city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 27.03.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 27.03.2013
വികലാംഗപുനരധിവാസം ജില്ലയില്‍ 60 പെട്ടികടകള്‍ അനുവദിച്ചു

ജില്ലയില്‍ അംഗവൈകല്യം ഉളളവരുടെ പുനരധിവാസത്തിന്റെ ഭാഗമായി ഈ വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനായി 60 പെട്ടികടകള്‍ അനുവദിക്കാന്‍ എന്‍പിആര്‍പിഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.

ഒരു പെട്ടിക്കട സ്ഥാപിക്കാന്‍ 81,000 രൂപയാണ് ചെലവഴിക്കുന്നത്. ഇതു സ്ഥാപിക്കാനുളള സ്ഥലം അതാത് പഞ്ചായത്ത് കണ്ടെത്തും. കട അനുവദിക്കേണ്ടവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കും. ഇതു കൂടാതെ 80 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്യും. 27 പേര്‍ക്ക് 56 ടു വീലറും അഞ്ച് പെട്ടികടകളും ഇവയില്‍ പെടുന്നവയാണ്.

ജില്ലയില്‍ അന്ധരായ 75 പേര്‍ക്ക് 25,000 രൂപാ വീതം ചെലവഴിച്ച് ടോക്കിംങ് കമ്പ്യൂട്ടര്‍ അനുവദിക്കും. ചെറിയകുട്ടികളായിരിക്കെ കേള്‍വി ശക്തി നഷ്ടപ്പെടുന്നവരെ കണ്ടെത്താന്‍ ജില്ലാശുപത്രിയില്‍ 22 ലക്ഷം രൂപ ചെലവിലും ജനറല്‍ ആശുപത്രിയില്‍ 12 ലക്ഷം രൂപ ചെലവിലും അഞ്ച് ലക്ഷം രൂപ വീതം ചെലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച രണ്ട് കേന്ദ്രങ്ങളിലും പ്രസവ സൗകര്യമുളള ആശുപത്രികളിലും ഹിയറിംഗ് ഇംപെയ്ഡ് ഏര്‍ലി ഡിറ്റക്ഷന്‍ സെന്ററുകളായ ഓഡിയോളജി യൂണിറ്റുകള്‍ സ്ഥാപിക്കും. വികലാംഗര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുളള സംരംഭങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് യോഗം മിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഓമന രാമചന്ദ്രന്‍, കെ.സുജാത, മമതദിവാകര്‍, സെക്രട്ടറി ടി.കെ.സോമന്‍, മുബാറക് മുഹമ്മദ് ഹാജി, ഇ.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍പിആര്‍പിഡി കോ-ഓര്‍ഡിനേറ്റര്‍ എസ്.നസീം പദ്ധതികള്‍ വിശദീകരിച്ചു.

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് 61.53 ലക്ഷം അനുവദിച്ചു

കര്‍ഷക കടാശ്വാസ കമ്മീഷന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 656 കേസുകള്‍ പരിഗണിച്ചു. 286 കേസുകളില്‍ കടാശ്വാസം പ്രഖ്യാപിച്ചു. 61,53,607 രൂപയുടെ കടാശ്വാസമാണ് അനുവദിച്ചത്. കര്‍ഷക കടാശ്വാസ കമ്മീഷനംഗങ്ങളായ പ്രൊഫ.എം.ജെ.ജേക്കബ്, കെ.വി.രാമകൃഷ്ണന്‍, കെ.കെ.ഹംസ, ഉമ്മര്‍പാണ്ടികശാല, എം.ഒ.ജോണ്‍ എം.നാരായണന്‍കുട്ടി എന്നിവര്‍ രണ്ട് ദിവസത്തെ സിറ്റിംഗില്‍ പങ്കെടുത്തു.

രേഖകള്‍ ഹാജരാക്കണം

ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നിന്ന് വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ മാര്‍ച്ച് 31നകം ഹാജരാക്കണം. ബാങ്കുകളിലും, പോസ്റ്റോഫീസുകളിലും നേരിട്ട് ഹാജരാക്കാന്‍ കഴിയാത്ത വൃദ്ധരും അവശത അനുഭവിക്കുന്നവരും വിഭിന്നശേഷിയുളളവരുമായ ഗുണഭോക്താക്കള്‍ ആ വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കണം. ഏപ്രില്‍ മുതലുളള പെന്‍ഷന്‍ വിതരണം അക്കൗണ്ട് മുഖേന ആയതിനാല്‍ സമയപരിധി കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പുസ്തകമേളയില്‍ അമൂല്യ ഗ്രന്ഥങ്ങള്‍ പകുതി വിലയ്ക്ക്

പാലക്കുന്ന് അംബികാ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ 28 മുതല്‍ 31 വരെ നടക്കുന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്തകോത്സവത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ അമ്പത് ശതമാനം വിലക്കുറവില്‍ ലഭിക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കുന്ന സ്റ്റാളിലാണ് പുസ്തകങ്ങള്‍ ലഭിക്കുക. മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍, ജി.പി.പിളള മാര്‍ഗദര്‍ശിയായ മലയാളി, എന്റെ ജീവിത സ്മരണകള്‍-ഗുരുഗോപിനാഥ്, കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ദേശീയ പ്രസ്ഥാനവും, ധീരതയുടെ ഇതിഹാസം രചിച്ച മലയാളി യോദ്ധാക്കള്‍, കേസരി ബാലകൃഷ്ണപിളള, കര്‍മവീര്യത്തിന്റെ സൂര്യശോഭ എന്നീ മലയാള പുസ്തകങ്ങളും ഹെറിറ്റേജ് ഓഫ് കേരള, ഡാന്‍സസ് ഓഫ് കേരള, ഫോക് ലോര്‍ കേരള ഹാന്‍ഡ് ബുക്ക്, പടയണി, കോണ്‍ട്രിബ്യൂഷന്‍ ഓഫ് ട്രാവന്‍കൂര്‍ ടു കര്‍ണാടിക് മ്യൂസിക് എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് വില്‍പനയ്ക്കുളളത്.

അക്കൗണ്ട് രേഖകള്‍ അറിയിക്കണം

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ ഗുണഭോക്താക്കള്‍, പോസ്റ്റോഫീസ് ബാങ്ക് അക്കൗണ്ട് തുടങ്ങി വിവരം അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ മണിഓര്‍ഡര്‍ സ്‌ളിപ്പ്, ആധാര്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് ഇവ സഹിതം അഞ്ചു ദിവസത്തിനകം പഞ്ചായത്തില്‍ അറിയിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് തടസ്സമുണ്ടാവുമെന്നും സെക്രട്ടറി അറിയിച്ചു.

പെന്‍ഷന്‍ അലോട്ട്‌മെന്റ് കൈപ്പറ്റണം

ജില്ലയില്‍ 2013 ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുന്നു. മുനിസിപ്പാലിറ്റി, പഞ്ചായത്ത് സെക്രട്ടറിമാര്‍ പെന്‍ഷന്‍ അലോട്ട്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും കൈപ്പറ്റണം. തുക ഈ മാസം തന്നെ വിതരണം ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

പുസ്തകമേളയില്‍ പി.എസ്.പുണിഞ്ചിത്തായയുടെ ചിത്രപ്രദര്‍ശനം

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയോടനുബന്ധിച്ച് പാലക്കുന്ന് അംബികാ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രശസ്ത ചിത്രകാരന്‍ പി.എസ്.പുണിഞ്ചിത്തായ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 28 മുതല്‍ ഇന്ന് 31 വരെ സംഘടിപ്പിക്കും. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്‍മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ രബീന്ദ്രോത്സവത്തില്‍ പുണിഞ്ചിത്തായ ടാഗോറിന്റെ കൃതികളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടാഗോറിന്റെ കവിതകളിലും കഥകളിലുമുളള പ്രകൃതി, പ്രഭാതം, സൂര്യോദയം, പ്രദോഷം കല്‍ക്കത്തയുടെ പ്രകൃതി ഭംഗി എന്നിവയെല്ലാം പുണിഞ്ചിത്തായയുടെ വിരലുകളിലൂടെ പുനര്‍ജനിക്കുകയാണ്.

ഉപതെരഞ്ഞെടുപ്പ് : കരട് വോട്ടര്‍പട്ടിക ഏപ്രില്‍ ഒന്നിന്

കാഞ്ഞങ്ങാട് നഗരസഭ 35-ാം വാര്‍ഡ് (പട്ടാക്കല്‍) പനത്തടി ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാര്‍ഡ്(പട്ടുവം) എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടിക ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുളള അവസാനതീയതി ഏപ്രില്‍ 15. ഇതില്‍ ഏപ്രില്‍ 30ന് തീര്‍പ്പ് കല്‍പ്പിക്കും. അന്തിമ വോട്ടര്‍പട്ടിക മേയ് 10 ന് പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസിന്റെ അദ്ധ്യക്ഷതയില്‍ ചേംമ്പറില്‍ നടന്ന ഉദ്യോഗസ്ഥ യോഗം ചര്‍ച്ച നടത്തി.

അത്‌ലറ്റിക് തെരഞ്ഞെടുപ്പ്

ഏപ്രില്‍ 12, 13 തീയതികളില്‍ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന അമേച്വര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുളള തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടിന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. സീനിയര്‍ വിഭാഗം 20 വയസിന് മുകളിലുളളവര്‍ക്കാണ്. യൂത്ത് ചാമ്പ്യന്‍ഷിപ്പ് 18 വയസിന് താഴെയുളളവര്‍ക്കാണ്. താല്‍പര്യമുളള കായികതാരങ്ങള്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-9567204509.

ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം

പട്ടികജാതി വികസന ഓഫീസില്‍ നിന്നും വായ്പാകുടിശ്ശിക എഴുതി തളളുന്നതിന്റെ പരിധി 50,000 രൂപയായി വര്‍ദ്ധിപ്പിച്ച കാലാവധി 2012 ഡിസംബര്‍ 31 വരെയായി നീട്ടിയതിനാല്‍ പട്ടികജാതി,പട്ടികവര്‍ഗ്ഗ പരിവര്‍ത്തിത ക്രൈസ്തവ വഭാഗങ്ങള്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നും ഈ കാലാവധിക്കുളളില്‍ വായ്പകളെടുത്തിട്ടുളളവര്‍ കാഞ്ഞങ്ങാട്ടുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി മാര്‍ച്ച് 30ന് മുമ്പ് ബന്ധപ്പെടണം.

സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോയെടുക്കല്‍ കേന്ദ്രങ്ങള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുളള ഫോട്ടോയെടുക്കല്‍ വിവിധ പഞ്ചായത്തുതല കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പഞ്ചായത്തുതല കേന്ദ്രങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പം ഹാജരാകണം. 30 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. വിവിധ പഞ്ചായത്തുതല കേന്ദ്രങ്ങളും ഫോട്ടോയെടുക്കല്‍ തീയതിയും
കാറഡുക്ക പഞ്ചായത്ത് മാര്‍ച്ച് 29 വരെ ജിവിഎച്ച്എസ് എസ് മുളേളരിയ,ജിവിഎച്ച്എസ് കാറഡുക്ക. നീലേശ്വരം മാര്‍ച്ച് 29 വരെ കൃഷിഭവന്‍ ഹാള്‍,താലൂക്ക് ഹോസ്പിറ്റല്‍ പേരോല്‍. ചെറുവത്തൂര്‍ 30 മുതല്‍ ഏപ്രില്‍ 3വരെ പഞ്ചായത്ത് ഹാള്‍ തുരുത്തി ഗവ.യു.പി.സ്‌ക്കൂള്‍. കുംബഡാജെ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്നുവരെ പഞ്ചായത്ത് ഹാള്‍. ദേലംപാടി പഞ്ചായത്ത് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2വരെ പഞ്ചായത്ത് ഹാള്‍. മൂളിയാര്‍ പഞ്ചായത്ത് ഇന്ന്( മാര്‍ച്ച് 28)ന് കാനത്തൂര്‍ യു.പി.സ്‌ക്കൂള്‍. പുല്ലൂര്‍-പെരിയ പഞ്ചായത്ത് മാര്‍ച്ച് 29 മുതല്‍ 31 വരെ പുല്ലൂര്‍ ഗവ.യു.പി.സ്‌ക്കൂള്‍ മാര്‍ച്ച് 29 അമ്പലത്തറ ജിവിഎച്ച് എസ് എസ് 30 ഇരിയ ജിയുപി സ്‌ക്കൂള്‍ മാര്‍ച്ച് 31 പിലിക്കോട് പഞ്ചായത്ത് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 2വരെ പഞ്ചായത്ത് ഹാള്‍, കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍ എന്നിവിടങ്ങളാണ് ഫോട്ടോയെടുക്കല്‍ കേന്ദ്രങ്ങള്‍.

മണല്‍പാസ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി

മാര്‍ച്ച് 15,16,1 8, 19, 20, 21, 22, 23 തീയതികളില്‍ മടക്കര പോര്‍ട്ട് കടവില്‍ നിന്ന് മണല്‍ എടുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് മണല്‍ എടുക്കുവാന്‍ വീണ്ടും അവസരം ഏര്‍പ്പെടുത്തി. യഥാക്രമം ഏപ്രില്‍ 3, 4,5, 6, 8, 9, 10, 11 തീയതികളിലായി മടക്കര പോര്‍ട്ട് കടവില്‍ നിന്ന് മണല്‍ നല്‍കും. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയതായി എ.ഡി.എം അറിയിച്ചു. എല്ലാ ഉപഭോക്താക്കളും ഇപ്പോള്‍ ലഭിച്ച പാസ് തന്നെ ഉപയോഗിച്ചാല്‍ മതി. ബദല്‍ ദിവസങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പോര്‍ട്ട് ഓഫീസിലും ലഭ്യമാണ്. പോര്‍ട്ട് ഓഫീസ് ഫോണ്‍ നമ്പര്‍ 04994-230 122.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 24 മണിക്കൂറില്‍ കേരള തീരങ്ങളില്‍ കിഴക്ക് ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

മാര്‍ച്ച് 31 പ്രവൃത്തി ദിനം


സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കുന്ന മാര്‍ച്ച് 31 പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia