city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 23/03/2015

(www.kasargodvartha.com)

പ്ലാന്‍ ഫണ്ട് മൂന്ന് ഗഡു കൂടിഅനുവദിച്ചു
ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് ലഭിക്കാന്‍ ബാക്കിയുണ്ടായിരുന്ന പ്ലാന്‍ഫണ്ട് മൂന്ന് ഗഡുക്കളും സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. പഞ്ചായത്തുകള്‍ക്ക് ലഭിക്കേണ്ട തുകയുടെ ട്രഷറി കോപ്പി ബന്ധപ്പെട്ട ട്രഷറികളില്‍ എത്തിച്ചതായും പഞ്ചായത്തുകള്‍ക്കുളള അലോട്ട്‌മെന്റ് ലെറ്റര്‍ ചൊവ്വാഴ്ച തന്നെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോഫീസില്‍ നിന്ന് കൈപ്പറ്റേണ്ടതാണെന്ന്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍ അറിയിച്ചു.

രാഷ്ട്രകവി ഗോവിന്ദപൈ ജന്മവാര്‍ഷിക ദിനം ആഘോഷിച്ചു

രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ 132-ാം ജന്മവാര്‍ഷികദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി ഗോവിന്ദപൈ സ്മാരകസമിതി പ്രസിഡണ്ട് കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍  ഉദ്ഘാടനം ചെയ്തു.  മഞ്ചേശ്വരം  ഗോവിന്ദപൈ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍  ഡോ. ബെന്നൂര്‍ ജോസഫ് അധ്യക്ഷത വഹിച്ചു.  ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ട്രഷറര്‍ അഡ്വ. ബി.വി  കക്കില്ലായ  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   സത്യനാരായണ തന്ത്രി, ഗണപതി ഭട്ട്, ഗോവിന്ദപൈസ്മാരക ട്രസ്റ്റ് അംഗങ്ങളായ തേജോമയ, സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥ, ജയാനന്ദ, എസ്.വി ഭട്ട് എന്നിവര്‍ സംസാരിച്ചു. ഗോവിന്ദപൈ സ്മാരകസമിതി സെക്രട്ടറി കൂടിയായ  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ സ്വാഗതവും ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എം.ജെ കിണി നന്ദിയും  പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ഡോ. രമാദനന്ദ ബനാരി അധ്യക്ഷത വഹിച്ചു. കവികളായ രാധാകൃഷ്ണ ഉളിയത്തടുക്ക, വിജയലക്ഷ്മി ഷാന്‍ബോഗ്,   ഹരീഷ് പെര്‍ള, രവീന്ദ്രന്‍ പാടി, എംപി ജില്‍ജില്‍, മണിരാജ് വാന്‍തിച്ചാല്‍, പുരുഷോത്തമഭട്ട്, ഉദയകുമാര്‍ തുടങ്ങിയവര്‍ കവിതകളവതരിപ്പിച്ചു.

കളക്ടറേറ്റില്‍ ജീവിതശൈലി രോഗ നിര്‍ണ്ണയം നടത്തി  

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെയും കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പ് നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തിയ ക്യാമ്പ് ജില്ലാ കളക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുളള  ശരീരത്തിനാണ് ആരോഗ്യമുളള മനസ്സുണ്ടാവുകയെന്നും തിരക്കിട്ട ജീവിതത്തില്‍ വ്യായാമത്തിന് സമയം  കണ്ടെത്തണമെന്നും  അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്  ഡോ.എം.സി  വിമല്‍രാജ് അധ്യക്ഷത വഹിച്ചു. എ ഡി എം എച്ച് ദിനേശന്‍  എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍ ബാലകൃഷ്ണന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര പ്രസംഗിച്ചു. ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ അഹമ്മദ് സാഹിര്‍ സ്വാഗതവും സ്റ്റാഫ്  കൗണ്‍സില്‍ സെക്രട്ടറി പ്രസന്നന്‍ നന്ദിയും പറഞ്ഞു. ജനറലാശുപത്രിയിലെ നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് രോഗനിര്‍ണ്ണയത്തിന് നേതൃത്വം കൊടുത്തത്. സിവില്‍സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ 303  ജീവനക്കാരെ പരിശോധിച്ചു.

