സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് മണല്‍ നല്‍കും; വിതരണം മെയ് 15 ന് ആരംഭിക്കും
Apr 27, 2012, 15:12 IST

കാസര്‍കോട്: സാധാരണക്കാര്‍ക്ക് വീടും, മറ്റു കെട്ടിടവും പണിയാന്‍ സര്‍ക്കാര്‍ നേരിട്ട് മണല്‍ വിതരണം ചെയ്യുന്നതിന്നു ജില്ലയില്‍ സംവിധാനങ്ങളൊരുങ്ങുന്നു. മണല്‍ വിതരണം മെയ് 15 ന് ആരംഭിക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗത്തില്‍ ഇ-മണല്‍ വിതരണ സംവിധാനത്തെ ക്കുറിച്ചു ചര്‍ച്ച ചെയ്തു യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മണല്‍ മാഫിയകളെ നിയന്ത്രിച്ചു ലഭ്യമാവുന്ന മണല്‍ സുതാര്യതയോടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. മണലിനായി സാധാരണക്കാര്‍ തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലാണ് അപേക്ഷ നല്‍കേണ്ടത്. നിര്‍മ്മാണ്‍ എന്ന പേരിലുള്ള അപേക്ഷയൊടൊപ്പം ബില്‍ഡിംഗ് പ്ളാന്‍, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൂടി ഹാജരാക്കണം. കെട്ടിട നിയമം ബാധകമല്ലാത്ത പഞ്ചായത്തുകളിലെ അപേക്ഷകര്‍ കെട്ടിട പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. പുതിയ കെട്ടിടം, റിപ്പയര്‍ മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയ്ക്ക് ആനുപാതികമായാണ് മണല്‍ നല്‍കുന്നത്. പുതിയ വീടോ കെട്ടിടത്തിനോ പരമാവധി 60 ടണ്‍ മണലാണ് നല്‍കുക. വീട് റിപ്പേയറിന് 7 ടണ്ണും നല്‍കും. തറ വിസ്തീര്‍ണ്ണത്തിന് അനുസരിച്ചാണ് മണല്‍ നല്‍കുക. അനുവദിച്ച മണലിന്റെ അളവ് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തും.
ഏതെങ്കിലും ഒരു അക്ഷയ കേന്ദ്രത്തില്‍ മാത്രമെ മണലിനായി അപേക്ഷ നല്‍കാവു. മണലിനും, മണലിന്റെ ചാര്‍ജായി നിശ്ചിത തുക ഈടാക്കും. മണല്‍ കടത്തുന്ന ലോറികള്‍ക്ക് പ്രത്യേകം അനുവാദം നല്‍കുന്നതും കിലോമീറ്റരിന് വാടക മൂന്‍കൂട്ടി നിജപ്പെടുത്തുന്നതുമാണ്.
മണലിനായി മെയ് രണ്ടിന് അക്ഷയകേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. രജിസ്ട്രേഷന്‍ സീനിയോറിറ്റി അനുസരുച്ചാണ് മണല്‍ നല്‍കുക.. മണലിനുള്ള പാസ്സുകള്‍ ജില്ലയിലെ ആറ് ബ്ളോക്കുകളില്‍ ഒരുക്കിയ പ്രത്യേക കൌണ്ടറുകളില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. ഈ കൌണ്ടറുകളില്‍ പണം അടച്ച ്മണല്‍ ആവശ്യമായ കടവിന്റെ പേര് പറഞ്ഞാല്‍ പാസനുവദിക്കും.അപേക്ഷകന്റെ സീനിയോറിറ്റിയും മണല്‍ നല്‍കുന്ന തീയ്യതിയും വെബ്സൈറ്റില്‍ നിന്നും അറിയാവുന്നതാണ്. കൂടാതെ അപേക്ഷകനെ ഫോണ്‍ മുഖേന വിളിച്ചറിയിക്കുന്നതുമാണ്.
മണല്‍ വിതരണം സംബന്ധിച്ച അക്ഷയ കേന്ദ്രങ്ങളെയും കൌണ്ടറുകളെയും കള്ക്ട്രേറ്റുമായി ബന്ധിപ്പിച്ചു കൊണ്ട് വെബ്സൈറ്റ് ശൃംഖല ഏര്‍പ്പടുത്തിയിട്ടുണ്ട്. യോഗത്തില്‍ സബ്കളക്ട്ര്‍ പ.ി.ബാലകിരണ്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, നേഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.പി.പ്രതീഷ്, അസി. ഡവലപ്പ് മെന്റ് കമ്മീഷണര്‍ കെ.എം.രാമകൃഷ്ണന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് - മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Govt. Sand, Distribution, Kasaragod