Death | ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ; മരണം വിവാഹത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെ

● വലിയപറമ്പ് മാവിലാകടപ്പുറത്തെ പി മുഹമ്മദ് നവാസ് ആണ് മരിച്ചത്.
● ഗൾഫിൽ നിന്ന് രണ്ട് മാസം മുൻപാണ് നവാസ് നാട്ടിലെത്തിയത്.
പടന്ന: (KasargodVartha) വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഗൾഫിൽ നിന്ന് രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയപറമ്പ് മാവിലാകടപ്പുറം ഒരിയര കെ സി ഹൗസിലെ കെ സി അബ്ദുൽ ഖാദറിൻ്റെ മകൻ പി മുഹമ്മദ് നവാസ് (27) ആണ് മരിച്ചത്. വീട്ടിലെ രണ്ടാം നിലയിലെ മുറിയിൽ വെള്ളിയാഴ്ച വൈകുന്നേരം 6:40 ഓടെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവം കണ്ടയുടൻ വീട്ടുകാർ കുരുക്ക് അറുത്ത് മാറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും നവാസ് മരണപ്പെട്ടിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവിന് വേണ്ടി വീട്ടുകാർ ഒരു പെൺകുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. പലപ്പോഴും ഇവർ ഫോണിൽ സംസാരിക്കുകയും ചെയ്തുവന്നിരുന്നുവെന്നും വിവാഹത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെ പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി ഇഷ്ടമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് മാനസികമായി തകർന്നതായാണ് പറയുന്നത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ വിളിച്ച് ഞാൻ പോകുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നതായും പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പെൺകുട്ടിയാണ് വിവരം യുവാവിന്റെ വീട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായാണ് പറയുന്നത്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ശര്‍ഫ, ഖമറുന്നീസ.
#KeralaNews #Kasargod #Tragedy #Death #GulfReturne