Cleanliness | ശുചിത്വത്തിന്റെ ഹരിത വഴിക്ക് ഇനി കോഡിനേറ്റർമാരും
● കേരളത്തെ ഒന്നാകെ ക്ലീനാക്കുകയാണ് ഹരിത കർമ്മ സേനയുടെ ലക്ഷ്യം
● സംസ്ഥാനത്തെ 35,000 ത്തോളം ഹരിത സേനാംഗങ്ങളാണ് വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്.
● തൊഴിലുറപ്പിൽ നിന്ന് അംഗങ്ങൾ ശുചിത്വത്തിന്റെ പാതയിൽ ഹരിത കർമ്മ സേന വഴി വരുമ്പോൾ നാടാകെ ക്ലീനായി മാറുകയാണ്.
കാസർകോട്: (KasargodVartha) ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തുന്നു. പ്രവർത്തനം മികവിറ്റതായതുകൊണ്ടാകാം ജില്ലയിൽ ഇനി ഹരിത കർമ സേനയ്ക്ക് കോർഡിനേറ്റർമാരുമുണ്ടാകും.
സംസ്ഥാനത്ത് അഞ്ചുവർഷംകൊണ്ട് ഹരിത കർമ്മ സേന വീടുകളിൽ നിന്ന് ശേഖരിച്ചത് ഒന്നര ലക്ഷത്തോളം ടൺ അജൈവ മാലിന്യങ്ങളാണ്. കേരളത്തെ ഒന്നാകെ ക്ലീനാക്കുകയാണ് ഹരിത കർമ്മ സേനയുടെ ലക്ഷ്യം. 'മാലിന്യ മുക്ത നവകേരളം' കെട്ടിപ്പെടുക്കാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുക എന്ന് ചോദിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
സംസ്ഥാനത്തെ 35,000 ത്തോളം ഹരിത സേനാംഗങ്ങളാണ് വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്. ഇത് വലിയ അനുഗ്രഹമാവുകയാണ് വീട്ടുകാർക്ക്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച് രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്ന വീട്ടുകാർക്ക് ഒരു മോക്ഷം കൂടിയാണ് ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ പദ്ധതി. അതുകൊണ്ടാകാം അനാവശ്യ ചിലവുകുക്കൾക്ക് പോലും എത്രയോ തുക കളഞ്ഞു കുളിക്കുന്ന കുടുംബാംഗങ്ങൾക്ക് ഹരിത കർമ്മ സേനയ്ക്ക് മാലിന്യനിർമാർജനത്തിനായി 50 രൂപ നൽകാൻ ഒരു പ്രയാസവുമില്ല, മടിയുമില്ല.
തൊഴിലുറപ്പിൽ നിന്ന് അംഗങ്ങൾ ശുചിത്വത്തിന്റെ പാതയിൽ ഹരിത കർമ്മ സേന വഴി വരുമ്പോൾ നാടാകെ ക്ലീനായി മാറുകയാണ്. ഹരിത കർമ്മ സേനയുടെ ഈ മികവുറ്റ പ്രവർത്തനം മനസ്സിലാക്കി നിരവധി പദ്ധതികളും, അംഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികളും സർക്കാർ ആലോചിച്ച് വരുന്നുണ്ട്. വീടുകളും, കടകളും കയറിയിറങ്ങി പ്ലാസ്റ്റികുകളും, മറ്റും ശേഖരിക്കുന്ന ഹരിത കർമ്മ സേന ഉപയോഗശൂന്യമായ മരുന്നുകളും ഇനി ശേഖരിക്കുമെന്ന് സർക്കാർ പറയുന്നത് ഇതിന്റെ ഭാഗമായാണ്.
ഇത് പ്രാരംഭത്തിൽ കോഴിക്കോട് ജില്ലയിലാകും നടപ്പിലാക്കുക. കാലാവധി കഴിഞ്ഞ മരുന്നുകളുടെ 'ശാസ്ത്രീയ സംസ്കരണം' ലക്ഷ്യമിട്ട് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പരിപാടി വിജയമായാൽ സംസ്ഥാനത്തൊട്ടുക്കും പദ്ധതി വ്യാപിപ്പിക്കും. ഉപയോഗശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായല്ലാതെ നശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുള്ള തിരിച്ചറിവാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം ഇതിനായി ഇങ്ങിനെയൊരു പദ്ധതി ഹരിത കർമ്മ സേനയെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്നത്.
ഓരോ പഞ്ചായത്തിലും മാതൃകാപരമായ പ്രവർത്തനമാണ് ഹരിത കർമ്മ സേന ഇപ്പോൾ നടത്തിവരുന്നത്. മാലിന്യ വിഷയം വലിയ വാർത്തകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിടിച്ചു കുലുക്കിയിരുന്ന കാലമൊക്കെ ഹരിത കർമ്മ സേനയുടെ വരവോടെ മാറി. ഇതിന്റെ ആശ്വാസത്തിൽ കൂടിയാണ് പഞ്ചായത്ത് ഭരണസമിതികൾ. ഈ തിരിച്ചറിവ് ഹരിത കർമ്മ സേനയെ എങ്ങനെ കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നത് അന്വേഷിക്കുകയാണ് ഇപ്പോൾ പഞ്ചായത്ത് ഭരണസമിതികൾ. ഇതിന്റെ ഭാഗമായാണ് ഹരിത കർമ്മ സേനയ്ക്ക് കൂടി കോഡിനേറ്റർമാർ നിയമനത്തിനുള്ള സാധ്യത പരിശോധിക്കുന്നതും.
#HarithaKarmaSena, #Cleanliness, #GreenInitiative, #WasteManagement, #KeralaGreen, #EnvironmentalEffort