city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.08.2013

എന്‍ഡോസള്‍ഫാന്‍  മെഡിക്കല്‍ ക്യാമ്പില്‍ 668 പേരെത്തി

എന്‍ഡോസള്‍ഫാന്‍ തളിച്ചത് മൂലം രോഗം ബാധിച്ചവരുടെ പരിശോധനയ്ക്കായി  രാജപുരം ഹോളിഫാമിലി എച്ച് എസ് എസില്‍  ബുധനാഴ്ച സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 668  രോഗികളെ പരിശോധനയ്ക്ക് വിധേയരാക്കി. ക്യാമ്പില്‍ ഹാജരാകാന്‍ 723 പേര്‍ക്കാണ് അറിയിപ്പ് നല്‍കിയിരുന്നത്. നേരത്തെ വിവിധ പി.എച്ച്.സികളില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായ രോഗികളെയാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ഹാജരാകാന്‍ അറിയിപ്പ് നല്‍കിയത്.

ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ 11 സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍പ്പെട്ട 44 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. കിടപ്പിലായവരും  നടക്കാന്‍ വയ്യാത്തവരുമായ രോഗികളെ ക്യാമ്പില്‍ എത്തിക്കാന്‍ പ്രത്യേക ആംബുലന്‍സ് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ ക്യാമ്പ് വ്യാഴാഴ്ച ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്. എസിലും വെള്ളിയാഴ്ച പെര്‍ഡാല ജി എച്ച് എസ് എസിലും നടക്കും.

കളളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എച്ച് വിഘ്‌നേശ്വരഭട്ട്, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുപ്രിയ അജിത്കുമാര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍,  എന്‍ഡോസള്‍ഫാന്‍ പുനധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി കെ സുധീര്‍ ബാബു, എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, എന്‍ പി ആര്‍ പി ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എസ് നസീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍, ഡെപ്യൂട്ടി ഡി എം ഒ എം സി വിമല്‍രാജ്  എന്നിവര്‍ പങ്കെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട്ട് വോട്ടിങ്ങ് യന്ത്ര പരിശോധന തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി  കളക്ടറേറ്റില്‍ സീല്‍ ചെയ്ത മുറിയില്‍ സൂക്ഷിച്ചിരുന്ന  ഇലക്‌ട്രോണിക്‌സ് വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ആരംഭിച്ചു.  ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഹൈദ്രാബാദില്‍ നിന്നുളള  നാല് എഞ്ചിനീയര്‍മാരാണ്  പരിശോധന നടത്തുന്നത്. അടുത്ത നാല് ദിവസം പരിശോധന തുടരും. ജില്ലയിലെ  അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 787 പോളിംഗ് സ്റ്റേഷനുകളിലേക്ക് 1100 വോട്ടിംഗ് യന്തങ്ങളാണ്  ആവശ്യമുളളത്. നിലവില്‍ കളക്ടറേറ്റില്‍ 754 ഇലക്‌ട്രോണിക്‌സ് മെഷീനുകളും 46  ബാലറ്റ് യൂണിറ്റുകളുമുണ്ട്.

കൂടാതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 238 വോട്ടിംഗ് യന്ത്രങ്ങളുണ്ട്  കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 1300 വോട്ടിംഗ് യന്ത്രങ്ങളാണ് ആവശ്യമുളളത്. മെറ്റല്‍  ഡിറ്റക്ടര്‍ ഉള്‍പ്പെടെ  കനത്ത സുരക്ഷാ സംവിധാനമൊരുക്കിയാണ് പരിശോധന. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എന്‍ ദേവിദാസ്, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കയ്യൂര്‍ ഗവ. മോഡല്‍  ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്ക് മോട്ടോര്‍  വെഹിക്കിള്‍, വെല്‍ഡര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, പ്ലംബര്‍, മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടേയും അരിത്തമറ്റിക്-കം ഡ്രോയിംഗ് ഇന്‍സ്ട്രക്ടറുടേയും ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 29 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ ടി ഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04672-230980.