എം.പി ഫണ്ട് 21 ലക്ഷം  അനുവദിച്ചു 

പി. കരുണാകരന്‍ എം.പ യുടെ  പ്രാദേശിക വികസനഫണ്ടില്‍ നിന്നും മടിക്കൈ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്  കെട്ടിടം നിര്‍മ്മിക്കാന്‍ പത്ത് ലക്ഷം രൂപയും കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലഞ്ചിറ റയില്‍വേ നടപ്പാത നിര്‍മ്മാണത്തിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു.  പടന്ന ഗ്രാമപഞ്ചായത്തിലെ തെക്കേകാട്, അജയകലാനിലയം ആന്റ് ഗ്രന്ഥാലയത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ എട്ട് ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

വായിക്കാനം കോളനി റോഡ്: എം.എല്‍.എ ഫണ്ട് അനുവദിച്ചു 

തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഈസ്റ്റ് എളേരി പഞ്ചായത്തിലെ   വായിക്കാനം ഐഎച്ച്ഡിപി കോളനി റോഡ് നിര്‍മ്മാണത്തിന്  കെ. കുഞ്ഞിരാമന്‍ എംഎല്‍എ യുടെ ആസ്തി വികസനഫണ്ടില്‍  നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കളക്ടര്‍ അനുമതി നല്‍കി.

നികുതി അടക്കണം 

കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി, തൊഴില്‍നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കാന്‍ ബാക്കിയുളളവര്‍ 27നകം  അടക്കണം. നികുതി അടച്ചിട്ടില്ലാത്തവരുടെ പേരില്‍ ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

അളവ് തൂക്ക ഉപകരണ പരിശോധന 28ലേക്ക് മാറ്റി
ഓട്ടോമീറ്ററുകള്‍ അടക്കമുളള എല്ലാ അളവ് തൂക്ക ഉപകരണങ്ങളും  കാസര്‍കോട് അസി. കണ്‍ട്രോളറാഫീസില്‍  നാളെ(മാര്‍ച്ച് 25ന) ് ഹാജരാകാന്‍ മുന്‍കൂട്ടി അനുവാദം  ലഭിച്ചവര്‍ മാര്‍ച്ച് 28ന് ഹാജരാക്കേണ്ടതാണ്. പരിശോധന 28ലേക്ക് മാറ്റിയതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു.

ഐ.സി.ടി കൗണ്‍സിലറെ നിയമിക്കുന്നു 

മുളിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. സംസ്ഥാന  എയ്ഡ്‌സ് കണ്‍ട്രോള്‍  സൊസൈറ്റിയുടെ  അംഗീകാരത്തിന്  വിധേയമായിട്ടാണ് നിയമനം.   യോഗ്യത സോഷ്യല്‍ വര്‍ക്കില്‍മാസ്റ്റര്‍ ബിരുദം (മനഃശാസ്ത്രം). കൂടിക്കാഴ്ച  28 ന് രാവിലെ  11ന് മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍  നടക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കൃത്യസമയത്ത്  ഹാജരാകണം.

ധനസഹായം അനുവദിച്ചു 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും  ജില്ലയില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളായിരുന്ന ആര്‍ നാഗരാജന്‍, എ.വി ശശിധരന്‍, പി.സി ശശി എന്നിവരുടെ ആശ്രിതര്‍ക്ക് മരണാനന്തര സഹായം അനുവദിച്ചു.  50,000 രൂപ വീതമാണ്  അനുവദിച്ച് ഉത്തരവായതെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍  അറിയിച്ചു.

