Allegation | ജി എസ് ടി വ്യാപനം സാധാരണക്കാരന്‍റെ സാമ്പത്തിക ഭാരം വർധിപ്പിക്കും; കേന്ദ്ര സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ
30 മുതൽ 50 കിലോഗ്രാമുവരെ വരുന്ന പാക്കറ്റുകളിലും ഇനി മുതൽ ജി.എസ്.ടി ബാധകമാക്കുന്നതോടെ, നഗര, ഗ്രാമീണ മേഖലകളിലെ സാധാരണ ജനങ്ങളുടെ നിത്യോപയോഗ ചെലവുകൾ വർധിക്കുമെന്നാണ് നിരീക്ഷണം.
കാസർകോട്: (KasargodVartha) അരിയും മറ്റ് ധാന്യ-പയറുവർഗ്ഗങ്ങൾ ഉൾപ്പെടെ 25 കിലോഗ്രാമിൽ കൂടുതലുള്ള പാക്കറ്റുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി ചുമത്താനുള്ള കേന്ദ്ര സർക്കാർ നീക്കം സാധാരണക്കാരന്‍റെ ജീവിതത്തിൻമേൽ വലിയ ഭാരം ചുമത്തുമെന്ന് എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുർ റഹ്‌മാൻ പറഞ്ഞു. ഇത്തരത്തിൽ നികുതി വിപുലീകരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, ഇത് സാധാരണ ജനങ്ങൾക്ക് പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം കേന്ദ്ര ഭക്ഷ്യമന്ത്രിക്കും, സംസ്ഥാന മുഖ്യമന്ത്രിക്കും, സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിക്കും അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ 25 കിലോഗ്രാമിനും അതിലേറെയുള്ള അരിയും മറ്റു ധാന്യ-പയറുവർഗ്ഗങ്ങളുമുള്ള പാക്കറ്റുകൾക്കും 5% ജി.എസ്.ടി ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ്. 30 മുതൽ 50 കിലോഗ്രാമുവരെ വരുന്ന പാക്കറ്റുകളിലും ഇനി മുതൽ ജി.എസ്.ടി ബാധകമാക്കുന്നതോടെ, നഗര, ഗ്രാമീണ മേഖലകളിലെ സാധാരണ ജനങ്ങളുടെ നിത്യോപയോഗ ചെലവുകൾ വർധിക്കുമെന്നാണ് നിരീക്ഷണം.
പാക്കറ്റ് ഉത്പന്നങ്ങൾ സംബന്ധിച്ച 25 കിലോഗ്രാമോ അതിൽ താഴെയോ അളവിൽ പാക്ക് ചെയ്ത ലേബലുള്ള ഉത്പന്നങ്ങൾക്ക് നിലവിൽ 5% ജി.എസ്.ടി ചുമത്തുന്നു. കേന്ദ്ര സർക്കാർ പുതിയ നിയമപരമായ മാറ്റങ്ങൾ കൊണ്ടുവന്ന് 25 കിലോഗ്രാമിൽ കൂടുതൽ വരുന്ന ചാക്കുകൾക്കും ജി.എസ്.ടി ബാധകമാക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി, ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ലീഗൽ മെട്രോളജി ഡിവിഷൻ ജൂലൈയിൽ ചട്ടഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രമാണമായ നടപടികൾ കൈക്കൊണ്ടിട്ടിട്ടില്ല.
എല്ലാ നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റുകളിലും ജി.എസ്.ടി വ്യാപിപ്പിക്കുന്ന നീക്കം ഗുണഭോക്തൃ സംസ്ഥാനമായ കേരളത്തെ വിലക്കയറ്റം മൂലം ഏറ്റവും മോശമായി ബാധിക്കുമെന്നു അബ്ദുൽ റഹ്‌മാൻ പറഞ്ഞു. ഈ തീരുമാനത്തിന്റെ ഭീകരമായ പ്രതിഫലങ്ങൾ സാധാരണ ജനങ്ങൾക്കും ഉപഭോക്താക്കൾക്കും ഉണ്ടായിരിക്കും. അതിനാൽ ജി.എസ്.ടി വ്യാപനം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.