പി ജി ഡി സി എ കോഴ്‌സ് പ്രവേശനം

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റംസില്‍ പി ജി ഡി സി എ പ്രവേശനത്തിന് ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയോ, ഡിപ്ലോമ കോഴ്‌സോ പാസായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. 5000 രൂപയ്ക്ക് മുകളില്‍ വരുമാനമുളള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിന്റെ 50 ശതമാനവും 5000 രൂപയ്ക്ക് താഴെ വരുമാനമുളളവര്‍ക്ക് 75 ശതമാനവും ഫീസിളവ് ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനം ഫീസിളവും കൂടാതെ 10 ശതമാനം സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ കണ്ണൂര്‍ താളിക്കാവ് റോഡിലുളള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നിന്നും 10 രൂപയ്ക്ക് നേരിട്ടും 15 രൂപയ്ക്ക് മണിയോര്‍ഡര്‍ മുഖേനയും ആഗസ്റ്റ് 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31 നകം ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 0497 2709096.

കളക്ടറേറ്റും പരിസരവും ജീവനക്കാര്‍ ശുചീകരിച്ചു

ക്ലീന്‍ കാസര്‍കോട് പരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരം ഉദ്യോഗസ്ഥരും ജീവനക്കാരും ശുചീകരിച്ചു. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എ ഡി എം എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ  എന്‍ ദേവിദാസ്, ടി രാമചന്ദ്രന്‍,  വി പി മുരളീധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ ലോ ഓഫീസര്‍ സീതാരാമയ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, ജില്ലാ സപ്ലൈ ഓഫീസര്‍ വി എ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കളക്ടറേറ്റ് വളപ്പിലെ  കൊതുകിന്റെ ഉറവിട പ്രദേശങ്ങള്‍ നശിപ്പിച്ചു. ചെങ്കള പി എച്ച് സിയിലെ ആരോഗ്യ പ്രവര്‍ത്തകരും  ആശാവര്‍ക്കര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി.

അധ്യാപക ഒഴിവ്

ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒരു എന്‍ വി ടി ഇംഗ്ലീഷ് സീനിയര്‍ അധ്യാപക ഒഴിവുണ്ട്. വൊക്കേഷണല്‍ ടീച്ചര്‍  (എല്‍ എസ് എം) ഒഴിവിലേക്ക് ബി വി എസ് സി യോഗ്യതയുളളവരുടെ അഭാവത്തില്‍ എം എസ് സി സുവോളജി തത്തുല്ല്യ യോഗ്യതയോ ഉളളവരേയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.  വി എച്ച് എസ് ഇ (എല്‍ എസ് എം) ഉളളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച ആഗസ്റ്റ് 27 ന് രാവിലെ 11 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.

ആധാര്‍ രജിസ്റ്റര്‍ ചെയ്യണം

വിവിധ ക്ഷേമ ബോര്‍ഡുകളിലെ അംഗങ്ങള്‍ ആധാര്‍ നമ്പര്‍ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി സെപ്തംബര്‍ 30 വരെയാണ്.  നിശ്ചിത തീയതിക്കുളളില്‍  രജിസ്റ്റര്‍ ചെയ്യാത്ത അംഗങ്ങള്‍ക്ക്  യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല. ക്ഷേമനിധി ബോര്‍ഡിലെ  അംഗത്തൊഴിലാളികള്‍ അവരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി ഐഡന്റി കാര്‍ഡ്, ഒരു ഫോട്ടോ എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.

ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ്  വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ എസ് എസ് എല്‍ സി, എച്ച് എസ് സി വിഭാഗങ്ങളിലായി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്  വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്.

ജില്ലാ ഭാഗ്യക്കുറി  ക്ഷേമനിധി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി ബി പ്രസന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസര്‍ പി മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി പ്രഭാകരന്‍, കെ എം ശ്രീധരന്‍, ഉണ്ണികൃഷ്ണന്‍, വി ബി സത്യനാഥ, എന്നിവര്‍ സംസാരിച്ചു. എ യു ബാലകൃഷ്ണന്‍ സ്വാഗതവും എം കെ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.

കണക്ക് അധ്യാപക ഒഴിവ്

ഉദുമ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍  ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ജൂനിയര്‍  അധ്യാപകന്റെ ഒരു ഒഴിവിലേക്ക് ഓഗസ്റ്റ്  23 ന് 10 മണിക്ക് സ്‌ക്കൂള്‍  ഓഫീസില്‍  ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഫീസ് തുക തിരിച്ചു നല്‍കും

ഉദുമ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍  കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍  നടത്തിയ പരീക്ഷയ്ക്ക്  ഫീസ് അടച്ച ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്കുളള ഫീസ് തുക തിരിച്ചു നല്‍കുന്നു. ഇതിനുളള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 30 നകം സ്‌ക്കൂളില്‍ നിന്നും തുക കൈപ്പറ്റണമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എം ടെക് ക്ലാസുകള്‍ ആരംഭിക്കുന്നു

കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ  എം ടെക് (തെര്‍മല്‍  ആന്റ് ഫ്‌ളൂയിഡ് പ്രോസസ്സിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍  സെക്യൂരിറ്റി) ക്ലാസുകള്‍  സെപ്തംബര്‍ നാലിന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അപേക്ഷ  ക്ഷണിച്ചു

2013-15 വര്‍ഷത്തേക്കുളള സ്വാശ്രയ കോഴ്‌സില്‍ അവശേഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ എടുത്ത നൂറ് രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസില്‍ ആഗസ്റ്റ് 31നകം കിട്ടത്തക്കവണ്ണം അയക്കണം. കൂടാതെ ഗവണ്‍മെന്റ്, എയ്ഡഡ്, ടി ടി ഐകളിലേക്ക് മെരിറ്റ് സീറ്റിലേക്ക് അപേക്ഷിക്കുകയും എന്നാല്‍ പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് സ്വാശ്രയ ടി ടിയിലെ മെരിറ്റ് സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994- 255033.

അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ആഗസ്റ്റ് 23 ന് വാക്കിംഗ് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കാഞ്ഞങ്ങാട്  റെയില്‍വേ സ്റ്റേഷനു സമീപം എം.എ.എം. ആര്‍ക്കേഡിലെ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ ഓഫീസില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഇന്റര്‍വ്യു.  യോഗ്യത സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിഗില്‍ അംഗീകൃത  സര്‍വ്വകാലാശാല ബിരുദം. സ്റ്റൈപ്പെന്റ്പ്രതിമാസം 10,000 രൂപ. ഉദേ്യാഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫീക്കറ്റുകള്‍  പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം.

ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു

കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 27 ന് രാവിലെ 11ന്്  ഹോസ്ദുര്‍ഗ്ഗിലെ ജില്ലാ മെഡിക്കലാഫീസില്‍ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അംഗീകൃതസര്‍വ്വകലാശാലയില്‍ നിന്നും ഡി എം എല്‍ ടി കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ ഫോട്ടോകോപ്പിയും, ബയോഡാറ്റയും ഹാജരാക്കണം.

അപേക്ഷ തീയതി നീട്ടി

നീലേശ്വരം പ്രാദേശിക കാര്‍ഷിക ഗവേഷണ കേമ്പ്രത്തിലെ നീര പ്രൊജക്ടിലേക്ക് നീര ടെക്‌നീഷ്യന്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഓഗസ്റ്റ് 24 വരെ നീട്ടി.

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കും

നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍  കാര്‍ഡിനുളള  അപേക്ഷകളും നിലവിലുളള തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷകളും ആഗസ്റ്റ് 24  രാവിലെ 10 മുതല്‍  ഉച്ചയ്ക്ക് രണ്ട് വരെ കാസര്‍കോട് കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍  സ്വീകരിക്കും. പാസ്‌പോര്‍ട്ട് കോപ്പി,  രണ്ട് ഫോട്ടോ, നിലവിലുളള വിസ കോപ്പി, മുന്നൂറ് രൂപ ഫീസ്  എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അറ്റസ്റ്റേഷന്‍ കണ്ണൂരില്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സെപ്തംബര്‍ നാല്, പതിനൊന്ന് തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടത്തും. ആ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.

