city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ ഓണത്തിന് നാടന്‍ പച്ചക്കറി സുലഭമാകും; എല്ലാ പഞ്ചായത്ത്- നഗരസഭകളിലും വിപണന കേന്ദ്രങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 24.08.2017) ഓണക്കാലത്ത് കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ജില്ലയില്‍ 38 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും ഓണം - ബക്രീദ് പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ന്യായവില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും, സുരക്ഷിതവുമായ കാര്‍ഷികോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ജില്ലയില്‍ ഓണത്തിന് നാടന്‍ പച്ചക്കറി സുലഭമാകും; എല്ലാ പഞ്ചായത്ത്- നഗരസഭകളിലും വിപണന കേന്ദ്രങ്ങള്‍


മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വിവിധ വകുപ്പുകളുടെ ഏകോപനം ഇത്തവണ വിപണികളുടെ നടത്തിപ്പില്‍ ഉണ്ടായിരിക്കും എന്നതാണ് ഒരു പ്രത്യേകത. നാടന്‍പച്ചക്കറി സുലഭമായി ലഭ്യമാക്കും. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാടന്‍ ഇനങ്ങള്‍ക്ക് 10 ശതമാനം പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ അധിക വില നല്‍കിയാണ് സംഭരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നാടന്‍ ഇനങ്ങള്‍ക്ക് വിപണി വിലയുടെ 30 ശതമാനം വില കിഴിവില്‍ ലഭിക്കും. ഓണം സമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 30ന് രാവിലെ 10.30ന് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒടയഞ്ചാലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിക്കും. ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കര്‍ഷകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍ സംബന്ധിക്കും.

ഓണം മാര്‍ക്കറ്റിലേക്ക് 200 മെട്രിക് ടണ്‍ പച്ചക്കറികളാണ് വിതരണത്തിന് ആവശ്യമായിട്ടുളളത്. ഇതില്‍ മറുനാടന്‍ പച്ചക്കറികള്‍ രണ്ട് മെട്രിക് ടണ്‍ ഒഴികെ ബാക്കിയുള്ള പച്ചക്കറികള്‍ ഇവിടെ തന്നെ ലഭിക്കും. ജില്ലയില്‍ മൂന്ന് മുനിസിപ്പാലിറ്റികള്‍ ഉള്‍പെടെ 41 കൃഷിഭവനുകളാണുള്ളത്. ഇതില്‍ പുല്ലൂര്‍ - പെരിയ, ബളാല്‍, പളളിക്കര, മടിക്കൈ, ചെങ്കള എന്നീ പഞ്ചായത്തുകളില്‍ വി എഫ് സി കെ മാര്‍ക്കറ്റുകളും മറ്റുള്ള പഞ്ചായത്തുകളില്‍ കൃഷിഭവന്‍ നേരിട്ട് നടത്തുന്ന മാര്‍ക്കറ്റുകളുമാണ് ഉള്ളത്. വിവിധ പച്ചക്കറി ക്ലസ്റ്ററുകള്‍, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍, ഇക്കോഷോപ്പ് തുടങ്ങിയ കര്‍ഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ് സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നത്. സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, അന്യസംസ്ഥാന പച്ചക്കറികള്‍ എന്നിവയ്ക്ക് പ്രത്യേകം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. ഇതരജില്ലകളില്‍നിന്ന് പച്ചക്കറി ആവശ്യാനുസരണം വിപണികളില്‍ എത്തിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയായി ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തി. ജില്ലയില്‍ ഈ വര്‍ഷം 14 പച്ചക്കറി ക്ലസ്റ്ററുകളും 50 ഹെക്ടര്‍ സ്ഥലത്ത് മറ്റ് കര്‍ഷകരും പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി പ്രകാരം 1,60,000 പച്ചക്കറി വിത്ത് പാക്കറ്റുകളും 25,000 ഗ്രോബാഗുകളും ഒരു ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തിട്ടുണ്ട്. മൊത്തം 687.18 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 5580 മെട്രിക് ടണ്‍ ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു.

