Financial assistance | കുവൈറ്റിലെ തീപ്പിടുത്തത്തിൽ മരണപ്പെട്ട കാസർകോട്ടെ 2 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി; 14 ലക്ഷത്തിന്റെ ചെക്കുമായി മന്ത്രി വീടുകളിലെത്തി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ, എംഎ യൂസഫലി നൽകിയ അഞ്ച് ലക്ഷം രൂപ, രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപ, ബാബു സ്റ്റീഫൻ നൽകിയ രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് തുക
കാസർകോട്: (KasargodVartha) കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശി പി കേളുവിന്റെയും ചെർക്കള കുണ്ടടുക്കയിലെ കെ രഞ്ജിത്തിന്റെയും കുടുംബാംഗങ്ങൾക്കുള്ള സംസ്ഥാന സർക്കാറിൻ്റെ ആശ്വാസ ധനസഹായം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീടുകളിലെത്തി കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ, എംഎ യൂസഫലി നൽകിയ അഞ്ച് ലക്ഷം രൂപ, രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപ, ബാബു സ്റ്റീഫൻ നൽകിയ രണ്ട് ലക്ഷം രൂപ ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി കൈമാറിയത്. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്നതൊന്നും പകരമാവില്ലെങ്കിലും കുടുംബങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ കരുതലായാണ് ധനസഹായം നൽകുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക നിർദേശപ്രകാരമാണ് കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ വീടുകളിൽ നേരിട്ട് എത്തി തുക കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു. തെക്കുമ്പാട് പി കേളുവിന്റെ വീട്ടിൽ ഭാര്യ മണി ചെക്ക് ഏറ്റുവാങ്ങി. എം രാജഗോപാലൻ എംഎൽഎ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ ബാവ, നോർക്ക റൂട്ട്സ് റീജണൽ മാനേജർ സി രവീന്ദ്രനാഥ്, ഹൊസ്ദുർഗ് തഹസിൽദാർ എം മായ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചെർക്കള കുണ്ടടുക്കത്തുള്ള വീട്ടിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും രജ്ഞിതിൻ്റെ പിതാവ് രവീന്ദ്രൻ ചെക്ക് ഏറ്റുവാങ്ങി. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, കലക്ടർ കെ ഇമ്പശേഖർ, തഹസിൽദാർ പി വി മുരളി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ, വാർഡ് മെമ്പർ പി ശിവപ്രസാദ്, നോർക്ക റൂട്ട്സ് മാനേജർ സി രവീന്ദ്രൻ സി, എം പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.