കാറ്റടിക്കാന്‍ സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സ്

കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. പ്രായപരിധി 27 വയസ്. എഴുത്തു പരീക്ഷയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷ ഫോറം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  നിന്നോ www.ksjms.org വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.  കെ എസ് എഫ് ഡി സി ലിമിറ്റഡ് തിരുവനന്തപുരം 150 രൂപയുടെ ഡി ഡി സഹിതം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9947131358, 8714116898.

കുമ്പള ചാമ്പ്യന്‍മാര്‍

കാസര്‍കോട് ബ്ലോക്ക്തല സ്വാമിവിവേകാനന്ദ  പൈക്ക കായിക മത്സരങ്ങള്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍  സമാപിച്ചു. ഗെയിംസ് ഇനങ്ങളിലും അത്‌ലറ്റിക്‌സ് ഇനങ്ങളിലുമായി കൂടുതല്‍  പോയിന്റ് നേടിയ കുമ്പള  ഗ്രാമപഞ്ചായത്തിനെയാണ് ഏറ്റവും നല്ല സ്‌പോര്‍ട്‌സ് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത്.

128 പോയിന്റോടെ കുമ്പള ഓവറോള്‍ കിരീടം കരസ്ഥമാക്കി. ചെങ്കള ഗ്രാമപഞ്ചായത്ത് 94 പോയിന്റ് നേടി രണ്ടും മധൂര്‍ 73 പോയിന്റ് നേടി മൂന്നും സ്ഥാനങ്ങള്‍ നേടി. 19 ന് ഗെയിംസ് ഇനങ്ങളിലെ വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  മുംതാസ് ഷുക്കൂര്‍  സമ്മാനദാനം നിര്‍വ്വഹിച്ചു. സമാപന ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എച്ച് റംല ഓവറോള്‍ സമ്മാനം വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അച്യുതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരളീധരന്‍ പാലാട്ട് സംസാരിച്ചു.

ഇ-ആധാര്‍  ക്യാമ്പ്

പെരുമ്പള സ്‌പോര്‍ട്ടിങ്ങ് ക്ലബിന്റേയും നെഹ്‌റു യുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തില്‍ ആധാര്‍ കാര്‍ഡില്‍ പേര് ചേര്‍ത്തിട്ടും കാര്‍ഡ് ലഭിക്കാത്തവര്‍ക്കായി ആധാര്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന ഇ ആധാര്‍ കാര്‍ഡിന്  ലഭ്യമാക്കുന്ന ക്യാമ്പ് ആഗസ്റ്റ് 25 ന് രാവിലെ  പത്ത് മണി മുതല്‍ പെരുമ്പള സ്‌പോര്‍ട്ടിങ്ങ് ക്ലബില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895754585, 9633410006.

കാറഡുക്ക  ബ്ലോക്ക്തല  പൈക്ക മത്സരം ആരംഭിച്ചു

കാറഡുക്ക ബ്ലോക്ക്തല സ്വാമി വിവേകാനന്ദ  പൈക്ക മത്സരങ്ങളുടെ അത്‌ലറ്റ് ഇനങ്ങള്‍ കുണ്ടംകുഴി ജി.എച്ച്.എസ്.എസ് മൈതാനിയില്‍ ആരംഭിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളില്‍  നിന്നായി 200 ഓളം കായിക താരങ്ങള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം .മിനി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .അനന്തന്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഓമന, സജു അഗസ്റ്റിന്‍, പായം സുകുമാരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി  മുരളീധരന്‍ പാലാട്ട് എന്നിവര്‍ ആശംസ നേര്‍ന്നു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.കാര്‍ത്യായനി സ്വാഗതവും, കെ. രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.ഗെയിംസ് മത്സരങ്ങള്‍ ആഗസ്ത് 23ന് കുറ്റിക്കോലില്‍ നടക്കുന്നതാണ്.
Kasaragod, Kerala, Annual Fest, waste, Campaign, Competition, Sports