ഓണം - ബക്രീദ് പച്ചക്കറി വിപണികളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തിനായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ലിന്‍സി സേവ്യര്‍ കണ്‍വീനറായി ജില്ലാ കലക്ടര്‍ ജീവന്‍ബാബു കെയുടെ അധ്യക്ഷതയില്‍ ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ, സിവില്‍ സപ്ലൈസ്, കുടുംബശ്രീ, ജോയിന്റ് രജിസ്ട്രാര്‍ (സഹകരണസംഘം), ഡെപ്യൂട്ടി ഡയറക്ടര്‍ (പഞ്ചായത്ത്), അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) എന്നിവരുടെ യോഗം സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുമായി സംയോജിച്ചുകൊണ്ട് 130 ഓളം നാടന്‍ വിപണികളാണ് ഓണം - ബക്രിദ് പ്രമാണിച്ച് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ കൃഷിവകുപ്പ് 41 വിപണികള്‍ സഹകരണവകുപ്പ് 40 വിപണികള്‍ സപ്ലൈകോ - ഏഴ് വിപണികള്‍, കുടുംബശ്രീ 41 വിപണികള്‍ വി എഫ് പി സി കെ അഞ്ച്സ്റ്റാളുകള്‍ ആരംഭിക്കും. നാടന്‍ പഴം - പച്ചക്കറി ഉത്പന്നങ്ങള്‍ കൂടാതെ മൂന്നാറില്‍ നിന്നും ഉരുളകിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങി ശൈത്യകാല പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എത്തിക്കും. ഓണം വിപണികളില്‍ പഴം - പച്ചക്കറികളുടെ സംഭരണ വിലയും, വില്‍പന വിലയും നിശ്ചയിക്കുന്നത് ജില്ലാതല കമ്മിറ്റിയാണ്. ഇതിനായി ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ പ്രതിനിധി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ പ്രതിനിധി, കര്‍ഷക പ്രതിനിധി എന്നിവര്‍ ഉള്‍പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചു.

കുടുംബശ്രീ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉല്‍പാദിപ്പിച്ച നാടന്‍ പച്ചക്കറികള്‍ വിപണികളില്‍ വില്‍ക്കും. 29ന് ജില്ലാതല ഉദ്ഘാടനം അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടക്കും. കുടുംബശ്രീ ഈ മാസം അഞ്ചുമുതല്‍ ആരംഭിച്ച നാടന്‍പച്ചക്കറി ചന്തകളില്‍ ദിനംപ്രതി 120 ഓളം പേരാണ് എത്തുന്നത്. മികച്ച രീതിയിലാണ് വില്‍പന നടത്തുന്നത്. കുടുംബശ്രീ തുണിസഞ്ചികളും വിപണിയിലെത്തിക്കും. സഹകരണസംഘങ്ങള്‍ കണ്‍സ്യുമര്‍ഫെഡ് ഓണച്ചന്തയ്ക്ക് സമീപവും വിവിധ സംഘങ്ങളുടെ സ്റ്റാളുകളിലും 40 ഇടങ്ങളിലായി വില്‍പന നടത്തും.

കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ അധ്യക്ഷത വഹിച്ചു. എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എച്ച് ദിനേശന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ലിന്‍സി സേവ്യര്‍, സപ്ലൈകോ അസി. മാനേജര്‍ സജിമോന്‍ കെ പി, വി എഫ് പി സി കെ ജില്ലാ മാനേജര്‍ ഷാജു തോമസ്, ഹോര്‍ട്ടികോര്‍പ്പ് അക്കൗണ്ട് ഓഫീസര്‍ ശരത് എസ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ജനറല്‍ ഗീവര്‍ സി സി, പഞ്ചായത്ത് അസി. ഡയറക്ടര്‍ എം കണ്ണന്‍ നായര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നമ്പീശന്‍ വിജയേശ്വരി, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ സൈജു, ജില്ലാ സപ്ലൈ ഓഫീസര്‍ എ രമാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Onam Celebration, Vegetable, Eid, Kasaragod, Collectorate, Meeting, District Collector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia