൽ നടത്തിയതിന് സമാനമായി കാഞ്ഞങ്ങാട്ട് പൊലീസ് ഹവാല പൊട്ടിക്കലും നടത്തിയെന്ന ഗുരുതര ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ. 26 ഹവാല പൊട്ടിക്കൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്നതായാണ് എംഎൽഎയുടെ ആരോപണം. നിയമ വിധേയമല്ലാത്ത പണം പിടികൂടുന്നതിനിടയിലാണ് പൊലീസ് രേഖയിൽ കൃത്രിമം കാട്ടി പണം അടിച്ച് മാറ്റിയതെന്ന് എംഎൽഎ ആരോപിച്ചു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സിആർപിസി 102 വകുപ്പാണ് പൊലീസിന് ഇത്തരം കള്ളക്കടത്ത് പണം പിടികൂടാൻ അധികാരം നൽകുന്നത്. ഇത്തരത്തിൽ 2020 മുതൽ 2023 വരെയുള്ള വർഷത്തിൽ 26 ഹവാല കേസുകളാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു കേസ് 2023 ഓഗസ്റ്റ് 25ന് നടന്നതാണ്. രാവിലെ 9.45 മണിക്ക് അജാനൂർ കോയാപള്ളിക്ക് സമീപം റോഡിൽ വെച്ച് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി എം ഇബ്രാഹിം എന്നയാളുടെ കെ എൽ 14 എ സി 1857 ബൈകിൽ നിന്നും രേഖയില്ലാതെ കടത്തുകയായിരുന്ന 4.68 ലക്ഷം രൂപ പിടിച്ചെടുത്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
എന്നാൽ ഇബ്രാഹിമിന്റെ കയ്യിൽ നിന്നും ഏഴ് ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തതെന്നും ബാക്കി പണം പൊലീസ് മുക്കിയെന്നുമാണ് എംഎൽഎ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2.32 ലക്ഷം രൂപ പൊലീസ് തട്ടിയെടുത്തുവെന്ന് കാണിച്ച് ഇബ്രാഹിം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും അടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച് ഉദ്‌ഘാടനം ചെയ്യവെയാണ് ആദ്യം എംഎൽഎ ഇത്തരമൊരു ആരോപണം വെളിപ്പെടുത്തിയത്. ഇബ്‌റാഹിമിന്റെ കേസിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് 25 കേസുകളിലും ഇത്തരത്തിൽ പൊലീസ് പണം തട്ടിയിട്ടുണ്ടാവാമെന്നാണ് എംഎൽഎ ആരോപിക്കുനന്ത്
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിച്ചെടുത്ത പണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ ഇത്തരത്തിൽ തട്ടിയെടുക്കുമെന്ന് തോന്നുന്നില്ലെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു.
#KasargodHawalaCase, #KeralaPolice, #Corruption, #NANellikkunn, #KeralaPolitics, #Investigation