നികുതി അടക്കണം

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ഒടുക്കുവാനുളള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീ, പരസ്യ നികുതി എന്നിവ ഒടുക്കുവാന്‍ ബാക്കിയുളള മുഴുവന്‍ ഉപഭോക്താക്കളും സെപ്തംബര്‍ 30 നകം  നികുതി പഞ്ചായത്ത് ഓഫീസില്‍ ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ആധാര്‍ കാര്‍ഡ്, എന്റോള്‍മെന്റ് പകര്‍പ്പ് ഹാജരാക്കുവാന്‍ ബാക്കിയുളള മുഴുവന്‍ പെന്‍ഷന്‍ ഉപഭോക്താക്കളും സെപ്തംബര്‍ 15 നകം പകര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. അല്ലാത്ത പക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് തടസ്സം നേരിടും.

പോലീസ് സ്റ്റേഷനുകളില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കും   

കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള കേസുകളില്‍  അവരെ ചോദ്യം ചെയ്യുന്നതും തെളിവെടുക്കുന്നതും താലൂക്ക് നിയമസേവന കമ്മിറ്റിയുടെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ പാരാലീഗല്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മാത്രം നടത്താന്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ഇതിനായി ഓരോ പാരാലീഗല്‍ വളണ്ടിയര്‍മാരെ ഓരോ പോലീസ് സ്റ്റേഷനിലേയ്ക്ക് നിയമിച്ചു കഴിഞ്ഞു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും ചൈല്‍ഡ്‌ലൈനും സംയുക്തമായാണ് ഈ പദ്ധതിയിക്ക് രൂപം നല്‍കിയിരിക്കുന്നത്.

കാഞ്ഞങ്ങാട് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ചൈല്‍ഡ്‌ലൈനിന്റേയും സംയുക്താഭിമുഖ്യത്തില്‍ രൂപീകരിച്ച ജുവൈനല്‍ ജസ്റ്റിസ് ഫോറം ആന്‍ഡ് മോണിറ്ററിങ്ങ് സെല്‍ കുട്ടികള്‍ക്കെതിരെയുള്ള പീഢനങ്ങളുമായി ബന്ധപ്പെട്ട്  ഇതുള്‍പ്പെടെ അഞ്ച് നൂതനമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. കുട്ടികള്‍ക്കെതിരായ പീഢനങ്ങളിന്മേല്‍ നടപടികളെടുക്കാനും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളെ നിയമപരിരക്ഷ നല്‍കി, ബോധവല്‍ക്കരണത്തിലൂടെ സുരക്ഷിതരാക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്‍ സ്‌കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലും നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് എല്ലാ സ്‌കൂളുകളിലും വിദഗ്ദ്ധരായ മനശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാനും ഫോറം തീരുമാനിച്ചു.

എല്ലാ പഞ്ചായത്തുകളിലും ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാനുള്ള  നടപടികളും സെല്ലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കുട്ടികള്‍ക്കെതിരായുള്ള  അതിക്രമങ്ങള്‍, അതിക്രമങ്ങള്‍, ബാലവേല തുടങ്ങിയവ അന്വേഷിച്ച് നടപടികളെടുക്കാനും ക്ലിനിക്കുകള്‍ക്ക് അധികാരമുണ്ട്. രക്ഷിതാക്കളുടെ ക്രൂരമായ ശിക്ഷണങ്ങളും പീഢനങ്ങളുടെ പരിധിയില്‍പ്പെടുത്തിയാണ് അന്വേഷണം നടത്തുക.

കാസര്‍ഗോഡ് ചൈല്‍ഡ് ലൈനുമായി സഹകരിച്ച് പഞ്ചായത്തുകളില്‍ ശിശു സൗഹൃദ പഞ്ചായത്ത് എന്നൊരു പദ്ധതിക്കും തുടക്കമിട്ടു കഴിഞ്ഞു. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരികയാണെങ്കില്‍ അതാത് പഞ്ചായത്തുകളില്‍ വച്ചു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും കൈകോര്‍ത്താണ് ഇത്തരമൊരു പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക.

നിറവില്‍ പച്ചക്കറി വാങ്ങാന്‍ തിരക്കേറുന്നു

പച്ചക്കറികള്‍ക്ക് വില കുത്തനെ ഉയരുമ്പോള്‍, ഉപഭോക്താവിന് ആശ്വാസമായി മാറിയിരിക്കുകയാണ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന  നിറവ് പച്ചക്കറി മേള. കമ്പോളവിലയേക്കാള്‍ 30 ശതമാനം വില കുറവിലാണ് ഇവിടെ പച്ചക്കറി ലഭിക്കുന്നത്. കൂടാതെ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളാണ്  വിറ്റഴിക്കുന്നത്. ഇഞ്ചി തൊട്ട് ചേന വരെയുള്ള 32 പച്ചക്കറിയിനങ്ങള്‍ ഇവിടെ സുലഭമാണ്.    കൃഷി വകുപ്പിന്റെ സഹകരണത്തോടെ കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലാണ് മേള സംഘടിപ്പിക്കുന്നത്. വി എഫ് പി സി കെ ഓണത്തോടനുബന്ധിച്ച് ജില്ലയിലാരംഭിച്ച ആദ്യ പച്ചക്കറി മേള കൂടിയാണിത്. പൊതുവിപണിയില്‍ സവാളയ്ക്ക് 55 രൂപയാണെങ്കില്‍ ഇവിടെ 38.50 രൂപയ്ക്കും, 58 രൂപ വിലയുള്ള പച്ചക്കായ 40.60 രൂപയ്ക്കും ലഭിക്കും. മേളയില്‍ വില്‍ക്കുന്ന പച്ചക്കറിയിനങ്ങളുടെ വിലയും ബ്രാക്കറ്റില്‍ കമ്പോളവിലയും താഴെക്കൊടുക്കുന്നു.

ചെറിയ ഉള്ളി-47.60രൂപ (68), വെളുത്തുള്ളി- 32. 20 രൂപ (46), ഉരുളക്കിഴങ്ങ്- 16.10 രൂപ (23), കാരറ്റ്- 39.20 രൂപ (56), ബീറ്റ്‌റൂട്ട്- 21.60 രൂപ (30), കാബേജ്- 26 രൂപ (38), ബീന്‍സ്- 21 രൂപ (30), പയര്‍- 30.80 രൂപ (44), വെണ്ടയ്ക്ക- 21 രൂപ (30), പീച്ചില്‍ 21 (30), തക്കാളി- 12.60 രൂപ (18), മുരിങ്ങയ്ക്ക- 22.40 രൂപ (32), പാവയ്ക്ക 32.20 രൂപ (46), കോവയ്ക്ക- 23.20 രൂപ (34), ചേന-22.40 (32), വെള്ളരി-15.40 (22), കുമ്പളം- 22.40 (32), കക്കിരി-14 രൂപ (20), മത്തന്‍-14 രൂപ (20), പടവലം-23.80 (34), പച്ചക്കായ- 40.60 (58), ഇഞ്ചി- 49 (70), വഴുതന- 21 രൂപ (30), പച്ചമുളക്- 54.60 (78), ഏത്തപ്പഴം-40.60 രൂപ(58). ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ മേള പ്രവര്‍ത്തിക്കുന്നു. അമ്പലത്തുകര, പെരിയ, പള്ളിക്കര എന്നിവിടങ്ങളിലെ സ്വാശ്രയ കര്‍ഷകസമിതിക്ക് കീഴിലുള്ള കര്‍ഷകരില്‍ നിന്നും പച്ചക്കറി വാങ്ങിയാണ് ഇവിടെ വില്പന നടത്തുന്നത്. കര്‍ഷകരില്‍ നിന്നും പച്ചക്കറി വാങ്ങുമ്പോള്‍ അവരുടെ പച്ചക്കറിയിനങ്ങള്‍ക്ക് കമ്പോള വില നല്‍കുന്നുവെന്നത് കര്‍ഷകര്‍ക്കും ആശ്വാസമേകുന്നു. ഇത് കൂടാതെ പച്ചക്കറി മേളയിലേക്ക് ദിവസവും മൊത്ത വ്യാപാരികളില്‍ നിന്നും പച്ചക്കറി വാങ്ങുന്നുണ്ട്. 12 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന ദിനംപ്രതി 90,000 രൂപയുടെ വില്പന നടത്തുന്നുണ്ട്. അമ്പലത്തുകര സ്വാശ്രയ കര്‍ഷക സമിതിയുടെ മേല്‍നോട്ടത്തിലാണ് പച്ചക്കറിമേള പ്രവര്‍ത്തിക്കുന്നത്.

മേളയുടെ മുമ്പില്‍ ഉപഭോക്താക്കള്‍ക്ക് കാണാവുന്ന രീതിയില്‍  പച്ചക്കറികളുടെ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പട്ടിക നോക്കി ആവശ്യമുള്ള പച്ചക്കറികളുടെ തൂക്കം പൂരിപ്പിച്ചു നല്‍കാവുന്നതാണ്. പച്ചക്കറി വാങ്ങിയതിനു ശേഷം തുക അടയ്ക്കുവാന്‍ പ്രത്യേക കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 25 ന് തുടങ്ങിയ സെപ്തംബര്‍ 15 ന് സമാപിക്കുമെന്ന് അമ്പലത്തുകര സ്വാശ്രയ കര്‍ഷക സമിതി പ്രസിഡണ്ട് കെ.പി. രാഘവന്‍ പറഞ്ഞു.

റോഡ് അറ്റകുറ്റ പണി അവലോകനം വെള്ളിയാഴ്ച

ജില്ലയില്‍ കാലവര്‍ക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം തകര്‍ന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ കുഴിയടയ്ക്കല്‍ അടക്കമുള്ള അറ്റകുറ്റപ്പണികള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുതലായവയുടെ പുരോഗതി ആഗസ്ത് 23 ന് 10 മണിക്ക് കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം അവലോകനം ചെയ്യും.

യോഗത്തില്‍ ജില്ലയിലെ എം എല്‍ എ മാര്‍, എം പിമാര്‍, ജില്ലാ കളക്ടര്‍, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവരും പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

കാസര്‍കോട് ഗവ കോളേജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം

കാസര്‍കോട് ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍  ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 26ന് തിങ്കളാഴ്ച്ച രാവിലെ 10.30 മണിക്ക് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തരബിരുദമാണ് കുറഞ്ഞ യോഗ്യത. യു ജി സിയുടെ നെറ്റ്, പി എച്ച് ഡി, എംഫില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

പോര്‍ട്ട് കടവ് മണല്‍ ബുക്കിംഗ് നിര്‍ത്തി

കാസര്‍കോട് തുറമുഖ പരിധിയില്‍ അഴിമുഖ ചാലില്‍ നിന്നും പോര്‍ട്ട് കടവുകളില്‍ നിന്നും മാന്വല്‍ ഡ്രഡ്ജിംഗ് വഴി മണല്‍ നീക്കം ചെയ്യുന്നതിന് 2013-14 വര്‍ഷത്തേക്ക് അനുമതി ലഭിക്കുന്നതിനുളള ടെണ്ടര്‍  നടപടികള്‍  സ്വീകരിച്ചിട്ടുളളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പോര്‍ട്ട് കടവുകളിലേക്കുളള മണല്‍ ബുക്കിംഗ്  ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടവുകളിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാംരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. പുഴമണലിനുളള ഓണ്‍ലൈന്‍ ബുക്കിംഗ് തുടരും.

Also read:
കേരളത്തില്‍ ശ്രദ്ധിക്കേണ്ട സീറ്റുകളെത്ര; ബി.ജെ.പിക്ക് ആശയക്കുഴപ്പം, മോഡി ഭയം

Keywords:  Kasaragod, Kerala, Annual Fest, waste, Campaign, Competition, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia