'എന്‍ഡോസള്‍ഫാന്‍: ദുരിത ബാധിതര്‍കായി ലോട്ടറി തുടങ്ങുന്ന കാര്യം ആലോചിക്കും'
Sep 18, 2012, 20:18 IST
![]() |
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരുടെ സംഘം ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നു. |
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ മുന്ന് മന്ത്രിമാര്‍ അടങ്ങിയ സംഘം ബുധനാഴ്ച മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കും. ചൊവ്വാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെ.പി. മോഹനന്‍, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ എന്നിവരടങ്ങിയ സംഘം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പ്രതിനിധികളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതങ്ങള്‍ കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തുന്ന മന്ത്രിമാരുടെ സംഘം നിലവില്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നടപടികളും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള കൂടുതല്‍ ആശ്വാസ നടപടികളും അടുത്ത കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.
ജില്ലയില്‍ കൃഷി ഓഫീസര്‍മാരുടെ ഒഴിവിലേക്ക് 17 പേരെ നിയമിക്കുമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. ജൈവജില്ലയായ കാസര്‍കോട് കര്‍ഷകര്‍ക്കായി മൂന്ന് പഞ്ചായത്തുകളില്‍ പ്രത്യേക പരിശീലനം സംഘടിപ്പിക്കും. വായ്പകള്‍ക്കുള്ള മൊറാറ്റോറിയം പ്രഖ്യാപിക്കല്‍, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് സഹായധനം നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 പഞ്ചായത്തുകള്‍ക്ക് പുറമെ, എന്‍ഡോസള്‍ഫാന്‍ ബാധിച്ച മറ്റു പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും. ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ അനുവദിക്കും.
ജില്ലയില്‍ ഐ.സി.ഡി.എസ് ഓഫീസര്‍മാരുടെ ഒഴിവുകള്‍ എംപ്ലോയ്മെന്റ് മുഖേന നികത്തുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. ബഡ്സ് സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ സ്ഥലം കൈമാറി നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ അധികൃതരുടെ ലിസ്റ്റ് വരുന്നതോടെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കും. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ മക്കള്‍ക്ക് നല്‍കുന്ന ഒണ്‍ടൈം സ്കോളര്‍ഷിപ്പ് തുടര്‍ന്നുള്ള എല്ലാ വര്‍ഷവും വിദ്യാഭ്യാസ ഇന്‍സെന്റീവ് എന്ന പേരില്‍ നല്‍കുന്നതാണ്. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് ഒക്ടോബര്‍ 14ന് വിതരണം ചെയ്യും. ദുരിതബാധിതര്‍ക്കുള്ള സഹായധനം എടിഎം മുഖേന ആവശ്യമില്ലാത്തവര്‍ക്ക് തുക മണി ഓര്‍ഡറായി നല്‍കാന്‍ നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിഘ്‌നേശ്വര ഭട്ട് (കള്ളാര്‍), സുപ്രിയ (പനത്തടി), വി.ഭവാനി (മുളിയാര്‍), പി.പി.നസീമ (അജാനൂര്‍), ജെ.എസ്.സോമശേഖര (എണ്‍മകജെ), എ.കെ.കുശല (ബെള്ളൂര്‍), എം.അബൂബക്കര്‍ (കുമ്പഡാജെ), സി.കെ.അരവിന്ദാക്ഷന്‍ (പുല്ലൂര്‍-പെരിയ), എം.ജനനി (കാറഡുക്ക വൈസ് പ്രസിഡണ്ട്), മാഹിന്‍ കേളോട്ട് (ബദിയടുക്ക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സംഘടനാ പ്രതിനിധികളായ കെ.ബി.മുഹമ്മദ് കുഞ്ഞി, മുരളീധരന്‍,നാരായണന്‍ പേര്യ, എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതരുടെ പ്രശ്‌നങ്ങള്‍ മന്ത്രി സംഘത്തിനുമുമ്പാകെ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, പദ്ധതി നടപ്പാക്കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കണം, എന്‍ഡോസള്‍ഫാന്‍ ബാധിച്ച മുഴുവന്‍ പേര്‍ക്കും ആശ്വാസധനവും പരിഹാര നടപടികളും സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ അവതരിപ്പിച്ചു.
Keywords: P.Karunakaran-MP, Minister V.S Shiva Kumar, Minister K.P Mohan, Minster M.K.Muneer, K.Kunhiraman MLA, E.Chandrashekharan-MLA, P.P Shyamala Devi, Endosulfan, Kasaragod