വനിതകള്‍ക്ക് പക്ഷി നിരീക്ഷണത്തില്‍ ശില്പശാല

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തില്‍  തിരഞ്ഞെടുത്ത വനിതകള്‍ക്കായി പക്ഷി നിരീക്ഷണത്തില്‍  രണ്ട് ദിവസത്തെ  പരിശീലനം “പക്ഷി നിരീക്ഷണത്തിന് സ്ത്രീ കൂട്ടായ്മ’’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. പക്ഷി നിരീക്ഷണത്തിലും പ്രകൃതി സംരക്ഷണത്തിലും തല്‍പരരായ വനിതകള്‍ക്ക് വേണ്ടിയുള്ള പരിപാടിയ്ക്ക് പക്ഷി നീരിക്ഷണ രംഗത്തെ പ്രഗത്ഭര്‍ നേതൃത്വം നല്‍കും.   താത്പര്യമുളളവര്‍ “പക്ഷി നിരീക്ഷണം പ്രകൃതി സംരക്ഷണത്തിന ്’’ എന്ന വിഷയത്തില്‍  ഒരു പേജില്‍ കവിയാത്ത ഒരു കുറിപ്പും വിശദമായ ബയോഡാറ്റയും സഹിതം പത്ത് ദിവസത്തിനകം  രജിസ്ട്രാര്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി-  680 653 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.  വിശദ വിവരങ്ങള്‍ക്ക്  ഡോ. കെ. വി.  മുഹമ്മദ് കുഞ്ഞി ,  സയന്റിസ്റ്റ് & ഹെഡ്, എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടമെന്റ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,  kunhikvm@gmail.com   മൊബൈല്‍: 9447126861 എന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ യാത്രാ കൂലിയും സര്‍ട്ടിഫിക്കറ്റും നല്‍കും.

മണ്‍സൂണിനെ വരവേല്‍ക്കാന്‍ സെമിനാര്‍ നടത്തി

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്  മണ്‍സൂണിനെ വരവേല്‍ക്കാന്‍ എന്ന പേരില്‍ ജൈവ വൈവിധ്യ സംരക്ഷണ സെമിനാര്‍ എരിഞ്ഞിപ്പുഴയോരത്ത്  കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദുമ ഉദ്ഘാടനം  ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ബി.എം പ്രദീപിന്റെ അദ്ധ്യക്ഷതവഹിച്ചു.  ജില്ലാ സെറിക്കള്‍ച്ചര്‍ ഓഫീസര്‍ അജയന്‍ പദ്ധതി വിശദീകരിച്ചു.  വിഷന്‍ ഗ്രീന്‍ എര്‍ത്ത് മൂവ്‌മെന്റ് സെക്രട്ടറി രാജന്‍ വേങ്ങാട്  സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ അവാഡ് ജോതാവ്  ഷാഹുല്‍ ഹമീദ് എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍  ഷാഹുല്‍ ഹമീദിനെ  കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു.   ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് ചെയര്‍പേഴ്‌സണ്‍  ഓമന രാമചന്ദ്രന്‍, കാറഡുക്ക ബ്ലോക്ക്  പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍മാരായ പി. ഓമന ,   എ.പി ഉഷ മെമ്പര്‍മാരായ ഉഷ.വി , കുഞ്ഞമ്പു നമ്പ്യാര്‍, സി.സുശീല ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.സുരേഷ് കുമാര്‍ , മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവന്‍ , മെമ്പര്‍മാരായ വി. പ്രേമാവതി, ഇ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം.മിനി സ്വാഗതവും വനിതാ ക്ഷേമ ഓഫീസര്‍ സി.കെ മോഹനദാസന്‍ നന്ദിയും പറഞ്ഞു.

വികലാംഗ സംരക്ഷണ നിയമം ബോധവത്ക്കരണ സെമിനാര്‍ ബുധനാഴ്ച

സാമൂഹിക നീതി വകുപ്പും  അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മീഷണറുടെ ഓഫീസും സംയുക്തമായി  വികലാംഗ അവകാശ സംരക്ഷണം, പൂര്‍ണ്ണ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിനുളള  1995 ലെ  വികലാംഗ സംരക്ഷണ നിയമത്തെ സംബന്ധിച്ച് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ ബുധനാഴ്ച കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുളള ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വികലാംഗ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍മാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റ് എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ പ്രസംഗിക്കും കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഡോ. ആശ, കാസര്‍കോട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ജലജാക്ഷി, അഡ്വ. ജയരാജന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

സിറ്റിങ്ങ് 26ന് 

ജില്ലാതല പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സിറ്റിംഗ് രാവിലെ 11ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഡിപിസി യോഗം 

ജില്ലാ ആസൂത്രണ സമിതിയുടെ യോഗം  25ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ധനസഹായം വിതരണം ചെയ്തു

ആര്‍.എസ്.ബി.വൈ- ചിസ് സ്മാര്‍ട്ട് കാര്‍ഡ് ഗുണഭോക്താവായ കുടുംബനാഥനോ നാഥയ്‌ക്കോ സംഭവിക്കുന്ന അപകടമരണങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന  രണ്ട് ലക്ഷം രൂപയുടെ മരണാനന്തര ധനസഹായം വിതരണം ചെയ്തു.  വാഹനാപകടങ്ങളില്‍ മരിച്ച  കൊഗ്ഗമണിയുടെ ഭാര്യ ഷൈലജയ്ക്കും ശങ്കരന്റെ വിധവ സാംബവിക്കുമാണ്  രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീതം വിതരണം ചെയ്തത്.  കാസര്‍കോട് ഫസ്റ്റ് ഗ്രേഡ് അസി. ലേബര്‍ ഓഫീസര്‍ കെ. മാധവന്‍ ചെക്ക് വിതരണം നടത്തി. ജൂനിയര്‍ സൂപ്രണ്ട് എ.വി അരവിന്ദന്‍, ചിയാക്ക് അസി.  കോഡിനേറ്റര്‍ എം സതീശന്‍ ഇരിയ എന്നിവര്‍ സംബന്ധിച്ചു.

ലഹരിവിരുദ്ധ ബോധവത്ക്കരണം 25ന് 

ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ  ഭാഗമായി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ  കണ്‍വീനര്‍മാരായ അധ്യാപകര്‍ക്കും  എക്‌സൈസ് വകുപ്പിലെ പരിശീലകരായ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ എക്‌സൈസ് വകുപ്പ് ബോധവത്ക്കരണ പരിശീലനം സംഘടിപ്പിക്കുന്നു. 25ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം . വിദ്യാര്‍ത്ഥി സമൂഹത്തെ  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും  പിടിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍  പ്രവര്‍ത്തിച്ചുവരുന്നത്.  ജില്ലാ ജഡ്ജി എം.ജെ ശക്തിധരന്‍ ഉദ്ഘാടനം  ചെയ്യും.  ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍  അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ. പി.പി ശ്യാമളാദേവി മുഖ്യാതിഥിയായിരിക്കും കാസര്‍കോട്  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ സ്വാഗതം പറയും.

കുടുംബശ്രീ സാന്ത്വനം ഇനി പുതിയ ബസ് സ്റ്റാന്റില്‍  

ആരോഗ്യ രംഗത്തെ കുടംബശ്രീയുടെ  പദ്ധതിയായ കുടുംബശ്രീ  സാന്ത്വനം ഹെല്‍ത്ത് സ്‌ക്രീനിംഗ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റ്  പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.  കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുളള  ഉദ്ഘാടനം നിര്‍വ്വഹിച്ചു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക , നഗരസഭാ  സിഡിഎസ് ചെയര്‍പേഴ്‌സണ്‍  ഷക്കീലാ മജീദ്, മെമ്പര്‍ സെക്രട്ടറി  രാജഗോപാലന്‍, എസ്ഡിഒ കരുണാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

അധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം 

അധ്യാപകര്‍ക്ക് 2015-16 അധ്യയന വര്‍ഷത്തെ ജില്ലാതല സ്ഥലം മാറ്റത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഈ മാസം 31 വരെ സമര്‍പ്പിക്കാം.  സ്ഥലം മാറ്റത്തിന് പ്രത്യേക  പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ആധികാരിക രേഖകളുടെ  സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍  സഹിതം  അപേക്ഷയുടെ  പ്രിന്റ് ഔട്ട്  ഏപ്രില്‍ നാലിനകം  കാസര്‍കോട്  വിദ്യഭ്യാസ ഉപഡയറക്ടറുടെ  ഓഫീസില്‍ എത്തിക്കണം.  
സര്‍ക്കാര്‍ അറിയിപ്പുകള്‍ 23/03/2015

ചൊവ്വാഴ്ച ലോക ക്ഷയരോഗദിനം: രോഗികള്‍ക്ക്  ജില്ലാ പഞ്ചായത്തിന്റെ കെത്താങ്ങ് 

ജില്ലയിലെ ക്ഷയരോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിയായ കൈത്താങ്ങിലൂടെ  ജില്ലാ പഞ്ചായത്ത് ഈ ക്ഷയരോഗദിനത്തില്‍  മാതൃകയാകുന്നു.  മാരകമായ  ക്ഷയരോഗം ബാധിച്ച  രോഗികള്‍ക്കാണ്  ജില്ലാ പഞ്ചായത്ത് സഹായഹസ്തം നല്‍കുന്നത്. ജില്ലാ പഞ്ചായതതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തെ  മറ്റു ജില്ലാ പഞ്ചായത്തുകളും ഈ പദ്ധതി ആവിഷ്‌ക്കരിക്കാനുളള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ തന്നെ ക്ഷയരോഗികള്‍ക്ക് വേണ്ടി പോഷകാഹാര പദ്ധതി ആവിഷ്‌ക്കരിച്ച ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത്.

മാരകമായ ക്ഷയരോഗങ്ങളായ എം ഡി ആര്‍, എക്‌സ് ഡി ആര്‍ എന്നിവ ബാധിച്ചവര്‍ക്ക് വീര്യം കൂടിയ മരുന്നുകളാണ് നല്‍കുന്നത്.  ഇവര്‍ക്ക് പോഷകാഹാരം കൂടി ലഭ്യമാക്കി മരണനിരക്ക്   കുറയ്ക്കുക എന്നതാണ് കൈത്താങ്ങ് ലക്ഷ്യമിടുന്നത്. 2013-14 വര്‍ഷത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലാ  ടിബി സെന്റര്‍ വഴിയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ   തെരഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന പോഷകാഹാര കിറ്റ്  ജില്ലാ ടിബി സെന്റര്‍ നേരിട്ട് രോഗികളുടെ വീടുകളില്‍ എത്തിക്കുന്നു. മാസംതോറും  10 കിലോ അരി, 3 കിലോ ചെറുപയര്‍, 2 കിലോ തുവരപരിപ്പ്, അരകിലോ വെളുത്തുളളി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ എന്നിവ അടങ്ങുന്ന കിറ്റാണ് രോഗികള്‍ക്ക് നല്‍കുന്നത്. മാസത്തില്‍ 27 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. എം ഡി ആര്‍ , എക്‌സ് ഡി ആര്‍ എന്നിവ ബാധിച്ചവര്‍ക്ക് രണ്ടു വര്‍ഷത്തെ ചികിത്സ ആവശ്യമാണ് . ഇതില്‍ ആദ്യത്തെ ആറുമാസം  ഞായറാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും ഇന്‍ജക്ഷനും  മരുന്നിനുമായി  പൂര്‍ണ്ണമായും ചെലവഴിക്കണം. ഈ കാലയളവില്‍ രോഗിക്ക്  മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. കൂടാതെ  ക്ഷയരോഗികള്‍ വീര്യമേറിയ മരുന്നുകള്‍ കഴിക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങളും കൂടുതലാണ്. ഈ സാഹചര്യത്തെ പോഷകാഹാരം നല്‍കി പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌ക്കിരിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടിയുളള തുക ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ് വകയിരുത്തുന്നത്. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി അടുത്ത സാമ്പത്തികവര്‍ഷത്തേക്കും തുക വകയിരുത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia