city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗില്‍ ഗ്രൂപ്പിസമുണ്ടോ? ഇല്ലെന്ന് നേതാക്കള്‍; അപ്പോള്‍ നടക്കുന്നതോ?

കാസര്‍കോട്: (www.kasargodvartha.com 15/08/2016) യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കൗണ്‍സില്‍ അംഗങ്ങളേയും മറ്റും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംഘടനയ്ക്കകത്ത് കടുത്ത ഗ്രൂപ്പിസം നടക്കുന്നതായി ആരോപണം ഉയരുന്നു. നേതാക്കളില്‍ ചിലര്‍ക്ക് താല്‍പര്യമില്ലാത്തവരെ ജില്ലാ കൗണ്‍സിലില്‍ എത്താതിരിക്കാന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തഴയുന്നതായാണ് പരാതി.

ചെങ്കള പഞ്ചായത്തില്‍ യൂത്ത് ലീഗിനകത്ത് കടുത്ത ഗ്രൂപ്പിസമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. എം എസ് എഫ് ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഹാഷിം ബംബ്രാണിയെ ജില്ലാ കൗണ്‍സിലില്‍ എത്താതിരിക്കാന്‍ നടത്തിയ നീക്കം ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നാലാംമൈലിലെ സി ബി ലത്വീഫിനെയും, മണ്ഡലം കമ്മിറ്റി അംഗം ഷൗക്കത്ത് പടുവടുക്കയെയും ഇതേ രീതിയില്‍ ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായ ഹാഷിം ബംബ്രാണി യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സംഘടനയിലെ നവാഗതരെപോലും ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഹാഷിം ബംബ്രാണയെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞത് ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഒരു സംസ്ഥാന ഭാരവാഹിയുടെ ഇടപെടല്‍മൂലമാണ് ഹാഷിം ബംബ്രാണിയെ തഴഞ്ഞതെന്നാണ് ആരോപണം. ചിലനേതാക്കള്‍മാത്രം ചേര്‍ന്നാണ് 15 പേരടങ്ങുന്ന ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ ചെങ്കള പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്തതെന്നാണ് പരാതി. സംഘടനയ്ക്കുള്ളിലെ അരുതായ്മകള്‍ ചോദ്യംചെയ്തതിന്റെ പേരിലാണ് ഹാഷിം ബംബ്രാണിയെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍നിന്നും ഒഴിവാക്കിയതെന്നും ഈ വിഭാഗം പറയുന്നു.

അതേസമയം മുസ്ലിം ലീഗിനകത്ത് യാതൊരു ഗ്രൂപ്പിസവും ഇല്ലെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 400 മെമ്പര്‍മാര്‍ക്ക് ഒരു ജില്ലാ കൗണ്‍സിലര്‍ എന്ന നിലയ്ക്കാണ് ജില്ലാ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. മണ്ഡലം കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. എന്തെങ്കിലും ഗ്രൂപ്പിസം ഇക്കാര്യത്തില്‍ നടന്നതായി അറിവില്ല. പ്രാദേശിക തലത്തില്‍ ഉണ്ടായിട്ടുള്ള മറ്റെന്തെങ്കിലും പ്രശ്‌നമായിരിക്കാം ഹാഷിം ബംബ്രാണി ജില്ലാ കൗണ്‍സില്‍ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ കാരണമായതെന്നാണ് അറിയുന്നത്. എം എസ് എഫ് ഭാരവാഹി എന്നനിലയില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ക്ഷണിതാവായിരിക്കും ഹാഷിം ബംബ്രാണിയെന്നും മൊയ്തീന്‍ കൊല്ലമ്പാടി കൂട്ടിച്ചേര്‍ത്തു.

ജില്ലാ സമ്മേളനം അടുത്തതോടെ പലയിടത്തും സംഘടനയ്ക്കുള്ളില്‍ ഗ്രൂപ്പിസം ശക്തമായിരിക്കുകയാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സംഘടനയെ ചില നേതാക്കള്‍മാത്രം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിനെതിരെ സമ്മേളനത്തില്‍ കാര്യമായ ചര്‍ച്ചയുണ്ടാകുമെന്നും സൂചനയുണ്ട്.

യൂത്ത് ലീഗില്‍ ഗ്രൂപ്പിസമുണ്ടോ? ഇല്ലെന്ന് നേതാക്കള്‍; അപ്പോള്‍ നടക്കുന്നതോ?


Keywords : Youth League, Cherkala, Kasaragod, Committee, Leader, Hashim Bambrani, CB Latheef, Shoukath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia