Haritha Keralam | ഹരിതകേരളം: കാസർകോട് നഗരസഭാ സ്ഥാപനങ്ങൾക്ക് മികച്ച നേട്ടം
* സ്ഥാപനങ്ങളെയും ജീവനക്കാരെയും നഗരസഭ ഭരണസമിതി അഭിനന്ദിച്ചു
കാസർകോട്: (KasargodVartha) പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്‌കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ - മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഹരിതകേരളം മിഷൻ നൽകുന്ന സാക്ഷ്യപത്രത്തിന് കാസർകോട് നഗരസഭാ സ്ഥാപനങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കി.
കാസർകോട് നഗരസഭ കാര്യാലയം, കാസർകോട് നഗരസഭ കുടുംബാരോഗ്യ കേന്ദ്രം, ജി.എം.വി.എച്ച്.എസ് സ്കൂൾ തളങ്കര, എ.യു.പി സ്കൂൾ നെല്ലിക്കുന്ന്, ജി.എൽ.പി സ്കൂൾ അണങ്കൂർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എ പ്ലസ് ഗ്രേഡും ജി.എൽ.പി സ്കൂൾ തെരുവത്ത്, ജി.എൽ.പി സ്കൂൾ തളങ്കര പടിഞ്ഞാർ, ടി.എ.ഐ.എസ് ജി.എം.എൽ.പി സ്കൂൾ തളങ്കര കുന്നിൽ, ജി.എച്ച്.എച്ച്.എസ് സ്കൂൾ കാസർകോട്, ജി.എൽ.പി സ്കൂൾ കൊല്ലമ്പാടി, ജി.യു.പി സ്കൂൾ നുള്ളിപ്പാടി, ജി.എഫ്.യു.പി സ്കൂൾ അടുക്കത്ത്ബയൽ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എ ഗ്രേഡും ലഭിച്ചു.
സ്ഥാപനങ്ങൾക്കുള്ള സാക്ഷ്യപത്രം ഹരിതകേരളം മിഷൻ കാസർകോട് ബ്ലോക്ക് കോർഡിനേറ്റർ നീലാംബരൻ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗത്തിന് കൈമാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, നഗരസഭാ എൻജിനീയർ ദിലീഷ് എൻ.ഡി, റവന്യൂ ഓഫീസർ എ.പി ജോർജ്ജ്, രജിസ്ട്രാർ കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, നാരായണി തുടങ്ങിയവർ സംബന്ധിച്ചു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങളെയും ജീവനക്കാരെയും നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് എന്നിവർ അഭിനന്ദിച്ചു.